എറണാകുളം: ലൈംഗികാധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂര്‍ റിമാന്‍ഡില്‍. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ബോബിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തത്. വിധി കേട്ടതിന് പിന്നാലെ ബോബിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. രക്ത സമ്മർദ്ദം ഉയർന്ന് പ്രതിക്കൂട്ടിൽ തളർന്നിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വൈദ്യ പരിശോധയ്ക്ക് ശേഷം ബോബിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. ജാമ്യാപേക്ഷ തള്ളിയ മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ നാളെ ജില്ലാ കോടതിയെ സമീപിക്കുമെന്ന് ബോബി പറഞ്ഞു. കാക്കനാട് ജില്ലാ ജയിലിലേക്ക് പ്രവേശിക്കുന്നതിനിടെയായിരുന്നു പ്രതികരണം. പ്രഷര്‍ കുറഞ്ഞുവെന്നും ഇപ്പോൾ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ബോബി പറഞ്ഞു. തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും ബോബി ചെമ്മണ്ണൂർ മാധ്യമങ്ങളോട് ആവർത്തിച്ചു.
ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകിയാൽ ഹണി റോസിന്‍റെ ജീവൻ അപകടത്തിലാകുമെന്ന് പൊലീസ് കോടതിയിൽ നൽകിയ റിമാന്‍റ് റിപ്പോർട്ടില്‍ പറയുന്നു. ബോബിക്കെതിരായ കുറ്റങ്ങൾ ഭാരതീയ ന്യായ സംഹിത പ്രകാരം ഒരു സെഷൻസ് കോടതി വിചാരണ നടത്തേണ്ട കുറ്റങ്ങൾ ആയതിനാൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കരുത്. സമൂഹത്തിൽ ഉന്നത സ്വാധീനമുള്ള പ്രതിക്ക് ഈ അവസരത്തിൽ ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനും സാധ്യതയുണ്ടന്നും റിമാന്‍റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തുടർച്ചയായി അശ്ലീല പരാമർശങ്ങളടങ്ങിയ ഇന്‍റര്‍വ്യൂകൾ നടത്തി വന്ന പ്രതി ജാമ്യം അനുവദിച്ചാൽ വീണ്ടും സമാനമായ കുറ്റകൃത്യം ആവർത്തിക്കും. കൂടുതൽ വകുപ്പുകൾ ചേർക്കണോ എന്ന കാര്യം പരാതിക്കാരിയുടെ മൊഴി പരിശോധിച്ച് തീരുമാനമെടുക്കണം.
വിദേശത്ത് ഉൾപ്പെടെ ബിസിനസ് നടത്തി വരുന്ന പ്രതി ജാമ്യം നൽകിയാൽ നാട് വിടാൻ സാധ്യതയുള്ളതായി രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. ബോബിയുടെ ചടങ്ങിൽ പങ്കെടുക്കാൻ വിസമ്മതിച്ച പരാതിക്കാരിക്കെതിരെ പ്രതികാര ബുദ്ധിയോടെ പരാമർശങ്ങൾ തുടർന്നു വന്നിരുന്ന പ്രതിക്ക് ഇപ്പോൾ ജാമ്യം നൽകിയാൽ പരാതിക്കാരിയെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും റിമാന്‍റ് റിപ്പോര്‍ട്ട് പറയുന്നു. പരാതിക്കാരിയുടെ സുരക്ഷയെ കരുതി പ്രതിക്ക് ഇപ്പോൾ ജാമ്യം നൽകരുതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സമൂഹ മാധ്യമങ്ങളിൽ അശ്ലീലച്ചുവയുള്ള കമന്‍റുകൾ പ്രചരിപ്പിക്കുന്നത് സമീപകാലത്ത് വർദ്ധിച്ചു വരുന്നു. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ ഇങ്ങനെ സ്ത്രീകൾക്കെതിരെ അശ്ലീല കമന്‍റിടുന്ന മാനസിക രോഗികൾക്ക് പ്രോത്സാഹനം നൽകുന്നതും പൊതു രംഗത്തുള്ള സ്ത്രീകൾക്കും രക്ഷയില്ലാത്ത അവസ്ഥ വരുന്നതുമാണ്. ഏല്ലാ സ്ത്രീകൾക്കും എതിരായുള്ള കുറ്റമായി കണ്ട് പ്രതിക്ക് ഒരു തരത്തിലുള്ള ജാമ്യവും അനുവദിക്കരുതെന്നും റിമാന്‍റ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
ബോബി ചെമ്മണ്ണൂര്‍ നിരന്തരമായി ലൈംഗികാധിക്ഷേപം നടത്തുന്നു എന്ന് നടി ഹണി റോസ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇന്നലെ (08-01-2025) ഇയാളെ വയനാട്ടില്‍ നിന്നും പൊലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.