കേരളം

kerala

ETV Bharat / health

ദിവസേന ഒരു ഗ്ലാസ് പാൽ കുടിക്കൂ; കുടൽ കാൻസർ സാധ്യത കുറയ്ക്കുമെന്ന് പഠനം - MILK CUTS BOWEL CANCER RISK

കാൽസ്യം കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണപാനീയങ്ങൾ ദിവസേന കഴിക്കുന്നത് കുടൽ കാൻസർ സാധ്യത കുറയ്ക്കുമെന്ന് പഠനം. അറിയാം വിശദമായി.

MILK REDUCES RISK OF COLON CANCER  MILK CUTS BOWEL CANCER RISK  കുടൽ കാൻസർ  BENEFITS OF CALCIUM RICH FOODS
Representative Image (ETV Bharat)

By ETV Bharat Health Team

Published : 18 hours ago

ദിവസേന പാൽ കുടിക്കുന്നത് വഴി കുടൽ കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം. ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന മൂന്നാമത്തെ കാൻസറാണിത്. ദിവസേന ഒരു ഗ്ലാസ് പാൽ കുടിക്കുന്നതിലൂടെ കുടൽ കാൻസർ സാധ്യത 17 ശതമാനം കുറയ്ക്കാൻ കഴിയുമെന്ന് കാൻസർ റിസർച്ച് യുകെയും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരും നടത്തിയ ഗവേഷണത്തിൽ പറയുന്നു.

16 വർഷം കൊണ്ട് 5 ലക്ഷത്തിൽ അധികം സ്ത്രീകളുടെ ഭക്ഷണക്രമം വിശകലനം ചെയ്‌ത ശേഷമാണ് ഗവേഷകർ ഇത് കണ്ടെത്തിയത്. പാലിന് പുറമെ ഇരുണ്ട ഇലക്കറികൾ, ബ്രെഡ്, കാത്സ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ എന്നിവയും കുടൽ കാൻസറിൽ നിന്ന് സംരക്ഷണം നൽകുന്നതായും ഗവേഷകർ കണ്ടെത്തി.

ദിവസവും ഒരു വലിയ ഗ്ലാസ് വൈനോ അല്ലെങ്കിൽ മദ്യമോ കഴിക്കുന്നത് കാൻസറിനുള്ള അപകട സാധ്യത 15 ശതമാനം വർധിപ്പിക്കുമെന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കൂടാതെ പതിവായി അമിത അളവിൽ സംസ്‌കരിച്ചതോ ചുവന്നതോ ആയ മാംസം കഴിക്കുന്നതും അപകട സാധ്യത 8 ശതമാനം വർധിക്കാൻ ഇടയാക്കും.

കുടലിലെ കാൻസർ വികാസം തടയാനും കാത്സ്യം അടങ്ങിയ പാൽ ഉത്പന്നങ്ങൾ സഹായിക്കുമെന്ന് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ പഠനത്തിന് നേതൃത്വം നൽകിയ ഡോ കെരെൻ പാപ്പിയർ പറഞ്ഞു. പഴങ്ങൾ, ധാന്യങ്ങൾ, കാർബോഹൈഡ്രേറ്റ്, ഫൈബർ, വിറ്റാമിൻ സി എന്നിവയും കാൻസർ സാധ്യത ചെറിയ തോതിൽ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം ചൂണ്ടി കാട്ടുന്നു. എന്നാൽ ചീസ്, ഐസ്ക്രീം എന്നിവയിൽ സമാന ഗുണം കണ്ടെത്താൻ സാധിച്ചിട്ടില്ല.

കാത്സ്യത്തിന്‍റെ ഗുണങ്ങൾ

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ധാതുവാണ് കാത്സ്യം. കുടൽ കാൻസറിനെ ചെറുക്കാൻ കാത്സ്യം സഹായിക്കുമെന്ന് പുതിയ പഠനങ്ങൾ തെളിയിച്ചു. വൻകുടലിലെ പിത്തരസ ആസിഡുകളെയും സ്വതന്ത്ര ഫാറ്റി ആസിഡുകളെയും ബന്ധിപ്പിക്കാനുള്ള കഴിവും ഇതിനുണ്ട്. കുടൽ പാളിയ്ക്കുണ്ടാകുന്ന കേടുപാടുകൾ തടയാൻ ഇത് സഹായിക്കുമെന്ന് ഡോ. കെരെൻ പാപ്പിയർ പറയുന്നു.

കുടൽ കാൻസറിൻ്റെ ലക്ഷണങ്ങൾ

  • മലബന്ധം
  • മലത്തിൽ രക്തം കാണപ്പെടുക
  • വിശപ്പില്ലായ്‌മ
  • പെട്ടന്ന് ശരീരഭാരം കുറയുക
  • ശ്വാസതടസം അനുഭവപ്പെടുക
  • അമിതമായ ക്ഷീണം

കുടൽ ക്യാൻസർ സാധ്യത എങ്ങനെ കുറയ്ക്കാം

  • നാരുകൾ ധാരാളമടങ്ങിയ ധാന്യങ്ങൾ കഴിക്കുക
  • സീസണൽ പഴങ്ങളും പച്ചക്കറികളും കഴിക്കുക
  • സംസ്‌കരിച്ച മാംസങ്ങൾ കഴിക്കരുത്
  • ചുവന്ന മാംസം കഴിക്കുന്നത് കുറയ്ക്കുക
  • ശരിയായ ശരീരഭാരം നിലനിർത്തുക
  • വ്യായാമം പതിവാക്കുക
  • പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക

അവലംബം:https://www.nature.com/articles/s41467-024-55219-5

ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : പാൻക്രിയാറ്റിക് കാൻസർ; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

ABOUT THE AUTHOR

...view details