സിനിമ ലോകത്തെ പിടിച്ചുലച്ച നിരവധി സംഭവ വികാസങ്ങള്‍ 2024ല്‍ അരങ്ങേറി. അതിലൊന്നാണ് സെലിബ്രിറ്റി വിവാഹ മോചനങ്ങള്‍. 2024 വിടപറയാന്‍ ഒരുങ്ങുമ്പോള്‍ ഈ വര്‍ഷം വേര്‍പിരിഞ്ഞ താര വിവാഹ മോചനങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
1. ഭാമ
ഒരു ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിലൂടെയാണ് മലയാളികളുടെ പ്രിയതാരം ഭാമ തന്‍റെ വിവാഹ മോചന വാര്‍ത്ത ആരാധകരെ അറിയിച്ചത്. മകള്‍ ഗൗരിയുടെ ചിത്രത്തിനൊപ്പം താനൊരു സിംഗിള്‍ മദറാണെന്ന് കുറിച്ച് കൊണ്ടാണ് ഭാമ ഇക്കാര്യം ആരാധകരെ അറിയിച്ചത്.
2020 ജനുവരിയിലായിരുന്നു ഭാമയും ബിസിനസ്സുകാരനായ അരുണുമായുള്ള വിവാഹം. 2024 മെയിലാണ് സോഷ്യല്‍ മീഡിയയിലൂടെ ഭാമ തന്‍റെ വിവാഹ മോചന പ്രഖ്യാപനം നടത്തിയത്.
2. എആര്‍ റഹ്‌മാന്‍ - സൈറ ബാനു
പല പ്രമുഖ താരങ്ങളുടെയും വേര്‍പിരിയല്‍ വാര്‍ത്ത ആരാധകരില്‍ ഞെട്ടല്‍ ഉളവാക്കുമെങ്കിലും സിനിമ ലോകത്തെ പിടിച്ചുലച്ച പ്രഖ്യാപനമായിരുന്നു സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്മാന്‍-സൈറ ബാനു വിവാഹ മോചനം. ഇരുവര്‍ക്കും ഇടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്കൊടുവിലായിരുന്നു ഈ തീരുമാനം.
29 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം എആർ റഹ്‌മാനും ഭാര്യ സൈറ ബാനുവും വേർപിരിഞ്ഞത് ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 1995ലായിരുന്നു ഇരുവരുടെയും വിവാഹം. ഖദീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് മക്കളാണ് ദമ്പതികള്‍ക്ക്. വേർപിരിഞ്ഞെങ്കിലും, തങ്ങള്‍ പരസ്‌പരം പിന്തുണയ്ക്കുമെന്നും നല്ല സുഹൃത്തുക്കളായി തുടരുമെന്നും ഇരുവരും ആരാധകർക്ക് ഉറപ്പ് നൽകി.
3. ജയം രവി - ആരതി
ഈ വര്‍ഷം ആരാധകരെ ഞെട്ടിച്ച മറ്റൊരു വിവാഹ മോചനം ആയിരുന്നു തെന്നിന്ത്യന്‍ സൂപ്പര്‍താരം ജയം രവിയുടെയും ആരതിയുടെയും വിവാഹ മോചനം. 15 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ജയം രവി തന്‍റെ വിവാഹ മോചന വാര്‍ത്ത ആരാധകരെ അറിയിച്ചത്.
2009 ജൂണിലായിരുന്നു ജയം രവി-ആരതി വിവാഹം. ആരവ്, അയാന്‍ എന്നിങ്ങനെ രണ്ട് മക്കളാണ് ഇരുവര്‍ക്കും. മാസങ്ങള്‍ നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്കൊടുവില്‍ 2024 സെപ്‌റ്റംബര്‍ 9നാണ് ജയം രവി തന്‍റെ വിവാഹ മോചന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ഔദ്യോഗികമായി അറിയിച്ചത്.
