തനിക്കെതിരെയുള്ള ലൈംഗികാധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ കസ്‌റ്റഡിയില്‍ എടുത്തതില്‍ മുഖ്യമന്ത്രിക്കും കേരള പൊലീസിനും നന്ദി പറഞ്ഞ് നടി ഹണി റോസ്. പോരാട്ടത്തില്‍ തനിക്കൊപ്പം നിന്നവര്‍ക്കും നടി അറിയിക്കാന്‍ മറന്നില്ല. ഫേസ്‌ബുക്കിലൂടെയായിരുന്നു ഹണി റോസിന്‍റെ പ്രതികരണം.
ഹണി റോസിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്‍റെ പൂര്‍ണ്ണരൂപം-
"ഒരു വ്യക്‌തിയെ കൊന്നുകളയാന്‍ കത്തിയും തോക്കും ഒന്നും വേണ്ട ഇക്കാലത്ത്. ഒരു കൂട്ടം സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ നിന്നുള്ള നീചവും, ക്രൂരവുമായ അസഭ്യ അശ്ലീല ദ്വയാര്‍ത്ഥ കമന്‍റുകളും പ്ലാന്‍ഡ് കാമ്പയിനും മതി. സാമൂഹ്യമാധ്യമ ഗുണ്ടായിസത്തിന് നേതാവുണ്ടെങ്കില്‍ മൂര്‍ച്ച കൂടും.
പ്രതിരോധിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ഇന്ത്യന്‍ ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന പൗരന്‍റെ അവകാശവും സംരക്ഷണവും തേടിയുള്ള എന്‍റെ പോരാട്ടത്തിനൊപ്പം നിന്ന് ശക്‌തമായ ഉറപ്പ് നല്‍കി നടപടി എടുത്ത കേരള സര്‍ക്കാരിനെ നയിക്കുന്ന ശ്രീ പിണറായി വിജയന്‍ അദ്ദേഹത്തിനും കേരള പൊലീസിനും ഞാനും എന്‍റെ കുടുംബവും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി ശ്രീ മനോജ് എബ്രഹാം സര്‍, എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ ശ്രീ പുട്ട വിമലാദിത്യ ഐപിഎസ് സര്‍, ഡിസിപി ശ്രീ അശ്വതി ജിജി ഐപിഎസ് മാസം, സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷന്‍ എസിപി ശ്രീ ജയകുമാര്‍ സര്‍, സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷന്‍ SHO ശ്രീ അനീഷ് ജോയ് സര്‍, ബഹുമാനപ്പെട്ട മറ്റ് പൊലീസ് ഉദ്യോഗസ്‌ഥര്‍, കക്ഷിരാഷ്‌ട്രീയ ഭേദമില്ലാതെ കൂടെ നിന്ന ബഹുമാനപ്പെട്ട നേതാക്കള്‍, പൂര്‍ണ പിന്തുണ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, എന്നെ സ്‌നേഹിക്കുന്നവര്‍. എല്ലാവര്‍ക്കും എന്‍റെയും എന്‍റെ കുടുംബത്തിന്‍റെയും ഹൃദയം നിറഞ്ഞ നന്ദി," ഹണി റോസ് കുറിച്ചു.
വളരെയധികം ആശ്വാസം നൽകുന്ന വാർത്തയാണ് ഇതെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്‍റെ കസ്‌റ്റഡി വാര്‍ത്തയോടുള്ള ഹണി റോസിന്‍റെ ആദ്യ പ്രതികരണം. ഇടിവി ഭാരതിനോടായിരുന്നു നടിയുടെ പ്രതികരണം.
"അടുത്തിടെ അയാൾ പങ്കെടുത്ത ഒരു അഭിമുഖത്തില്‍ എന്‍റെ പേരെടുത്ത് പറഞ്ഞ് ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തി. കൈകൾ കൊണ്ട് സഭ്യമല്ലാത്ത ആക്ഷനുകൾ കാണിച്ചു. ഇതിനൊക്കെ പുറമെ ഭയങ്കര മോശമായ അഭിപ്രായ പ്രകടനങ്ങളും എന്നെക്കുറിച്ച് അയാൾ നടത്തി. മേലാൽ എനിക്കെതിരെ അധിക്ഷേപങ്ങൾ നടത്തരുതെന്ന് നിർദ്ദേശം നൽകിയിട്ടും ഓരോ ദിവസവും ലൈംഗിക ചുവയുള്ള പരിഹാസങ്ങളും അധിക്ഷേപങ്ങളും ബോബി ചെമ്മണ്ണൂർ കൂടുതലാക്കുകയാണ് ചെയ്‌തത്. തനിക്ക് ഭയമില്ല എന്നുള്ള രീതിയിൽ അയാൾ ഈ പ്രവർത്തി തുടരുമ്പോൾ അത് ഞാനെന്ന വ്യക്‌തിയെ മാത്രം ഉദ്ദേശിച്ചല്ലെന്ന് ബോധ്യമായി. മൊത്തം സ്ത്രീ സമൂഹത്തോടുള്ള അയാളുടെ കാഴ്‌ച്ചപ്പാടാണ് ഇത്തരത്തിൽ വെളിപ്പെടുന്നത്,"ഹണി റോസ് പറഞ്ഞു.
ഹണി റോസിന്‍റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ കഴിഞ്ഞ ദിവസം വയനാട്ടില്‍ നിന്നാണ് പൊലീസ് കസ്‌റ്റഡിയില്‍ എടുത്തത്. നടിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്‌ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുക, അത്തരം പരാമര്‍ശങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നീ കുറ്റകൃത്യങ്ങളമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്.