കോഴിക്കോട്:ഇഎന്‍ടി വിദഗ്‌ധരുടെ ഇരുപത്തിരണ്ടാം വാര്‍ഷിക സമ്മേളനം കെന്‍റ്‌കോണ്‍ 2024 ന് കാലിക്കറ്റ് ട്രേഡ് സെന്‍ററില്‍ തുടക്കമായി. അസോസിയേഷന്‍ ഓഫ് ഓട്ടോലാരിന്‍ ഗോളജിസ്റ്റ്‌സ് ഓഫ് ഇന്ത്യ (എഒഐ) കോഴിക്കോട് ചാപ്റ്ററാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കെന്‍റ്‌കോണിന്‍റെ ഭാഗമായി ഇന്നലെ ശസ്ത്രക്രിയകളുടെ തല്‍സമയ പ്രദര്‍ശനം നടത്തി. രാജ്യത്തെ പ്രശസ്‌തരായ രണ്ട് ഡോക്‌ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയകളാണ് പ്രതിനിധികള്‍ തല്‍സമയം കണ്ടു മനസിലാക്കിയത്.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുത്ത പത്ത് പേര്‍ക്കായിരുന്നു സൗജന്യ ശസ്ത്രക്രിയ. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഇഎന്‍ടി ഓപ്പറേഷന്‍ തിയറ്ററില്‍ നടന്ന ശസ്ത്രക്രിയകളാണ് സമ്മേളനം നടക്കുന്ന കാലിക്കറ്റ് ട്രേഡ് സെന്‍ററില്‍ പ്രദര്‍ശിപ്പിച്ചത്. ശസ്ത്രക്രിയകള്‍ പൂര്‍ണ വിജയമായിരുന്നെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഡോ ശങ്കര്‍ മഹാദേവന്‍ പറഞ്ഞു. ചെവിയെയും തലയെയും ബാധിക്കുന്ന പ്രശ്‌നങ്ങളെ നേരിടാന്‍ ഡോക്‌ടര്‍മാരെ പ്രാപ്‌തരാക്കാനും നൂതന ചികില്‍സകള്‍ പരിചയപ്പെടുത്താനുമാണ് ശസ്ത്രക്രിയകള്‍ സംഘടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തലച്ചോറിന്‍റെ അടിഭാഗത്ത് രക്തകുഴലില്‍ നിന്നുണ്ടാവുന്ന ട്യൂമറിനുള്ള ശസ്ത്രക്രിയ, തൊണ്ടയിലെ ശ്വാസ തടസത്തിനുള്ള അതി നൂതന ലേസര്‍ സര്‍ജ്ജറി തുടങ്ങിയവയാണ് ഇന്നലെ നടന്നത്. പഴുപ്പ് കാരണം ചെവിയിലെ അസ്ഥികള്‍ ദ്രവിച്ച് കേള്‍വിക്കുറവ് വന്നതും വിദഗ്‌ധര്‍ ശസ്ത്രക്രിയയിലൂടെ ശരിയാക്കി. രാജ്യത്തെ പ്രശസ്‌ത ഇഎന്‍ടി വിദഗ്‌ധരായ ഡോ രവി രാമലിംഗം, ഡോ സതീഷ് ജെയിന്‍ തുടങ്ങിയവര്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി.
കെന്‍റ്‌കോണിന്‍റെ ഭാഗമായി നടന്ന സൗജന്യ ശസ്ത്രക്രിയകളുടെ ഉദ്ഘാടനം എഒഐ കേരള സ്ഥാപക പ്രസിഡന്‍റ് ഡോ കെ അശോക് കുമാര്‍ നിര്‍വഹിച്ചു. എഒഐ കേരള ചാപ്റ്റര്‍ പ്രസിഡന്‍റ് ഡോ സുനില്‍ ജെ, സംഘാടക സമിതി ചെയര്‍മാന്‍ ഡോ ശങ്കര്‍ മഹാദേവന്‍, സെക്രട്ടറി ഡോ അമല്‍ ജോണ്‍ ജേക്കബ്, ട്രഷറര്‍ ഡോ ഷാഹുല്‍ ഹമീദ്, സയന്‍റിഫിക് കമ്മിറ്റി ചെയര്‍മാന്‍ ഡോ സുനില്‍ കുമാര്‍ കെപി, എഒഐ കോഴിക്കോട് ചാപ്റ്റര്‍ സെക്രട്ടറി ഡോ അശ്വിന്‍ മേനോന്‍ എം, ഡോ പി മുരളീധരന്‍ നമ്പൂതിരി, ഡോ ഒ എസ് രാജേന്ദ്രന്‍, ഡോ സി ജെ ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു. രാജ്യത്തെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള പിജി വിദ്യാര്‍ഥികള്‍ 80 പ്രബന്ധങ്ങളും അവതരിപ്പിച്ചു.
നാളെ (ശനി) രാവിലെ 10.30ന് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. എഒഐ കേരള ചാപ്റ്റര്‍ പ്രസിഡന്‍റ് ഡോ സുനില്‍ ജെ അധ്യക്ഷത വഹിക്കും. ഐഎംഎ ദേശീയ പ്രസിഡന്‍റ് ആര്‍ വി അശോകന്‍ മുഖ്യാതിഥിയായിരിക്കും. എഒഐ ദേശീയ പ്രസിഡന്‍റ് ഡോ ശങ്കര്‍ മടിക്കേരി മുഖ്യപ്രഭാഷണം നടത്തും. എഒഐ കേരള ചാപ്റ്ററിന്‍റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ചടങ്ങില്‍ നടക്കും.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും 900 ഡോക്‌ടര്‍മാരാണ് മൂന്നു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇവര്‍ക്ക് പുറമെ നേപ്പാള്‍, ഓസ്‌ട്രേലിയ, ദുബായ്, മസ്‌ക്കറ്റ് തുടങ്ങി വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും പത്തോളം ഇഎന്‍ടി വിദഗ്‌ധരും രാജ്യത്തെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നായി ഇരുന്നൂറോളം പിജി വിദ്യാര്‍ഥികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സമ്മേളനം ഞായറാഴ്ച്ച സമാപിക്കും.
Also Read: ക്യാൻസർ ട്യൂമർ കണ്ടെത്താൻ എഐ സാങ്കേതികവിദ്യ: മെഡിക്കൽ രംഗത്തും എഐ ഇഫക്‌ട്