തിരക്കേറിയ ജീവിതത്തിനിടെ പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് സ്ട്രെസ് അഥവാ മാനസിക സമ്മർദ്ദം. പല കാരണങ്ങളാൽ സമ്മർദ്ദം ഉണ്ടാകാം. ഉറക്കക്കുറവ്, ജോലി സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ലോകത്തെ ജനസംഖ്യയുടെ 18 ശതമാനം പേർ (40 ദശലക്ഷം) ഉത്കണ്‌ഠയോട് പൊരുതുന്നവരാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത്പറയുന്നു. കടുത്ത സമ്മർദ്ദം മാനസികാരോഗ്യത്തെ ബാധിക്കുന്നതിന് പുറമെ ശാരീരിക ആരോഗ്യത്തെയും ബാധിക്കും. എന്നാൽ സമ്മർദ്ദം ഒഴിവാക്കാൻ നിരവധി മാർഗങ്ങളുണ്ട്. അതിൽ ഏറ്റവും ഫലപ്രദമായ ഒരു മാർഗം ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക എന്നതാണ്. മാനസിക സമ്മർദ്ദവും ഉത്കണ്‌ഠയും ചെറുക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം.
ഫാറ്റി ഫിഷ്
ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നത് മാനസികാരോഗ്യം സംരക്ഷിക്കാൻ ഗുണം ചെയ്യും. അതിനാൽ ഒമേഗ-3 ഫാറ്റി ആസിഡ് ധാരാളമുള്ള സാൽമൺ, മത്തി എന്നീ മീനുകൾ ഡയറ്റിൽ പതിവായി ഉൾപ്പെടുത്തുക. ഇത് സമ്മർദ്ദം, വിഷാദം, ഉത്കണ്‌ഠ എന്നിവ നിയന്ത്രിക്കാൻ സഹായിക്കും.
ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റിൽ മഗ്നീഷ്യം, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് സ്ട്രെസ് കുറയ്ക്കാനും ഉത്കണ്‌ഠ നിയന്ത്രിക്കാനും സഹായിക്കും. ഇടയ്ക്കിടെ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് മനസികാരോഗ്യത്തിന് നല്ലതാണ്.
സരസഫലങ്ങൾ
ആന്‍റി ഓക്‌സിഡന്‍റുകളും വിറ്റാമിൻ സിയും സരസഫലങ്ങളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ബ്ലൂബെറി, ബ്ലാക്ക്‌ബെറി, സ്ട്രോബെറി, റാസ്ബെറി എന്നിവ പതിവായി കഴിക്കുന്നത് സമ്മർദ്ദം കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും വളരെയധികം സഹായിക്കും.
ഇലക്കറികൾ
അവശ്യ പോഷകങ്ങൾ ധാരാളമുള്ള ഒന്നാണ് ഇലക്കറികൾ. ഫോളേറ്റ്, മഗ്നീഷ്യം എന്നിവ അടങ്ങിയ ഇലക്കറികൾ കഴിക്കുന്നത് സമ്മർദ്ദം, ഉത്കണ്‌ഠ, വിഷാദം തുടങ്ങിയവ നിയന്ത്രിക്കാൻ സഹായിക്കും. അതിനാൽ ചീര പോലുള്ള ഇലക്കറികൾ പതിവായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.