കേരളം

kerala

ETV Bharat / health

കുട്ടികളിൽ പഞ്ചസാരയുടെ ഉപയോഗം വർധിക്കുന്നു; ബോധവൽക്കരണ പ്രവർത്തനം ആരംഭിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ് - SUGUR consumption in children - SUGUR CONSUMPTION IN CHILDREN

ഒരാൾക്ക് ദിവസേന കഴിക്കാവുന്ന പരമാവധി പഞ്ചസാരയുടെ അളവ് 3 ടീ സ്‌പൂൺ (15g) വരെയാണ്. ലഘുപാനീയങ്ങളിൽ 30g മുതൽ 40g വരെ പഞ്ചസാര അടങ്ങിയിരിക്കുന്നു. കുട്ടികളിൽ ബോധവൽക്കരണത്തിനായി ഷുഗർ ബോർഡ് പദ്ധതി ആരംഭിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ്.

SUGUR CONSUMPTION  FOOD SAFETY DEPARTMENT  SUGUR CONSUMPTION IN CHILDREN  SUGAR FOOD
Sugar Board (ETV Bharat)

By ETV Bharat Kerala Team

Published : Aug 21, 2024, 3:20 PM IST

കോഴിക്കോട്:കുട്ടികളിൽ പഞ്ചസാരയുടെ ഉപയോഗം കൂടുന്നതായി ഭക്ഷ്യസുരക്ഷ വിഭാഗത്തിന്‍റെ കണ്ടെത്തൽ. അമിതമായ പഞ്ചസാരയുടെ ഉപയോഗം പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗങ്ങൾ, ശാരീരിക മാനസിക പ്രശ്‌നങ്ങൾ എന്നിവക്ക് കാരണമാകാമെന്നും മുന്നറിയിപ്പ്. ഒരാൾക്ക് ഒരു ദിവസം പരമാവധി 3 ടീ സ്‌പൂൺ (15g) പഞ്ചസാര വരെയാണ് ഐസിഎംആർ ശുപാര്‍ശ ചെയ്യുന്നത്. ഇത് സാധാരണ രണ്ട് നേരത്തെ ചായയിലൂടെയോ പാനീയങ്ങളിലൂടെയോ നമുക്ക് ലഭിക്കാം. എന്നാൽ ലഘുപാനീയങ്ങളിൽ 10 മുതൽ 15% വരെ പഞ്ചസാര കാണപ്പെടുന്നു. അതായത് ഇടവേളകളിൽ നമ്മൾ കുടിക്കുന്ന 300ml ലഘുപാനീയങ്ങളിൽ 30g മുതൽ 40g വരെ പഞ്ചസാര നമ്മുടെ ശരീരത്തിൽ അധികമായി എത്തുന്നു. ഇത് ഭാവിയിൽ വലിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ കാരണമാകുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് കണ്ടത്തെി.

കുട്ടികളിൽ ബോധവൽക്കരണം നടത്താനായി ഷുഗർ ബോർഡ് (Sugar Board) പദ്ധതിയുമായി ഭക്ഷ്യസുരക്ഷ വകുപ്പ് പ്രവർത്തനം ആരംഭിച്ചതായി അസിസ്റ്റന്‍റ് കമ്മീഷണർ എ സക്കീർ ഹുസൈൻ ഇടിവി ഭാരതിനോട് പറഞ്ഞു. ലഘുപാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന ബോധവത്കരണ ബോർഡ് സ്‌കൂളുകളിൽ സ്ഥാപിച്ച് കുട്ടികളിൽ പഞ്ചസാരക്കെതിരെ അവബോധം സൃഷ്‌ടിക്കുക ആണ് പദ്ധതിയുടെ ലക്ഷ്യം. ഭക്ഷ്യസുരക്ഷ അഡ്വൈസറി കമ്മിറ്റിയിൽ ജില്ലാ കലക്‌ടറാണ് ഈ നിർദേശം മുന്നോട്ട് വച്ചത്.

