കേരളം

kerala

ETV Bharat / health

ബ്രേക്ക്ഫാസ്റ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട 7 ഭക്ഷണങ്ങൾ - HEALTHIEST BREAKFAST FOODS

ദിവസം മുഴുവൻ ഊർജ്ജസ്വലരായിരിക്കാൻ പോഷക സമ്പുഷ്‌ടമായ പ്രഭാതഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. പ്രാതലിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം

BEST BREAKFAST FOODS  HIGH PROTEIN BREAKFAST FOODS  HIGH FIBER BREAKFASTS FOODS  പ്രഭാതഭക്ഷണം
Representative Image (Freepik)

By ETV Bharat Health Team

Published : Jan 7, 2025, 8:30 PM IST

ല കാരണങ്ങളാൽ പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണ് മിക്കവരും. ഇത് ശരീരത്തിന് ഒരിക്കലും ഗുണം ചെയ്യില്ല എന്ന് മാത്രമല്ല നിരവധി ദോഷങ്ങൾ വരുത്തി വയ്ക്കുകയും ചെയ്യും. ദിവസം മുഴുവൻ ഊർജ്ജം നിലനിർത്താൻ പോഷക സമ്പുഷ്‌ടമായ പ്രഭാത ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്തുന്നതിലും പ്രഭാതഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതിനാൽ പ്രഭാതഭക്ഷണത്തിൽ പോഷകങ്ങൾ നിറഞ്ഞ ആഹാരങ്ങൾ ഉൾപെടുത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരത്തിൽ പ്രാതലിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.

ധാന്യങ്ങൾ

നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ധാന്യങ്ങൾ. ഇത് ഊർജ്ജം വർധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. ധാന്യങ്ങളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. പതിവായി ധാന്യങ്ങൾ കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ദി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. അതിനാൽ ഓട്‌സ്, ക്വിനോവ, ഗോതമ്പ്, ബ്രൗൺ റൈസ് തുടങ്ങിയവ പ്രാതലിൽ ഉൾപ്പെടുത്തുക.

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ

ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പ്രാതലിൽ ഉൾപ്പെടുത്തുക. ഇത് വിശപ്പ് നിയന്ത്രിക്കാനും കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കും. പേശികളുടെ ആരോഗ്യം സംരക്ഷിക്കാനും പ്രോട്ടീൻ ഗുണം ചെയ്യും. ശരീരത്തിന് ആവശ്യമായ അമിനോ ആസിഡിന്‍റെ ഉത്പാദനം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും. അതിനാൽ പ്രോട്ടീൻ അടങ്ങിയ മുട്ട, യോഗേർട്ട്, ചീസ്, ടോഫു, ബീൻസ്, പയർ എന്നിവ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

പഴങ്ങളും പച്ചക്കറികളും

ശരീരത്തിന് ആവശ്യമായ വിറ്റാമിനുകൾ, ധാതുക്കൾ, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവ ലഭിക്കുന്നതിനായി പ്രാതലിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. ഇത് പ്രതിരോധ ശേഷി വർധിപ്പിക്കാനും വീക്കം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഹൃദ്രോഗ, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഇത് ഗുണകരമാണെന്ന് 2018 ൽ ദി ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. അതിനാൽ സരസഫലങ്ങൾ, ആപ്പിൾ, വാഴപ്പഴം, സിട്രസ് പഴങ്ങൾ, ചീര, തക്കാളി, കുരുമുളക്, കാലെ എന്നിവ പതിവായി കഴിക്കാം.

പാൽ ഉത്പന്നങ്ങൾ

കാൽസ്യം, പ്രോട്ടീൻ, വിറ്റാമിൻ ഡി എന്നിവയാൽ സമ്പന്നമാണ് പാൽ ഉത്പന്നങ്ങൾ. അതിനാൽ ബ്രേക്ക്ഫാസ്റ്റിൽ പാൽ, തൈര്, ചീസ് എന്നിവ ഉൾപ്പെടുത്തുക. ഇത് എല്ലുകളുടെ ആരോഗ്യം നിലനിർത്താനും രോഗപ്രതിരോധ ശേഷി നിലനിർത്താനും സഹായിക്കും. ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാൻ പാൽ ഉത്പന്നങ്ങൾ സഹായിക്കുമെന്ന് ദി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

പയർവർഗങ്ങൾ

പ്രാതലിൽ ഉൾപ്പെടുത്തേണ്ട മറ്റൊന്നാണ് പയർ വർഗങ്ങൾ. ബീൻസ്, പയർ, ചെറുപയർ, കടല എന്നിവയിൽ നാരുകൾ, പ്രോട്ടീൻ, വിവിധതരം മൈക്രോ ന്യൂട്രിയൻ്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയിൽ ഗ്ലൈസമിക് സൂചിക വളരെ കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുകയും ഹൃദ്രോഗം, പ്രമേഹം എന്നിവയുടെ സാധ്യത കുറയ്ക്കുകയും ചെയ്യും. ദഹനാരോഗ്യം മെച്ചപ്പെടുത്താനും പയർവർഗങ്ങൾകഴിക്കുന്നത് നല്ലതാണ്.

കഫീൻ

കാഫീൻ അടങ്ങിയ ഭക്ഷണങ്ങൾ മിതമായ അളവിൽ കഴിക്കുന്നത് ഊർജ്ജം വർധിപ്പിക്കാൻ സഹായിക്കും. ഇത് ശ്രദ്ധ, മെമ്മറി, വൈജ്ഞാനിക പ്രവർത്തനം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് സൈക്കോഫാർമക്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. ഓക്‌സിഡേറ്റിവ് സ്ട്രെസ്, വീക്കം എന്നിവ കുറയ്ക്കാനും ഇത് സഹായിക്കും. അതിനാൽ രാവിലെ ഒരു കപ്പ് കാപ്പിയോ ഗ്രീൻ ടീയോ കുടിക്കുക.

പുളിപ്പിച്ച ഭക്ഷണങ്ങൾ

പുളിപ്പിച്ച ഭക്ഷണങ്ങളിൽ ശരീരത്തിന്‍റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന പ്രോബയോട്ടിക്‌സ് അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്‍റെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കും. ദഹനം, രോഗപ്രതിരോധ പ്രവർത്തനം, മാനസികാവസ്ഥ എന്നിവ മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യും.

ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങൾ; ദിവസേന കഴിക്കാം ഈ പവർഫുൾ പഴം

ABOUT THE AUTHOR

...view details