തിരുവനന്തപുരം:കേരളത്തില്‍ വിവിധയിടങ്ങളിലായി പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതിനോടകം നിരവധി വളര്‍ത്തു പക്ഷികളെ പ്രതിരോധ നടപടിയുടെ ഭാഗമായി കള്ളിങ് ചെയ്‌തിട്ടുണ്ട്. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുമോ എന്നത് സംബന്ധിച്ചും അതിന്‍റ വ്യാപനം സംബന്ധിച്ചും നിരവധി അഭ്യൂഹങ്ങളും സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്.
പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ടോ?
സാധാരണ ഗതിയില്‍ പക്ഷികളില്‍ മാത്രം രോഗമുണ്ടാക്കുന്നവയാണ് ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസുകളിലേറെയും. എന്നാല്‍ പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനും, രോഗമുണ്ടാക്കാനുമുള്ള ശേഷി വൈറസുകള്‍ക്കുണ്ട്. രോഗബാധയേറ്റ പക്ഷികളുമായും രോഗാണുമലിനമായ സാഹചര്യങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും മനുഷ്യരില്‍ രോഗ ബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്.
1997 ൽ ആദ്യമായി ഹോങ്കോങ്ങിലാണ് മനുഷ്യരിൽ H5N1 പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. 1997 മുതൽ 2015 വരെയുള്ള സ്ഥിതിവിവരകണക്കുകൾ പ്രകാരം പക്ഷിപ്പനി മൂലം മനുഷ്യരിൽ 907 രോഗബാധകളും 483 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
H5N1, H7N9, H7N7, H9N2 തുടങ്ങിയ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസുകളെല്ലാം മനുഷ്യരിലേക്ക് പകരാനും രോഗമുണ്ടാക്കാനും ശേഷിയുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രോഗബാധയേറ്റതോ, ചത്തതോ ആയ പക്ഷികളുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കമുണ്ടായവര്‍, പക്ഷിക്കാഷ്‌ഠം വളമായി ഉപയോഗിക്കുന്ന കര്‍ഷകര്‍, രോഗബാധ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ടവര്‍, രോഗബാധിത മേഖലകളില്‍ താമസിക്കുന്നവര്‍ എന്നിവരെല്ലാം പ്രത്യേകം ജാഗ്രത പുലര്‍ത്തണം.
എന്നാല്‍ കൊറോണ വൈറസ് പോലെയോ, നിപ്പ പോലെയോ മനുഷ്യരിലേക്ക് അതിവേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന ജന്തുജന്യരോഗങ്ങളില്‍ ഒന്നല്ല പക്ഷിപ്പനി എന്നതാണ് വസ്‌തുത. മനുഷ്യരിലേക്കുള്ള രോഗവ്യാപനവും, മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്കുള്ള രോഗവ്യാപനവും അത്യപൂര്‍വ്വമാണെങ്കിലും രോഗബാധയേറ്റവരില്‍ മരണ നിരക്ക് അറുപത് ശതമാനം വരെയാണ്.
ഇപ്പോൾ കേരളത്തിൽ സ്ഥിരീകരിച്ച H5N8 വൈറസുകൾ ഒരു പതിറ്റാണ്ടിനിടയിൽ ലോകത്തിന്‍റെ പലഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഈ വൈറസ് വകഭേദം ഇതുവരെ മനുഷ്യരിലേക്ക് പകർന്നതായി ശാസ്‌ത്രീയ റിപോർട്ടുകൾ ഇല്ല.