ലോകത്ത് ഓരോ വർഷവും ക്യാൻസർ ബാധിതരുടെ എണ്ണം വർധിച്ചു വരികയാണ്. മുതിർന്നവരിലും ചെറുപ്പക്കാരിലും ഇന്ന് ക്യാൻസർ ഒരേപോലെ കണ്ടുവരുന്നു. എന്നാൽ രോഗം നേരത്തെ കണ്ടുപിടിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്‌താൽ ക്യാൻസറിനെ പൂർണമായി അകറ്റാൻ സാധിക്കും. ക്യാൻസർ വളരുന്നതിന് മുൻപ് ശരീരം ചില സൂചനകൾ തരുമെന്ന് അമേരിക്കൻ ക്യാൻസർ സൊസൈറ്റി നടത്തിയ ഒരു പഠനത്തിൽ പറയുന്നു. അതിനാൽ ഈ സൂചനകൾ നേരത്തെ തിരിച്ചറിയേണ്ടത് പ്രധാനമാണ്. ഭക്ഷണം കഴിക്കുമ്പോൾ ഈ ലക്ഷണങ്ങൾ കണ്ടാൽ അത് ക്യാൻസറിന്‍റെ ഭാഗമായി ഉണ്ടാകുന്നതായേക്കാം. അവ എന്തൊക്കെയെന്ന് അറിയാം.
ഭക്ഷണം വിഴുങ്ങുമ്പോൾ ബുദ്ധിമുട്ട്
ഭക്ഷണം കഴിക്കുമ്പോൾ അസ്വസ്ഥത, വേദന, തൊണ്ടയിൽ കാഠിന്യം എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇത് ക്യാൻസറിന്‍റെ ലക്ഷണങ്ങളാകാം. 2022 ൽ അമേരിക്കൻ ക്യാൻസർ സൊസൈറ്റി നടത്തിയ "കാൻസർ ലക്ഷണങ്ങൾ" എന്ന പഠനത്തിൽ ക്യാൻസർ ബാധിതരിൽ ഈ ലക്ഷണങ്ങൾ കണ്ടുവരുന്നതായി കണ്ടെത്തിയിരുന്നു. താടിയെല്ല്, കഴുത്ത്, തല എന്നീ ഭാഗങ്ങളിൽ ക്യാൻസർ മുഴകൾ വളരാൻ സാധ്യതയുള്ളവരിൽ ശരീരം നൽകുന്ന മുന്നറിയിപ്പാണ് ഇത്.
വയറ്റിലെ നീർവീക്കം
പലരിലും സ്ഥിരമായി കണ്ടുവരുന്ന ഒന്നാണ് ദഹനക്കേട്. എന്നാൽ ദഹനക്കേടിനൊടൊപ്പം നെഞ്ചുവേദന, വയറുവേദന, വീർപ്പുമുട്ടൽ തുടങ്ങിയ പ്രശ്‌നങ്ങൾ കണ്ടുവരുകയാണെങ്കിൽ ഇത് അന്നനാള ക്യാൻസറിന്‍റെ സൂചനകളായേക്കാം. അതിനാൽ ഈ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ ഒരു ഡോക്‌ടറെ സമീപിക്കണം.
വേഗം വയറ് നിറയുന്ന അവസ്ഥ
ഭക്ഷണം കഴിക്കുമ്പോൾ പെട്ടന്ന് വയറ് നിറയുന്നതായി തോന്നുന്നുണ്ടെകിൽ ഇത് ക്യാൻസറിൻ്റെ മറ്റൊരു ലക്ഷണമാണ്. സാധാരണ കഴിക്കുന്നതിനേക്കാൾ വളരെ കുറച്ച് ഭക്ഷണം കഴിക്കുമ്പോൾ പോലും വയറ് നിറയുന്നതായി അനുഭവപ്പെടുകയാണെങ്കിൽ ഉടൻ വൈദ്യപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.