ഇന്നത്തെ സമൂഹത്തിൽ വിഷാദരോഗ ബാധിതരുടെ എണ്ണം ദിനം പ്രതി കൂടിവരികയാണ്. വിഷാദ രോഗം വരാൻ പല കാരണങ്ങളു ഉണ്ട്. എന്നാൽ ഈ അവസ്ഥയിൽ നിന്ന് മുക്തിനേടാൻ ചികിത്സകൊണ്ട് മാത്രം കഴിഞ്ഞെന്ന് വരില്ല. ഈ സാഹചര്യത്തിൽ നിന്ന് കരകയറാൻ നേടാൻ സംഗീതം സഹായിക്കുമെന്നാണ് ഇപ്പോൾ പുറത്തുവന്ന ഒരു പഠനം. സെൽ റിപ്പോർട്‌സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ചൈനയിലെ ഷാങ്ഹായ് ജിയാവോ ടോങ് യൂണിവേഴ്‌സിറ്റിയിലാണ് പഠനം നടന്നത്.
മൊസാർട്ടിന്‍റെയും ബീഥോവന്‍റെയും സംഗീതം ഉപയോഗിച്ച് നടത്തിയ പഠനം അവകാശപ്പെടുന്നത് വിഷാദരോഗ ചികിത്സയോട് പ്രതികരിക്കാത്ത രോഗികളുടെ തലച്ചോറിനെ സജീവമാക്കാൻ പാശ്ചാത്യ ശാസ്‌ത്രീയ സംഗീതത്തിന് കഴിയുമെന്നാണ്. ജേണലിൽ പ്രസിദ്ധീകരിച്ച ഫലങ്ങളനുസരിച്ച് ഒന്നിലധികം ആൻ്റിഡിപ്രസൻ്റുകൾ കഴിച്ചിട്ടും ഒരാളുടെ വിഷാദ ലക്ഷണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ അയാളെ മ്യൂസിക് തെറാപ്പിയ്‌ക്ക് വിധേയമാക്കാവുന്നതാണ്.
13 വിഷാദ രോഗികളെയും വിഷാദരോഗം ഇല്ലാതെ ഏതാനും പേരെയും ഉള്‍പ്പെടുത്തിയായിരുന്നു പഠനം. സംഗീതം എങ്ങനെയാണ് ആൻ്റീഡിപ്രസൻ്റ് ഇഫക്റ്റുകൾ ഉണ്ടാക്കുന്നതെന്ന് മനസിലാക്കാൻ ഗവേഷകർ ഇവരെയെല്ലാം നിരീക്ഷിച്ചു. ഇവരിൽ ആഴത്തിലുള്ള മസ്‌തിഷ്‌ക ഉത്തേജനത്തിനായി ഇലക്‌ട്രോഡുകൾ സ്ഥാപിക്കുകയും ചെയ്‌തു. തലച്ചോറിലെ അമിഗ്‌ദല (Amygdala) എന്ന ഭാഗത്തെ കേന്ദ്രീകരിച്ചാണ് ഇലക്ട്രോഡുകൾ ഘടിപ്പിച്ചത്. ഒരാളുടെ വൈകാരികമായ പെരുമാറ്റങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന ഭാഗമാണ് അമിഗ്‌ദല.
പഠനത്തിൽ പാശ്ചാത്യ ശാസ്‌ത്രീയ സംഗീതം തലച്ചോറിലെ മൂന്ന് മേഖലകൾ തമ്മിലുള്ള പ്രവർത്തനങ്ങൾ സമന്വയപ്പെടുത്തി വിഷാദം നിയന്ത്രിക്കുന്നതായി കണ്ടെത്തി. ശ്രവണത്തെ നിയന്ത്രിക്കുന്ന ഓഡിറ്ററി കോർടെക്‌സ്, സമ്മർദ്ദത്തെ നിയന്ത്രിക്കുന്ന ബെഡ് ന്യൂക്ലിയസ് ഓഫ് സ്ട്രിയ ടെർമിനാലിസ് (BED NUCLEUS OF THE STRIA TERMINALIS), എൻഎസി എന്ന N-acetyl cysteine എന്നിവയാണ് ആ മൂന്ന് മേഖലകൾ.