ചില ആളുകളിൽ ഒരു ദിവസം മുഴുവൻ ക്ഷീണം, ഉത്സാഹക്കുറവ് എന്നിവ അനുഭവപ്പെടാറുണ്ട്. ഒരു ജോലിയും ചെയ്യാൻ കഴിയാത്ത വിധം നിങ്ങളുടെ ശരീരം തളർച്ച നേരിടുന്നെങ്കിൽ ഉടൻ തന്നെ ഹീമോഗ്ലോബിൻ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. രക്തത്തിൽ ചുവന്ന രക്താണുക്കൾ (ആർബിസി) അഥവാ ഹീമോഗ്ലോബിൻ അളവ് കുറയുന്ന അവസ്ഥയാണ് അനീമിയ അല്ലെങ്കിൽ വിളർച്ച. അനീമിക്കായ ഒരാളിൽ രക്തകോശങ്ങളുടെ അളവ് സാധാരണ നിലയിൽ താഴെയായിരിക്കും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലും കുട്ടികളിലുമാണ് ഇത് കൂടുതലായി ബാധിക്കുന്നത്. സ്ത്രീകളിൽ ആർത്തവചക്രമാണ് അനീമിയ ഉണ്ടാകാൻ പ്രധാന കാരണം. എന്നാൽ ഭക്ഷണക്രമത്തിൽ നല്ല പോഷകാഹരങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ ഹീമോഗ്ലോബിൻ അളവ് കുറയാതെ നിലനിർത്താൻ സാധിക്കും.
ശരീരത്തിലേക്ക് ഓക്‌സിജൻ എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന ചുവന്ന രക്താണുക്കളിൽ അടങ്ങിയിരിക്കുന്ന ഒരു തരം പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഇരുമ്പിൻ്റെ കുറവ് മൂലമാണ് സ്ത്രീകളിൽ വിളർച്ചയുണ്ടാകാൻ കാരണമെന്ന് സർ ഗംഗാറാം ഹോസ്‌പിറ്റലിലെ ഇൻ്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടൻ്റ് ഡോ മൊഹ്‌സിൻ വാലി പറയുന്നു. ഭക്ഷണത്തിൽ നിന്ന് ആവശ്യമായ അയേൺ ലഭിക്കാതെ വരുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ഭൂരിഭാഗം ഗ്രാമപ്രേദേശങ്ങളിലെയും അമ്മമാർ നേരിടുന്ന ഒരു സാധാരണ പ്രശ്‌നമായി വിളർച്ച മാറിക്കഴിഞ്ഞു. ആരോഗ്യം സംബന്ധിച്ചുള്ള ശ്രദ്ധക്കുറവും വിറ്റാമിൻ, ധാതുക്കൾ എന്നിവയുടെ അഭാവവും മൂലമാണ് ഇവരിൽ വളർച്ച ബാധിക്കുന്നത്.
അയേൺ അളവ് കുറയുമ്പോൾ ശരീരം പല ലക്ഷണങ്ങളും കാണിക്കാറുണ്ട്. അതിൽ പൊതുവെ കാണപ്പെടുന്ന ഒന്നാണ് ക്ഷീണം. ഇതിനു പുറമെ തലവേദന അസ്വസ്ഥത എന്നിവയും അനുഭവപ്പെടാറുണ്ട്. അയേണിന്‍റെ കുറവ് വയറിൽ അൾസറിനും കാരണമാകാറുണ്ട്. ഇന്ന് 30 മുതൽ 40 ശതമാനം വരെ ഇന്ത്യക്കാർ ഇരുമ്പിൻ്റെ കുറവ് അനുഭവിക്കുന്നുന്നവരാണെന്ന് ഡോ മൊഹ്‌സിൻ പറഞ്ഞു.