കേരളം

kerala

ETV Bharat / health

സ്‌തനാര്‍ബുദം സ്വയം പരിശോധനയിലൂടെ കണ്ടെത്താം; ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചു ഭേദമാക്കിയാല്‍ ആയൂര്‍ ദൈര്‍ഘ്യത്തെ ബാധിക്കില്ല

പുകയില ഉപയോഗം, മദ്യപാനം, ജംഗ് ഫുഡ് എന്നിവയിൽ അടങ്ങിയിരിക്കുന്ന രാസവസ്‌തുക്കൾ സ്‌തനാര്‍ബുദത്തിന് കാരണമാകുന്നു. മാസത്തിലൊരിക്കല്‍ സ്‌തനങ്ങള്‍ തടവി പരിശോധിക്കുന്നതിലൂടെ സ്വയം രോഗ നിര്‍ണയം നടത്താം.

By ETV Bharat Lifestyle Team

Published : 5 hours ago

BREAST CANCER AWARENESS  CAUSES OF BREAST CANCER  BREAST CANCER RISK  EARLY SYMPTOMS OF BREAST CANCER
Representative Image (ETV Bharat)

ക്ടോബര്‍ മാസം സ്‌തനാര്‍ബുദ മാസമായാണ് ലോകാരോഗ്യ സംഘടന ആചരിക്കുന്നത്. ക്യാൻസര്‍ രോഗികളെ യഥാസമയം കണ്ടു പിടിക്കുക, അവരെ ചികിത്സയ്ക്കു വിധേയമാക്കുക, അവരുടെ പുനരധിവാസം, സാന്ത്വന ചികിത്സയ്ക്കു വിധേയമാക്കല്‍ എന്നിവയാണ് മാസാചരണം കൊണ്ട് ലോകാരോഗ്യ സംഘടന ഉദ്ദേശിക്കുന്നത്. തുടക്കത്തിലേ കണ്ടു പിടിച്ചാല്‍ സ്‌തനാര്‍ബുദം ചികിത്സിച്ചു ഭേദമാക്കാവുന്ന ഒരു അസുഖമാണ്. ആരും സ്‌തനാര്‍ബുദത്തെ ഒറ്റയ്ക്കു നേരിടേണ്ടതില്ലെന്നതാണ് ഈ വര്‍ഷത്തെ സ്‌തനാര്‍ബുദ മാസാചരണത്തിന്‍റെ വിഷയം.

സ്‌തനാര്‍ബുദത്തിന്‍റെ കാരണങ്ങള്‍

സ്‌തനാര്‍ബുദത്തിന് പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളതെന്ന് പട്ടം എസ് യു ടി ആശുപത്രിയിലെ കണ്‍സള്‍ട്ടന്‍റ് സര്‍ജന്‍ ഡോ എസ് പ്രമീളാ ദേവി പറയുന്നു. പ്രതിരോധിക്കാന്‍ കഴിയുന്ന കാരണങ്ങളും പ്രതിരോധിക്കാന്‍ കഴിയാത്ത കാരണങ്ങളും. നിരന്തരമായ ചില ജീവിത സാഹചര്യങ്ങളാണ് പ്രതിരോധിക്കാന്‍ കഴിയുന്ന സാഹചര്യങ്ങള്‍. അതായത് പുകയില ഉപയോഗം, മദ്യപാനം, ജംഗ് ഫുഡ് ഉള്‍പ്പെടെയുള്ള നമ്മുടെ ആഹാരപദാര്‍ത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന രാസവസ്‌തുക്കളുടെ ഉപയോഗം, ആഹാരത്തിന് നിറവും രുചിയും നല്‍കാന്‍ ഉപയോഗിക്കുന്ന രാസവസ്‌തുക്കളുടെ ഉപയോഗം ഇതെല്ലാം ക്യാന്‍സറിന് കാരണമാകുന്നു.

ഏറ്റവും പ്രധാനമായത് ആയാസരഹിതമായ ജീവിതം. വയറ് നിറച്ച് നന്നായി ആഹാരം കഴിച്ച് ആയാസരഹിതമായ ജീവിത ശൈലിയിലൂടെയാണ് കടന്നു പോകുന്നത്. ഇതിലൂടെ അമിതമായി നമ്മുടെ ശരീരത്തിലടിയുന്ന കൊഴുപ്പുകളില്‍ നിന്നും ചില ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. പ്രത്യേകിച്ചും എസ്ട്രാഡയോള്‍ എന്ന ഹോര്‍മോണ്‍ സ്‌തനാര്‍ബുദത്തിന് കാരണമായേക്കാവുന്നതാണ്. ഇതെല്ലാം നമുക്ക് പ്രതിരോധിക്കാന്‍ കഴിയുന്ന സാഹചര്യങ്ങളാണ്.

