മിക്ക വീടുകളിലും സുലഭമായി കാണുന്ന ഒരു സീസണൽ ഫലമാണ് റംബൂട്ടാൻ. ശരീരത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന നിരവധി പോഷകങ്ങൾ റംബൂട്ടാനിൽ അടങ്ങിയിട്ടുണ്ട്. കാൽസ്യം, അയേൺ, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ, വിറ്റാമിൻ സി, എ, ബി 9 ഫോളേറ്റ് തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമൃദ്ധമാണിത്. വിറ്റാമിൻ സിയുടെ നല്ലൊരു ഉറവിടമായതിനാൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ മികച്ചതാണ് റംബൂട്ടാൻ. ചർമ്മത്തിലെ കൊളാജൻ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ഓക്‌സിഡേറ്റിവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാനും ഇത് സഹായിക്കും. ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ, ആൻ്റിമൈക്രോബയൽ ഗുണങ്ങൾ, ആൻ്റിവൈറൽ ഗുണങ്ങൾ എന്നിവയും റംബുട്ടാനിൽ അടങ്ങിയിട്ടുണ്ട്. റംബുട്ടാൻ കഴിക്കുന്നതിലൂടെ ലഭിക്കുന്ന മറ്റ് ചില പ്രധാന ഗുണങ്ങൾ ഇതാ...
ദഹന ആരോഗ്യം
റംബൂട്ടാനിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹന ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. മലബന്ധം തടയാനും മലവിസർജ്ജനം ക്രമമായി നിലനിർത്താനും റംബൂട്ടാൻ കഴിക്കുന്നത് നല്ലതാണ്. കുടലിൻ്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കാനും മൊത്തത്തിലുള്ള ദഹന പ്രവർത്തനത്തെ പിന്തുണയ്ക്കാനും റംബൂട്ടാനിലെ നാരുകൾ സഹായിക്കുമെന്ന് ഫുഡ് കെമിസ്ട്രി ജേണലിലെ ഒരു പഠനത്തിൽ പറയുന്നു.
ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങൾ
ഫ്ലേവനോയ്‌ഡുകൾ, ഫിനോളിക്‌സ്, വിറ്റാമിൻ സി എന്നിവ ഉൾപ്പെടെയുള്ള ശക്തമായ ആന്‍റി ഓക്‌സിഡന്‍റുകൾ റംബൂട്ടാനിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളിലേക്ക് നയിക്കുന്ന ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാൻ ഈ ആന്‍റി ഓക്‌സിഡന്‍റുകൾ സഹായിക്കും.
ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ
റംബുട്ടാന്‍റെ സത്തിൽ ആൻ്റി-ഹൈപ്പർ ഗ്ലൈസെമിക് ഫലങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്.
വിളർച്ച തടയാൻ
ഇരുമ്പിന്‍റെ നല്ലൊരു ഉറവിടമാണ് റംബൂട്ടാൻ. ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കും. വിളർച്ച, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങളെ ചെറുക്കാനും റംബൂട്ടാൻ കഴിക്കുന്നത് ഗുണം ചെയ്യും.
ഹൃദയാരോഗ്യം
റംബൂട്ടാനിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും.
ജലാംശം നിലനിർത്താൻ
ഉയർന്ന തോതിൽ ജലാംശം അടങ്ങിയിട്ടുള്ള ഒരു പഴമാണ് റംബൂട്ടാൻ. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. വേനൽ കാലത്ത് റംബൂട്ടാൻ കഴിക്കുന്നത് നിർജ്ജലീകരണം തടയാൻ ഗുണം ചെയ്യും.
കാൻസർ വിരുദ്ധ ഗുണങ്ങൾ
റംബൂട്ടാനിലെ ആൻ്റി ഓക്‌സിഡൻ്റുകൾക്ക് കാൻസർ വിരുദ്ധ ഗുണങ്ങളുണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് കാൻസർ കോശങ്ങളുടെ വളർച്ച കുറയ്ക്കുകയും വിവിധ കാൻസറുകളുടെ സാധ്യത തടയാനും സഹായിക്കും. ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : കളയാൻ വരട്ടെ; പപ്പായക്കുരുവിന്‍റെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടും