ശരീരത്തിന്‍റെ വിവിധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ധാതുക്കളിൽ ഒന്നാണ് പൊട്ടാസ്യം. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പേശികളുടെ പ്രവർത്തനത്തിനുമെല്ലാം ശരീരത്തിൽ പൊട്ടാസ്യം ആവശ്യമാണ്. ഹോർമോണൽ വ്യതിയാനം സന്തുലിതമാക്കാനും എല്ലുകളുടെ ആരോഗ്യം നിലനിർത്താനും മതിയായ അളവിൽ ശരീരത്തിൽ പൊട്ടാസ്യം ഉണ്ടായിരിക്കേണ്ടതുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിനും പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അത്തരത്തിൽ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പൊട്ടാസ്യം അടങ്ങിയ ചില ഭക്ഷണങ്ങൾ ഇതാ...
അവോക്കാഡോ
പൊട്ടാസ്യത്തിൻ്റെ ഒരു പ്രധാന സ്രോതസാണ് അവോക്കാഡോ. ആരോഗ്യകരമായ കൊഴുപ്പുകൾ, ഫോളേറ്റ് എന്നിവയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന മികച്ചൊരു പഴമാണ് അവോക്കാഡോ.
ഇലക്കറികൾ
പൊട്ടാസ്യത്തിന്‍റെ പവർഹൗസാണ് ഇലക്കറികൾ. ഒരു കപ്പ് ചീരയിൽ 840 മില്ലി ഗ്രാം വരെ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം ഉൾപ്പെടയുള്ള മറ്റ് പോഷകങ്ങളും ഇലക്കറികളിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
മധുരക്കിഴങ്ങ്
ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുള്ള ഒന്നാണ് മധുരക്കിഴങ്ങ്. ഒരു ഇടത്തരം മധുരക്കിഴങ്ങളിൽ ഏകദേശം 540 മില്ലി ഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ നിരവധി അവശ്യ പോഷകങ്ങളും മധുരക്കിഴങ്ങിലുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് പുറമെ നാഡീ പ്രവർത്തനം മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യും.
ബീൻസ്
അവശ്യ പോഷകങ്ങളുടെ നല്ലൊരു ഉറവിടമാണ് ബീൻസ്. പൊട്ടാസ്യവും ഇതിൽ ധാരാളമുണ്ട്. അര കപ്പ് ബീൻസിൽ 600 മില്ലി ഗ്രാമിൽ കൂടുതൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
ബീറ്റ്‌റൂട്ട്
ബീറ്റ്‌റൂട്ടിലും ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. 1300 മില്ലി ഗ്രാം പൊട്ടാസ്യമാണ് ഒരു കപ്പ് ബീറ്ററൂട്ടിൽ അടങ്ങിയിട്ടുള്ളത്. ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾക്ക് മികച്ചൊരു തെരഞ്ഞെടുപ്പാണിത്. തക്കാളി
തക്കാളിയിൽ വാഴപ്പഴത്തിലുള്ളതിനേക്കാൾ കൂടുതൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. തക്കാളി പേസ്റ്റിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ടെന്ന് ചില പഠനങ്ങളിൽ പറയുന്നു.
തണ്ണിമത്തൻ
പൊട്ടാസ്യത്തിന്‍റെ നല്ലൊരു ഉറവിടമാണ് തണ്ണിമത്തൻ. ഒരു കപ്പ് തണ്ണിമത്തനിൽ 320 മില്ലി ഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
രക്തസമ്മർദ്ദം കുറയ്ക്കാം; പൊട്ടാസ്യം അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ... - POTASSIUM RICH FOODS
രക്തസമ്മർദ്ദം നിയന്ത്രിക്കാനും ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാനും പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്.
Representative Image (Freepik)
Published : Feb 1, 2025, 7:44 AM IST
ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : ഓർമശക്തി കൂട്ടാനും ചർമ്മം തിളങ്ങാനും, ഈ പച്ചക്കറി ഡയറ്റിൽ ഉൾപ്പെടുത്താം