ജനിതകമായ കാരണങ്ങള്‍ മൂലം പാരമ്പര്യമായി ക്യാന്‍സര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ കഴിയുകയില്ല. അത്തരമൊരു സാഹചര്യത്തില്‍ നമുക്ക് കഴിയുന്നതെന്ത് എന്നത് വളരെ പ്രധാനമാണ്. ഇതിന് കാന്‍സറിനെ നമുക്ക് ആരംഭത്തിലേ കണ്ടെത്താന്‍ കഴിയണം. ആരംഭത്തിലേ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കാനുള്ള ശ്രമങ്ങളാണ് നമ്മുടെ ഭാഗത്തു നിന്നുണ്ടാകേണ്ടത്. സ്‌തനാര്‍ബുദം ആദ്യത്തെ ഒന്നോ രണ്ടോ ഘട്ടങ്ങളില്‍ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കും.

ആദ്യ രണ്ടു സ്‌റ്റേജുകളില്‍ രോഗം കണ്ടെത്തിയാലുള്ള ഗുണങ്ങള്‍

ഏറ്റവും പ്രധാനം ഈ സ്റ്റേജുകളില്‍ രോഗം കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാം എന്നതാണ്. എന്നാല്‍ മൂന്ന് നാല് സ്റ്റേജുകളിലാണ് കണ്ടെത്തുന്നതെങ്കില്‍ രോഗം ശരീരത്തിന്‍റെ ഏതെല്ലാം ഭാഗങ്ങളെ ബാധിച്ചു, രോഗിയെ എത്രമാത്രം ബാധിച്ചു എന്നറിയാനുള്ള പെറ്റ് സ്‌കാന്‍, ബോണ്‍ സ്‌കാന്‍ തുടങ്ങിയ വലിയ ടെസ്‌റ്റുകള്‍ ചെയ്യേണ്ടി വരികയും രോഗ നിര്‍ണയം സങ്കീര്‍ണമാകുകയും ചെയ്യും. സ്‌റ്റേജ് ഒന്നിലോ രണ്ടിലോ രോഗ നിര്‍ണയം നടത്തിയാല്‍ ഒരു ചെറിയ ഓപ്പറേഷനിലൂടെ രോഗം ഭേദമാക്കാന്‍ കഴിയും. അതായത് മാറിടങ്ങള്‍ പൂര്‍ണമായി നീക്കേണ്ടി വരില്ല. ഓപ്പറേഷന്‍ കഴിഞ്ഞാല്‍ കീമോ തെറാപ്പി, റേഡിയേഷന്‍ എന്നിവ വേണ്ടി വരില്ല. ഒരു പക്ഷേ വന്നാല്‍ പോലും വളരെ ചെറിയ അളവില്‍ മതിയാകും. ആരംഭത്തിലേ കണ്ടു പിടിക്കപ്പെടുന്ന ഇത്തരം രോഗികളുടെ ആയൂര്‍ ദൈര്‍ഘ്യത്തിന് കാന്‍സര്‍ ഒരു പരിമിതി ആകുന്നേയില്ലെന്ന് ഡോ എസ് പ്രമീളാ ദേവി പറയുന്നു.

രണ്ടാം സ്റ്റേജു കഴിഞ്ഞ ശേഷം രോഗം കണ്ടെത്തിയാല്‍

ഓപ്പറേഷന്‍ വളരെയധികം സങ്കീര്‍ണമാകാം. മാറിടങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്യേണ്ടി വന്നേക്കാം. കക്ഷത്തിന്‍റെ ഭാഗത്ത് ഒരു ഓപ്പറേഷന്‍ കൂടി ചെയ്യേണ്ടി വരുന്നു. ഓപ്പറേഷന്‍ കഴിഞ്ഞാല്‍ റേഡിയേഷനും കീമോതെറാപ്പിയും നല്‍കേണ്ടി വരുന്നു. എന്നു മാത്രമല്ല, എല്ലാ ചികിത്സകള്‍ കഴിഞ്ഞാലും ഇവരുടെ ആയൂര്‍ ദൈര്‍ഘ്യത്തെ ഇതു പ്രതികൂലമായി ബാധിച്ചേക്കാം.

ആരംഭ ദിശയില്‍ രോഗം കണ്ടു പിടിക്കുന്നതെങ്ങനെ

മാസത്തിലൊരിക്കല്‍ സ്‌തനങ്ങള്‍ തടവി പരിശോധിക്കുന്നതിലൂടെ സ്വയം രോഗ നിര്‍ണയം നടത്താം. ഉദാഹരണത്തിന് കരള്‍, കുടല്‍, ശ്വാസകോശം തുടങ്ങിയ അവയവങ്ങളില്‍ ക്യാന്‍സര്‍ ബാധിച്ചു കഴിഞ്ഞാല്‍ രോഗി ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ശേഷം മാത്രമാകും രോഗ നിര്‍ണയത്തിലേക്കു കടക്കുക.. അവിടെ ചിലവു കൂടിയ സ്‌ക്രീനിംഗ് ടെസ്റ്റുകളാണ് വേണ്ടി വരിക. എന്നാല്‍ സ്‌തനങ്ങളെ സംബന്ധിച്ചിടത്തോളം കൈകള്‍ കൊണ്ട് തടവിയാല്‍ ചെറിയ മുഴകള്‍ പോലും കണ്ടെത്താന്‍ സാധിക്കും. അത്തരം ഒരവബോധം എല്ലാ സ്ത്രീകളിലും സൃഷ്‌ടിക്കണം.

