കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും മഞ്ഞപ്പിത്തം വ്യാപിക്കുന്നു. നിരവധി കേസുകളാണ് ഓരോ ദിവസവും പുതുതായി എത്തുന്നത്. ഗ്രാമീണ മേഖലകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും
സ്വകാര്യ ആശുപത്രികളിലുമെല്ലാം നിരവധി രോഗികൾ മഞ്ഞപ്പിത്തത്തിൻ്റെ ലക്ഷണങ്ങളുമായി ചികിൽസ തേടി എത്തുന്നുണ്ട്. ജില്ലയിൽ കോഴിക്കോട് കോർപ്പറേഷനു കീഴിലുള്ള കൊമ്മേരിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തത്.
കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ 42 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതിൽ 32 പേർ ഇപ്പോഴും ചികിത്സ തുടരുകയാണ്. കൊമ്മേരിയിൽ ഇന്നലെ മൂന്ന് പേർക്കാണ് പുതുതായി രോഗബാധ ഉണ്ടായത്. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ട്. എന്നാൽ മിക്കവരുടെയും മഞ്ഞപ്പിത്ത ബാധയുടെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. രോഗലക്ഷണമുള്ള മിക്കവർക്കും വെള്ളത്തിൽ നിന്നാണ് രോഗബാധ ഉണ്ടാവുന്നത് എന്നാണ് പ്രാഥമിക നിഗമനം.