ഭക്ഷ്യസുരക്ഷ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. നടക്കാവ് ഹയർ സെക്കന്‍ററി സ്‌കൂളിൽ പദ്ധതി ആരംഭിച്ചു കഴിഞ്ഞു. ഇത്തരം ബോർഡുകൾ സ്‌കൂളുകളുമായി സഹകരിച്ച് ജില്ലയിലെ മുഴുവൻ ഹയർ സെക്കൻഡറി സ്‌കൂളുകളിലും സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സക്കീർ ഹുസൈൻ പറഞ്ഞു. നിറം ലഭിക്കാൻ പഞ്ചസാര വേർതിരിക്കുന്ന പ്രക്രിയയിൽ സാധാരണയായി ചാർകോൾ ആണ് ഉപയോഗിക്കുന്നത്. മറ്റെന്തെങ്കിലും രാസ പദാർത്ഥങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധന നടക്കുന്നുണ്ട്. കൃത്രിമ മധുരമായ സാക്രിൻ, സൂക്രലോസ് തുടങ്ങിയവ മധുര പാനിയങ്ങളിൽ ഉപയോഗിക്കുന്നുണ്ടോ എന്നതിലും പരിശോധന തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്താണ് പഞ്ചസാര

സംസ്‌കരിച്ച അന്നജമാണ് പഞ്ചസാര. കരിമ്പിൻ നീര് വിവിധ ഘട്ടങ്ങളിലൂടെ സംസ്‌കരിച്ചെടുക്കുന്നതാണ് ടേബിൾ ഷുഗർ എന്ന പഞ്ചസാര. കരിമ്പിൻ നീരിൽ കാൽസ്യം, ഇരുമ്പ്, ഫോസ്‌ഫറസ് എന്നീ വസ്‌തുക്കൾ അടങ്ങിയിട്ടുണ്ടെങ്കിലും സംസ്‌കരണ പ്രക്രിയയിലൂടെ ഇവയെല്ലാം വേർതിരിക്കപ്പെടുന്നു. അതിനാൽ കാര്യമായ പോഷകാംശ‌ം പഞ്ചസാരയിലില്ല. ഒരു ടീസ്‌പൂൺ പഞ്ചസാരയിൽ ഏതാണ്ട് 20 കലോറി അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.

പഞ്ചസാരയുടെ ഉപയോഗം ശരീരത്തിന് നല്ലതാണെന്ന വിഷയം ചർച്ച ചെയ്യുമ്പോൾ പ്രമേഹം സംബന്ധിച്ചുള്ള ആരോഗ്യം മാത്രമേ പലപ്പോഴും കണക്കിലെടുക്കാറുള്ളൂ. എന്നാൽ പഞ്ചസാരയുടെ അമിത ഉപയോഗം രക്തസമ്മർദം, ഹൃദ്രോഗം, പൊണ്ണത്തടി എന്നിവയിലേക്കും നയിക്കുന്നുണ്ട്. അമിതമായ മധുര പ്രയോഗം ഉൻമേഷം കുറയ്ക്കുകയും അത് മനോരോഗങ്ങൾക്കു വരെ കാരണമാവുകയും ചെയ്യുമെന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു.

പഞ്ചസാരയിലെ കാൽസ്യത്തിന്‍റെ കുറവുമൂലം എല്ലുകളുടെ ആരോഗ്യം ദുർബലമാകും. ഇത് ഓസ്റ്റിയോപോറോസീസ് പോലുള്ള അവസ്ഥകളിലേക്കും നയിക്കാം. പഞ്ചസാരയുടെ അമിത ഉപയോഗം പല്ലുകളുടെ ബലക്ഷയം, ഉറക്കമില്ലായ്‌മ, ശരീരത്തിനുള്ളിലെ സ്വാഭാവികമായ പോഷകനിലയിലെ വ്യതിചലനം, ഓർമക്കുറവ്, തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കാം. കുട്ടികളിൽ പഠനവൈകല്യം, പെരുമാറ്റദൂഷ്യം എന്നിവയ്ക്കുപോലും പഞ്ചസാരയുടെ അമിത ഉപയോഗം വഴിവയ്ക്കും. തലച്ചോറിൽ സെറോട്ടോണിന്‍റെ ഉൽപാദനം വർധിക്കുന്നത് മനോരോഗങ്ങൾക്കു പോലും കാരണമാകാം.

Also Read: എല്ലുകളിലെ കാൻസർ എങ്ങനെ തിരിച്ചറിയാം ? ലക്ഷണങ്ങൾ എന്തൊക്കെ? അറിയാം

ABOUT THE AUTHOR

...view details