എപ്പോഴാണ് സ്‌തനങ്ങളില്‍ സ്വയം പരിശോധന നടത്തേണ്ടത് ?

ആര്‍ത്തവമുള്ള സ്ത്രീകളെ സംബന്ധിച്ച് ആര്‍ത്തവം തുടങ്ങി 8 ദിവസത്തിനും 10 ദിവസത്തിനുമുള്ളില്‍ സ്വയം പരിശോധന നടത്തിയിരിക്കണം. കാരണം ആര്‍ത്തവം തുടങ്ങുന്നതിനു തൊട്ടുമുന്‍പ് സ്‌ത്രീകളുടെ മാറിടത്തില്‍ തടിപ്പ്, വേദന, കല്ലിപ്പ് എന്നിവ സാധാരണമാണ്. അതു കൊണ്ടാണ് ആ സമയത്തുള്ള പരിശോധനകളും ആ സമയത്തുള്ള സ്‌ക്രീനിംഗ് ടെസ്റ്റുകളും പരാമവധി ഒഴിവാക്കുന്നത്. അതു കൊണ്ട് ആര്‍ത്തവം ആരംഭിച്ച ശേഷമുള്ള ദിവസങ്ങളാണ് സ്വയം പരിശോധനയ്ക്ക് വേണ്ടത്. ആര്‍ത്തവ വിരാമം സംഭവിച്ച സ്ത്രീകളെ സംബന്ധിച്ച് അല്ലെങ്കില്‍ ഗര്‍ഭപാത്രം നീക്കം ചെയ്‌ത സ്‌ത്രീകളെ സംബന്ധിച്ച് അവര്‍ എല്ലാ മാസവും ഒരു ദിവസം തീരുമാനിച്ച് സ്വയം പരിശോധന നടത്തേണ്ടതാണ്.

സ്‌തനങ്ങള്‍ സ്വയം പരിശോധിക്കേണ്ട വിധം

ആദ്യമായി കണ്ണാടിയുടെ മുന്നില്‍ നിന്ന് മാറിടങ്ങള്‍ സ്വയം നിരീക്ഷിക്കുക. മാറിടങ്ങള്‍ക്ക് എന്തെങ്കിലും വലുപ്പ വ്യത്യാസമുണ്ടോ എന്നു നോക്കുക. ചിലര്‍ക്ക് പൊതുവേ മാറിടങ്ങള്‍ക്ക് വലുപ്പ വ്യത്യാസമുണ്ടാകാം എന്നതിനാല്‍ അടുത്ത കാലത്തുണ്ടായ വലുപ്പ വ്യത്യാസം, നിറ വ്യത്യാസം, മുല ഞെട്ടുകള്‍ ഉള്ളിലേക്കു വലിഞ്ഞിരിക്കുന്ന വ്യത്യാസം, തൊലിപ്പുറത്തുണ്ടാകുന്ന ഡിപ്രെഷന്‍ അഥവാ കുഴിവുകള്‍, കക്ഷഭാഗത്തുള്ള പ്രകടമായ മുഴകള്‍ എന്നിവയാണ് പരിശോധിക്കേണ്ടത്. ഉള്‍വലിഞ്ഞ മുലഞെട്ടുകളാണ് പ്രകടമായ ഒരു രോഗ ലക്ഷണമായി പൊതുവേ കണ്ടുവരുന്നത്. ഈ പരിശോധന കഴിഞ്ഞാല്‍ കയ്യുടെ പ്രതലം കൊണ്ട് (വിരല്‍ കൊണ്ടല്ല) മുലയുടെ എല്ലാ ഭാഗവും തടവി പരിശോധിക്കുക. അപ്പോള്‍ ഒരു മഞ്ചാടിയുടെ വലുപ്പമുള്ള കാന്‍സര്‍ മുഴകള്‍ പോലും കയ്യില്‍ കിട്ടും എന്നതാണ് പ്രത്യേകത.

Also Read: സ്‌തനാർബുദ ചികിത്സയുടെ പാർശ്വഫലങ്ങൾ കുറയ്ക്കാൻ അക്യുപങ്‌ചർ; പഠനം പറയുന്നതിങ്ങനെ

ABOUT THE AUTHOR

...view details