ഹൈദരാബാദ്:ഇന്ത്യയിലെ പ്രായപൂര്‍ത്തിയായവരില്‍ ഭൂരിഭാഗം പേരും വ്യായാമം ചെയ്യുന്നില്ലെന്ന് പഠനം. സ്ത്രീകളാണ് ഇക്കാര്യത്തില്‍ പിന്നാക്കം നിൽക്കുന്നത്. 57 ശതമാനം സ്ത്രീകൾ വ്യായാമം ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ പുരുഷന്മാരിൽ ഇത് വെറും 42 ശതമാനമാണ്. ദക്ഷിണേഷ്യയിലെ എല്ലാ രാജ്യങ്ങളിലും ഇതേ പ്രവണത നിലനിൽക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
2022ലെ വ്യായാമത്തെക്കുറിച്ചുളള പഠനം നടത്തിയത് ലോകാരോഗ്യ സംഘടന (ഡബ്യുഎച്ച്‌ഒ) അടക്കമുള്ള നിരവധി അന്താരാഷ്ട്ര ഗവേഷകരാണ്. ഈ പഠനം അടുത്തിടെ 'ദ ലാൻസെറ്റ് ഗ്ലോബൽ ഹെൽത്ത്' ജേർണലിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇത് അനുസരിച്ച്, ദക്ഷിണേഷ്യൻ രാജ്യങ്ങളിലുളളവരാണ് ഒട്ടും തന്നെ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാത്തതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വരാനിരിക്കുന്ന പ്രമേഹ ഭീഷണി:ആഗോളതലത്തിൽ മുതിർന്നവരിൽ 31 ശതമാനം പേർക്കും ആഴ്‌ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും മിതമായ വ്യായാമമോ 75 മിനിറ്റ് വീര്യമുള്ളതോ ആയ വ്യായാമമോ ലഭിക്കുന്നില്ല. 2010 ൽ വ്യായാമത്തോട് വിമുഖത കാണിക്കുന്നവർ 26.4 ശതമാനമായിരുന്നെങ്കിലും ഇപ്പോൾ 31 ശതമാനത്തിലെത്തിയിരിക്കുന്നത് ആശങ്കാജനകമാണ്.