കേരളം

kerala

ETV Bharat / entertainment

ഇന്ത്യൻ സിനിമയില്‍ ഇതാദ്യം! ഇന്‍റര്‍നാഷണല്‍ റിലീസിനൊരുങ്ങി ടോക്‌സിക് - TOXIC TO BE SHOOT IN ENGLISH

"ടോക്‌സിക് ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കുക മാത്രമല്ല, ആഗോള വേദിയിൽ ഇന്ത്യൻ സിനിമയുടെ മികവ് പ്രദർശിപ്പിക്കുകയും ചെയ്യും. ഈ ചിത്രം നിർമ്മിക്കുക എന്നത് ഒരു വെല്ലുവിളി ആയിരുന്നു. പൂർണ്ണ ആത്‌മവിശ്വാസത്തോടെയാണ് ആ വെല്ലുവിളി ഞങ്ങൾ സ്വീകരിച്ചത്"

YASH GEETU MOHANDAS MOVIE TOXIC  TOXIC A FAIRY TALE FOR GROWN UPS  ടോക്‌സിക്  യാഷ് ഗീതു മോഹന്‍ദാസ് ചിത്രം
Yash (ETV Bharat)

By ETV Bharat Entertainment Team

Published : Feb 26, 2025, 7:16 AM IST

ഇന്ത്യൻ സിനിമയിലെ വിപ്ലവാത്‌മക സിനിമാറ്റിക് സംരംഭമായി മാറുകയാണ് യാഷ് പ്രധാന വേഷത്തിൽ എത്തുന്ന 'ടോക്‌സിക്'. ആഗോള പ്രേക്ഷകരെ ലക്ഷ്യമിട്ട് ചിത്രം ഇംഗ്ലീഷിലും കന്നഡയിലും ചിത്രീകരിച്ച് ദ്വിഭാഷ ചിത്രമായാകും 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്‌സ്' (Toxic: A Fairy Tale for Grown-Ups) റിലീസിനെത്തുക.

ഇംഗ്ലീഷ് ഭാഷയിലും ഒരു ഇന്ത്യൻ ഭാഷയിലും ഒരേസമയം ചിത്രീകരിക്കുന്ന ആദ്യത്തെ ബ്രഹ്‌മാണ്ഡ ചിത്രമാണ് 'ടോക്‌സിക്'. ടോക്‌സിക് എന്ന സിനിമയുടെ റിലീസോടു കൂടി ഇന്ത്യൻ സിനിമയുടെ ആഗോള ബിസിനസ് വർദ്ധിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ കണക്കുക്കൂട്ടല്‍.

ഹോളിവുഡ് സിനിമയ്ക്ക് മറ്റ് രാജ്യങ്ങളിലുള്ള ബിസിനസ്സിന് സമാനമായി ഇന്ത്യൻ സിനിമകൾക്ക് മറ്റ് രാജ്യങ്ങളിൽ വലിയ വിപണി സൃഷ്‌ടിക്കാന്‍ ടോക്‌സിക് ആദ്യ ചവിട്ടുപടിയാകും. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ പ്രാദേശിക ഭാഷകൾക്ക് പുറമെ അന്തർദേശീയ ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്‌ത് പുറത്തിറങ്ങും.

'കെജിഎഫി'ന് ശേഷം യാഷ് നായകനാകുന്ന ചിത്രം ക്രോസ്-കൾച്ചറൽ കഥ പറയുന്ന രീതികളെ പുനർനിർവചിക്കും. ഇന്ത്യൻ പ്രേക്ഷകർക്കും, ആഗോള പ്രേക്ഷകർക്കും ഒരുപോലെയുള്ള ആസ്വാദന തലം ചിത്രം സമ്മാനിക്കുമെന്ന് സിനിമയോടടുത്ത വൃത്തങ്ങള്‍ ഇടിവി ഭാരതിനോട് പ്രതികരിച്ചു.

നിരവധി തവണ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ മലയാളിയായ സംവിധായിക ഗീതു മോഹൻദാസ് ആണ് സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. "ഇന്ത്യയ്‌ക്ക് പുറമെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുമായി ആധികാരികമായി സംവദിക്കുന്ന ഒരു സൃഷ്‌ടി രൂപപ്പെടുത്തുക. കന്നഡയിലും ഇംഗ്ലീഷിലുമായി അന്തസത്ത ചോരാതെയാണ് കഥ പറയാൻ പരിശ്രമിച്ചത്. ഭാഷാപരവും സാംസ്‌കാരികപരവുമായ വ്യത്യസ്‌തത പ്രേക്ഷകര്‍ക്ക് ഒരു ആസ്വാദനതലം ഉറപ്പുവരുത്തുന്നു," ഗീതു മോഹൻദാസ് പറഞ്ഞു.

സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ വെങ്കട്ട് കെ നാരായണനും സിനിമയെ കുറിച്ച് പ്രതികരിച്ചു. "ടോക്‌സിക് ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കുക മാത്രമല്ല, ആഗോള വേദിയിൽ ഇന്ത്യൻ സിനിമയുടെ മികവ് പ്രദർശിപ്പിക്കുകയും ചെയ്യും. ഈ ചിത്രം നിർമ്മിക്കുക എന്നത് ഒരു വെല്ലുവിളി ആയിരുന്നു. പൂർണ്ണ ആത്‌മവിശ്വാസത്തോടെയാണ് ആ വെല്ലുവിളി ഞങ്ങൾ സ്വീകരിച്ചത്," വെങ്കട്ട് കെ നാരായണൻ പറഞ്ഞു.

2024 ഓഗസ്‌റ്റിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ചെലവേറിയ ചിത്രമായാണ് ടോക്‌സിക്കിനെ വിലയിരുത്തുന്നത്. കെവിഎൻ പ്രൊഡക്ഷൻസും യാഷിന്‍റെ മോൺസ്‌റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് സിനിമയുടെ നിര്‍മ്മാണം.

ജോൺ വിക്ക്, ഫാസ്‌റ്റ് ആന്‍ഡ് ഫ്യൂരിയസ് തുടങ്ങീ ചിത്രങ്ങൾക്ക് ആക്ഷൻ കൊറിയോഗ്രാഫി ഒരുക്കിയ ജെജെ പെറിയാണ് ടോക്‌സിക്കിന്‍റെയും സംഘട്ടന രംഗങ്ങൾക്ക് പിന്നിൽ. ഹോളിവുഡ് കമ്പനിയായ ഡിഎൻഇജി ആണ് സിനിമയുടെ വിഎഫ്‌എക്‌സ്‌ രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.

Also Read: "ടോക്‌സിക് പരമ്പരാഗത മാമൂലുകളെ ധിക്കരിക്കും", കുറിപ്പുമായി ഗീതു മോഹന്‍ദാസ് - GEETHU MOHANDAS ABOUT YASH

ABOUT THE AUTHOR

...view details