രാത്രിയിൽ നന്നായി ഉറങ്ങിയിട്ടും പകൽ ഉറക്കം തൂങ്ങുന്ന ആളുകൾ നമുക്കിടയിലുണ്ട്. കുട്ടികളിൽ മസ്‌തിഷ്‌ക വളർച്ചയ്ക്കും ഓർമശക്തി വർധിപ്പിക്കാനും പകൽ ഉറക്കം പ്രധാന പങ്ക് വഹിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ പകൽ ഉറക്കം ആരോഗ്യത്തിനു നല്ലതാണോ? പലയിടങ്ങളിൽ നിന്നായി നമ്മൾ കേട്ടതും അറിഞ്ഞതും പകൽ ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ്. എന്നാൽ അതിശയകരമെന്ന് പറയട്ടെ മുതിർന്നവർക്കും പകൽ ഉറക്കം വളരെ പ്രധാനമാണെന്ന് സമീപകാല പഠനങ്ങൾ വെളിപ്പെടുത്തുന്നു. മുതിർന്നവരിൽ ഹ്രസ്വകാല ഓർമ്മകൾ സൂക്ഷിക്കുന്നതിനായി ഇടയ്ക്കിടെ വിശ്രമം ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു.
അലസതയുടെ ലക്ഷണമല്ല
പകൽ ഉറക്കം പലപ്പോഴും അലസതയുടെ ഭാഗമാണന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഇത് ആരോഗ്യകരമായ ഒരു ശീലമാണ്. ചില ജോലിസ്ഥലങ്ങളിൽ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേകം 'സ്ലീപ്പിങ് റൂമുകൾ' പോലുമുണ്ട്. പകൽ സമയത്ത് വിശ്രമിക്കണമെന്ന് തോന്നുന്നത് വളരെ സ്വാഭാവികമാണ്. പ്രത്യേകിച്ചും തലേദിവസം രാത്രി നല്ല ഉറക്കം ലഭിക്കാതെ വരികയോ രാവിലെ ക്ഷീണം അനുഭവപ്പെടുകയോ ചെയ്യുന്നുണ്ടങ്കിൽ. ചില ആളുകളിൽ പകൽ ഉറക്കം ഒരു ശീലമാണ്. ഇത് ആരോഗ്യകരമായ ഒരു പരിശീലനമാണെന്നാണ് സമീപകാല പഠനങ്ങൾ പറയുന്നത്. ഇത് നിങ്ങളിൽ ഉന്മേഷം വർധിപ്പിക്കുകയും ഓർമ്മ മെച്ചപ്പെടുത്താനും സഹായിക്കുന്നു. മയങ്ങിയിട്ട് എഴുന്നേറ്റതിനു ശേഷം ആളുകളിൽ അക്കങ്ങളും വാക്കുകളും കൂടുതൽ ഫലപ്രദമായി ഓർമ്മിക്കാൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പരുക്കൻ സ്വഭാവമുള്ളവരും ഉറക്കത്തിനു ശേഷം ശാന്തരും ആയിരിക്കുമെന്നാണ് കണ്ടെത്തൽ.
മസ്‌തിഷ്‌ക ശക്തി വർധിപ്പിക്കുന്നു
കെമിക്കൽ സിഗ്നലുകളിലൂടെയാണ് മസ്‌തിഷ്‌കം പ്രവർത്തിക്കുന്നത്. പ്രായമാകുന്നതിനനുസരിച്ച് ഇത് കുറയുന്നു. ചെറിയ മയക്കത്തിലൂടെ തലച്ചോറിന് നവോന്മേഷം നൽകാൻ സാധിക്കുകയും അതിലൂടെ മറവിയെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ക്ഷീണത്തിനെതിരെ പോരാടുന്നു
മിക്കയാളുകൾക്കും ശരീരത്തിന് ക്ഷീണം അനുഭവപ്പെടാറ് പതിവാണ്. എന്നാൽ ഇത് അപകടകരമായ ഒരു അവസ്ഥയാണ്. പ്രത്യേകിച്ച് വാഹനമോടിക്കുമ്പോഴോ വലിയ യന്ത്രങ്ങൾ പ്രവർത്തിക്കുമ്പോ വലിയ ഭീഷണിയാണ് ഇതുണ്ടാക്കുന്നത്. ഒരു ചെറിയ മയക്കം നിങ്ങളെ അപകടങ്ങളിൽ നിന്ന് തടയാൻ സഹായിക്കുകയും നിങ്ങളുടെ പ്രതികരണ വേഗത കൂട്ടുകയും ചെയ്യുന്നു. നിങ്ങൾ ദീർഘയാത്രയ്ക്ക് തയ്യാറെടുക്കുന്നവരാണെങ്കിൽ നല്ല വിശ്രമം ലഭിക്കേണ്ടതുണ്ട്. അതിനാൽ യാത്രയ്ക്ക് മുമ്പ് നല്ല ഉറക്കം ആവശ്യമാണ്.
പ്രതിരോധശേഷി ശക്തിപ്പെടുത്തൽ
പകൽസമയത്തെ ഉറക്കം നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. മാത്രമല്ല അണുബാധകളും ശരീരത്തിലുണ്ടാകുന്ന വീക്കവും വേഗത്തിൽ കുറയ്ക്കാൻ ഇത് സഹായിക്കുന്നു. അതിനാലാണ് അസുഖമുള്ളവരോട് വിശ്രമിക്കാൻ ഡോക്‌ടർമാർ നിർദ്ദേശിക്കുന്നത്.