ഹൃദയാഘാതം മൂലം ജീവൻ നഷടമാകുന്നവരുടെ എണ്ണം അനുദിനം വർധിച്ചു വരികയാണ്. നേരത്തെ പ്രായമായവരിലാണ് ഹൃദയാഘാതം കണ്ടുവന്നിരുന്നതെങ്കിൽ ഇന്ന് ചെറുപ്പക്കാരിൽ പോലും ഹൃദയാഘാതം സാധാരണമായി കഴിഞ്ഞു. അനാരോഗ്യകരമായ ജീവിതശൈലി, മോശം ഭക്ഷണക്രമം, വ്യായാമത്തിന്‍റെ അഭാവം എന്നിവയെല്ലാം ഹൃദ്രോഗത്തിന് കാരണമാകുന്ന പ്രധാന ഘടകങ്ങളാണ്. ഹൃദയ ധമനികളിൽ കൊഴുപ്പടിയുകയും ഹൃദയത്തിലേക്കുള്ള രക്തത്തിന്‍റെ ഒഴുക്ക് തടസപ്പെടുകയും ചെയ്യുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. രക്തസമ്മർദ്ദം, പൊണ്ണത്തടി, പ്രമേഹം, കൊളസ്‌ട്രോൾ എന്നിവയും ഹൃദയാഘാത സാധ്യത വർധിപ്പിക്കും. ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും ഹൃദയാഘാത സാധ്യത കുറയ്ക്കാനും ദിവസേന ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയാം.
ആരോഗ്യകരമായ ഭക്ഷണം
ഹൃദയത്തിന്‍റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക. പഴങ്ങൾ, പച്ചക്കറികൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. ഉയർന്ന അളവിൽ ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇവ ഹൃദ്രോഗത്തിന് കാരണമാകുന്ന രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്‌ട്രോൾ എന്നിവയുടെ സാധ്യത വർധിപ്പിക്കും.
വ്യായാമം
നടത്തം, സൈക്ലിംഗ്, നീന്തൽ തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ശരീരഭാരം, കൊളസ്‌ട്രോൾ എന്നിവ നിയന്ത്രിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും പതിവായുള്ള വ്യായാമം ഗുണം ചെയ്യും. അതിനാൽ ദിവസേന കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമത്തിൽ ഏർപ്പെടുക.
സമ്മർദ്ദം ഒഴിവാക്കുക
ഹൃദയത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ് സമ്മർദ്ദം. അതിനാൽ സമ്മർദ്ദം ഒഴിവാക്കേണ്ടത് പ്രധാനമാണ്. ധ്യാനം, യോഗ തുടങ്ങിയ റിലാക്സേഷൻ ടെക്‌നിക്കുകൾ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഇഷ്‌ടമുള്ള പ്രവർത്തികൾ ചെയ്യാനും പ്രിയപ്പെട്ടവരോടൊപ്പം ചെലവഴിക്കാനും സമയം നീക്കി വയ്ക്കുന്നതിലൂടെ സമ്മർദ്ദം നിയന്ത്രിക്കാൻ സാധിക്കും.
പുകവലി ഉപേക്ഷിക്കുക
ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന ഒരു പ്രധാന ഘടകമാണ് പുകവലി. അതിനാൽ ഹൃദ്രോഗ സാധ്യത ഇല്ലാതാക്കാൻ പുകവലി ഉപേക്ഷിക്കുക.
ആരോഗ്യകരമായ ഭാരം
ആരോഗ്യകരമായ ഭാരം നിലനിർത്തേണ്ടത് ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ പ്രധാനമാണ്. അമിതഭാരം ഹൃദ്രോഗത്തിന് കാരണമാകുകയും വയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാക്കുകയും ചെയ്യും.
രക്തസമ്മർദ്ദവും കൊളസ്‌ട്രോളും നിരീക്ഷിക്കുക
രക്തസമ്മർദ്ദം പതിവായി പരിശോധിക്കുക. രക്തസമ്മർദ്ദമുള്ള ആളുകളിൽ പലപ്പോഴും ലക്ഷണങ്ങളൊന്നും കാണിച്ചെന്ന് വരില്ല. ഇത് ഹൃദയത്തിന് ആയാസം ഉണ്ടാക്കും. അതേപോലെ ശരീരത്തിലെകൊളസ്‌ട്രോളിന്‍റെ അളവും ഇടക്കിടെ പരിശോധിക്കേണ്ടത് പ്രധാമാണ്. ഇവ രണ്ടും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും.