കേരളം

kerala

ETV Bharat / health

കൊളസ്‌ട്രോളും പ്രമേഹവും നിയന്ത്രിക്കാൻ കഴിക്കാം ഈ സൂപ്പർഫുഡ്

ദിവസേന മിതമായ അളവിൽ കശുവണ്ടി കഴിക്കുന്നത് ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകും. അവ എന്തൊക്കെയെന്ന് അറിയാം.

CASHEW NUTS HEALTH BENEFITS  കശുവണ്ടിയുടെ ആരോഗ്യ ഗുണങ്ങൾ  REASONS TO ADD CASHEWS TO YOUR DIET  HEALTH BENEFITS OF CASHEW NUT
Representative Image (Freepik)

By ETV Bharat Health Team

Published : 18 hours ago

നിരവധി പോഷക ഗുണങ്ങളാൽ സമ്പുഷ്‌ടമാണ് കശുവണ്ടി. നാരുകൾ, വിറ്റാമിനുകൾ, പ്രോട്ടീൻ, മിനറൽസ്, ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം, മാഗ്നീസ്, ഫോസ്‌ഫറസ്, സിങ്ക്, കോപ്പർ എന്നിവ കശുവണ്ടിയിൽ അടങ്ങിയിട്ടുണ്ട്. പായസം മുതൽ ബിരിയാണിയിൽ വരെ കശുവണ്ടി ഉപയോഗിക്കാറുണ്ട്. ഗ്ലൈസമിക് സൂചിക കുറവായതിനാൽ പ്രമേഹ രോഗികൾക്ക് സുരക്ഷിതമായി കഴിക്കാവുന്ന മികച്ച ഒരു ഭക്ഷണമാണിത്. കശുവണ്ടിയിൽ അടങ്ങിയിട്ടുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ട്രൈഗ്ലിസറൈഡിൻ്റെ അളവ് കുറയ്ക്കാൻ ഗുണം ചെയ്യും. ഇത് ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. ദിവസേന നാലോ അഞ്ചോ കശുവണ്ടി കഴിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.

കൊളസ്‌ട്രോൾ കുറയ്ക്കും

കശുവണ്ടിയിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതിനാൽ പതിവായി കശുവണ്ടി കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോൾ വർധിപ്പിക്കാനും സഹായിക്കും. ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാനും കശുവണ്ടി സഹായിക്കുമെന്ന് 2017 ൽ ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. വീക്കം കുറയ്ക്കാനും രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യും.

ശരീരഭാരം നിയന്ത്രിക്കും

കശുവണ്ടിയിൽ കലോറി കൂടുതൽ അടങ്ങിയിട്ടുണ്ടെങ്കിലും ശരീരഭാരം നിയന്ത്രിക്കാൻ ഇത് ഉത്തമമാണ്. നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ അമിത വിശപ്പ് തടയാനും സഹായിക്കും. സമീകൃതാഹാരമായ കശുവണ്ടി മിതമായ അളവിൽ കഴിക്കുന്നത് ശരീരഭാരം വർധിക്കാൻ കരണമാകില്ലെന്ന് 2018 ൽ അമേരിക്കൻ കോളേജ് ഓഫ് ന്യൂട്രീഷൻ്റെ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം വെളിപ്പെടുത്തി.

എല്ലുകളുടെ ആരോഗ്യം

മഗ്നീഷ്യം, കോപ്പർ, ഫോസ്‌ഫറസ് എന്നീ ധാതുക്കളാൽ സമ്പുഷ്‌ടമാണ് കശുവണ്ടി. ഇത് എല്ലുകളുടെ ആരോഗ്യം നിലനിത്താൻ സഹായിക്കും. എല്ലുകളുടെ രൂപീകരണത്തിനും ഓസ്റ്റിയോപൊറോസിസ് പോലുള്ള അസ്ഥി രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും കശുവണ്ടി ഗുണം ചെയ്യും.

പ്രമേഹം നിയന്ത്രിക്കും

ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ, പ്രോട്ടീൻ എന്നിവ കശുവണ്ടിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഗ്ലൈസമിക് സൂചികയും വളരെ കുറവാണ്. അതിനാൽ പ്രമേഹ രോഗികൾക്ക് ലഘുഭക്ഷണമായി കഴിക്കാവുന്ന മികച്ചൊരു ഭക്ഷണമാണ് കശുവണ്ടി. പതിവായി ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കും.

കണ്ണുകളുടെ ആരോഗ്യം

കശുവണ്ടിയിൽ ല്യൂട്ടിൻ, സിയാക്‌സാന്തിൻ എന്നീ ആൻ്റി ഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ തടയാനും കശുവണ്ടി ഗുണം ചെയ്യും. കണ്ണിന്‍റെ കാഴ്‌ച നിലനിർത്താനും കശുവണ്ടി സഹായിക്കും.

ചർമ്മത്തിന്‍റെ ആരോഗ്യം

കൊളാജൻ, എലാസ്റ്റിൻ എന്നിവയുടെ ഉത്പാദനത്തിന് അത്യന്താപേക്ഷിതമായ കോപ്പർ കശുവണ്ടിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻ്റെ ഇലാസ്‌തികത നിലനിർത്തുന്നതിനും ചുളിവുകളെ ചെറുക്കാനും കശുവണ്ടി സഹായിക്കും. അകാല വാർദ്ധക്യം തടയാനും ഇത് ഫലപ്രദമാണ്.

കുടലിൻ്റെ ആരോഗ്യം

നാരുകളുടെ സമ്പന്ന ഉറവിടമാണ് കശുവണ്ടി. ഇത് ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കും. വയറ്റിലെ ആരോഗ്യകരമായ ബാക്‌ടീരിയയുടെ വളർച്ചയെ സഹായിക്കുകയും കുടലിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഇത് ഗുണകരമാണ്.

ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : പ്രമേഹം, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാം; ഈ പഴം ഡയറ്റിൽ ഉൾപ്പെടുത്തൂ...

ABOUT THE AUTHOR

...view details