4. ധനുഷ് - ഐശ്വര്യ രജനീകാന്ത്
സിനിമ ലോകത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട താര ദമ്പതികളാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷും രജനികാന്തിന്‍റെ മകളും നിര്‍മ്മാതാവുമായ ഐശ്വര്യ രജനീകാന്തും തമ്മിലുള്ള വിവാഹ മോചനം.
18 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ 2022 ജനുവരിയിലാണ് ഇരുവരും തങ്ങളുടെ വേര്‍പിരിയല്‍ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വേര്‍പിരിയില്‍ പ്രഖ്യാപിച്ചെങ്കിലും ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞത് 2024 നവംബര്‍ 27നായിരുന്നു. യാത്ര, ലിംഗ എന്നിങ്ങനെ രണ്ട് മക്കളാണ് ഇരുവര്‍ക്കും.
5. സൈന്ധവി - ജിവി പ്രകാശ്
ഈ വര്‍ഷത്തെ മറ്റൊരു വിവാഹ മോചനമായിരുന്നു സംഗീത സംവിധായകന്‍ ജിവി പ്രകാശ് കുമാറും ഗായിക സൈന്ധവിയും തമ്മിലുള്ളത്. 2024 മെയിലായിരുന്നു ഇരുവരും വേര്‍പിരിയല്‍ പ്രഖ്യാപനം നടത്തിയത്.
മാനസിക പുരോഗതിക്കും സമാധാനത്തിനും വേണ്ടി ഏറെ ആലോചനകള്‍ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനം എടുത്തത് എന്നായിരുന്നു വേര്‍പിരിയല്‍ വാര്‍ത്തയോടുള്ള ഇരുവരുടെയും പ്രതികരണം. 2013ലായിരുന്നു സൈന്ധവി-ജിവി പ്രകാശ് വിവാഹം. ഇരുവര്‍ക്കും ഒരു മകളുണ്ട്..അന്‍വി. എആര്‍ റഹ്‌മാന്‍റെ സഹോദരീപുത്രനാണ് ജിവി പ്രകാശ്.
6. ദല്‍ജീത് കൗര്‍ - നിഖില്‍ പട്ടേല്‍
2024ലെ മറ്റൊരു വിവാഹമോചനമായിരുന്നു ടെലിവിഷൻ താരം ദല്‍ജീത് കൗറും ഭർത്താവ് നിഖിൽ പട്ടേലും തമ്മിലുള്ളത്. വിവാഹം കഴിഞ്ഞ് വെറും 10 മാസം പിന്നിടുമ്പോഴാണ് അഭിപ്രായ വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി ദല്‍ജീത് തന്‍റെ വിവാഹ ജീവിതത്തിന് തിരശ്ശീല ഇടുന്നത്.
2023 മാർച്ചിലായിരുന്നു ബിസിനസ്സുകാരനായ നിഖില്‍ പട്ടേലുമായുള്ള ദല്‍ജീതിന്‍റെ വിവാഹം. നിഖിലിന് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ദല്‍ജീത് വിവാഹ മോചനത്തിനൊരുങ്ങുന്നത്.
7. ഹാര്‍ദിക് പാണ്ഡ്യ- നടാഷ സ്‌റ്റാന്‍കോവിച്ച്
ഈ വര്‍ഷത്തെ മറ്റൊരു പ്രധാന വേര്‍പിരിയല്‍ പ്രഖ്യാപനമായിരുന്നു ഇന്ത്യന്‍ ക്രക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുടെയും സെര്‍ബിയന്‍ മോഡല്‍ നടാഷ സ്‌റ്റാന്‍കോവിച്ചിന്‍റെയും. 2020 മെയ് 31നായിരുന്നു ഇരുവരുടെയും വിവാഹം. 2024 ജൂലൈ 18നായിരുന്നു ഇരുവരവും തങ്ങളുടെ വേര്‍പിരിയല്‍ പ്രഖ്യാപനം നടത്തിയത്.
Also Read: ഞാന്‍ കണ്ടതില്‍ ഏറ്റവും നല്ല മനുഷ്യനാണ് അദ്ദേഹം, ജീവനോളം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് സൈറ ബാനു - SAIRA BANU REACTS TO RUMOURS