കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ശരീരത്തിൽ ചില പോഷകങ്ങളുടെ കുറവുണ്ടാകുമ്പോൾ കണ്ണിന്‍റെ ആരോഗ്യത്തെ അത് ബാധിക്കാറുണ്ട്. വിറ്റാമിൻ എ, ഇ, സി, ബി, ബീറ്റാകരോട്ടിൻ, സിങ്ക് എന്നിവയെല്ലാം കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന പോഷകങ്ങളാണ്. അതിനാൽ ഇവ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ബദാം, സൂര്യകാന്തി വിത്തുകൾ, അണ്ടിപ്പരിപ്പ്, ഓട്‌സ്, ബീൻസ്, മത്തങ്ങ വിത്ത്, മുട്ട, ചീസ്, പാൽ, തക്കാളി എന്നിവ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം നൽകുന്ന ഭക്ഷണങ്ങളാണ്. അത്തരത്തിൽ കണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന മറ്റ് ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ഇലക്കറികൾ
ഇലക്കറികളിൽ ല്യൂട്ടിൻ, സിയാക്‌സാന്തിൻ എന്നിവ ഉൾപ്പെടെയുള്ള ആൻ്റി ഓക്‌സിഡൻ്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും കണ്ണിനെ സംരക്ഷിക്കാനും മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയുടെ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും. അതിനാൽ കാലെ, ചീര എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.
കാരറ്റ്
കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ബീറ്റാകരോട്ടിന്‍റെ സമ്പന്ന ഉറവിടമാണ് കാരറ്റ്. കൂടാതെ വിറ്റാമിൻ എ, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്‍റെ കാഴ്‌ച നിലനിർത്താൻ സഹായിക്കുമെന്ന് 2019 ൽ ഇൻ്റർനാഷണൽ ജേണൽ ഓഫ് ഒഫ്‌താൽമോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
സിട്രസ് പഴങ്ങൾ
വിറ്റാമിൻ സിയുടെ മികച്ച സ്രോതസാണ് സിട്രസ് പഴങ്ങൾ. ഇത് കണ്ണിൻ്റെ ലെൻസിനെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും തിമിര സാധ്യത കുറയ്ക്കകയും ചെയ്യും. കണ്ണിലെ രക്തക്കുഴലുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കാനും കാഴ്‌ച നിലനിർത്താനും വിറ്റാമിൻ സി സഹായിക്കുമെന്ന് ആർക്കൈവ്‌സ് ഓഫ് ഒഫ്‌താൽമോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. അതിനാൽ ഓറഞ്ച്, മുന്തിരി, നാരങ്ങ തുടങ്ങിയ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.