കൊതുകുകൾ പരത്തുന്ന അനേകം രോഗങ്ങളിൽ ഒന്നാണ് ഡെങ്കിപ്പനി. സാധാരണ ശുദ്ധജലത്തിൽ കാണപ്പെടുന്ന ഈഡിസ് വിഭാഗത്തിൽപെട്ട പെൺ കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇത് അതിവേഗം പടർന്നു പിടിക്കാവുന്ന വൈറൽ പനിയാണ്. രോഗബാധിതരായ ആളുകളുടെ രക്തം കുടിക്കുന്നത് വഴി കൊതുകുകളിലേക്ക് വൈറസുകൾ കടക്കുന്നു. ഈ കൊതുകുകൾ വേറൊരാളുടെ രക്തം കുടിക്കുന്നതിലൂടെ രോഗാണുക്കൾ ശരീരത്തിലേക്ക് പ്രവേശിക്കുന്നു. പലപ്പോഴും രോഗലക്ഷണങ്ങൾ കാണിക്കാതെയും ചെറിയ രോഗലക്ഷണങ്ങളോടെയുമാണ് ഡെങ്കു ഫീവർ കണ്ടുവരുന്നത്.
ചില സമയങ്ങളിൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കും മരണം വരെ സംഭവിക്കാനും ഡെങ്കിപ്പനി കാരണമാകുന്നു. താരതമ്യേന പ്രതിരോധശേഷി കുറഞ്ഞൊരാളിൽ ഇത് വെല്ലുവിളികൾ സൃഷ്‌ടിക്കാറുണ്ട്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുന്നതാണ് രോഗിയെ അപകടാവസ്ഥയിലേക്ക് എത്തിക്കുന്നത്. പ്ലേറ്റ്‌ലെറ്റ് കൗണ്ട് അമിതമായി കുറയുന്നതിലൂടെ രോഗിയെ മരണത്തിലേക്ക് വരെ നയിച്ചേക്കാം. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെയെന്ന് നോക്കാം.
രോഗം ബാധിച്ച ഒരാൾക്ക് ഡെങ്കിപ്പനിയാണോ എന്ന് തിരിച്ചറിയാൻ സാധാരണ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. രോഗം ബാധിച്ചവരിൽ പലതരത്തിലുള്ള ലക്ഷണങ്ങൾ കണ്ടേക്കാം. എങ്കിലും പൊതുവായി കണ്ടുവരുന്ന ചില ലക്ഷണങ്ങളുണ്ട്. വൈറസ് വഹിക്കുന്ന കൊതുക് കടിച്ച് ഏകദേശം 3 മുതൽ 10 ദിവസങ്ങൾക്ക് ശേഷമാണ് ഡെങ്കിപ്പനി സാധാരണയായി പ്രത്യക്ഷപ്പെടുന്നത്. 2 മുതൽ 7 ദിവസം വരെ രോഗലക്ഷണങ്ങൾ നീണ്ടുനിൽക്കുകയും ചെയ്യുന്നു.
രോഗ ലക്ഷണങ്ങൾ
- പേശികളിലും സന്ധികളിലും വേദന
- കഠിനമായ തലവേദന
- കടുത്ത പനി
- കണ്ണുകൾക്ക് പിന്നിൽ വേദന
- ചർമത്തിൽ പാടുകൾ
- ഓക്കാനം, ഛർദ്ദി
- വീർത്ത ഗ്രന്ഥികൾ
ഒരിക്കൽ ഡെങ്കിൽപ്പനി ബാധിച്ച ഒരാളിൽ വീണ്ടും വൈറസ് ബാധയുണ്ടാകുമ്പോൾ അപകടസാധ്യത വർദ്ധിക്കുന്നു. ഇത് ഗുരുതരമായ രീതിയിലേക്ക് രോഗം മൂർച്ഛിക്കാൻ കാരണമാകുന്നു. ഡെങ്കിപ്പനി അതിതീവ്രമാകുമ്പോൾ കാണപ്പെടുന്ന ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം
- ക്ഷീണവും അസ്വസ്ഥതയും
- കഠിനമായ വയറുവേദന
- നിരന്തരമായ ഛർദ്ദി
- അമിതമായ ദാഹം
- ശ്വസമെടുക്കാനുള്ള ബുദ്ധിമുട്ട്
- ബലഹീനത
- വിശപ്പില്ലായ്‌മ
- മോണയിൽ നിന്നോ മൂക്കിൽ നിന്നോ രക്തസ്രാവം
- ഛർദ്ദിയിലോ മലത്തിലോ രക്തം