എറണാകുളം : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെത്തുടർന്ന് മലയാള സിനിമയെ പിടിച്ചു കുലുക്കിയ സംഭവവികാസങ്ങൾ നടന്നുകൊണ്ടിരിക്കെ നടൻ മുകേഷിനെതിരെ കാസ്റ്റിങ് ഡയറക്‌ടർ ടെസ് ജോസഫ് എക്‌സിലൂടെ ഉന്നയിച്ച ആരോപണം വീണ്ടും ചർച്ചയാകുന്നു. 2018 ൽ മീ ടൂ ക്യാമ്പയിൻ്റെ ഭാഗമായാണ് ടെസ് ജോസഫിൻ്റെ തുറന്നുപറച്ചിൽ സംഭവിച്ചത്.
അന്നത്തെ ടെസ് ജോസഫിൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. കൃത്യമായി പറഞ്ഞാൽ 19 വർഷം മുമ്പാണ് താൻ കോടീശ്വരൻ അടക്കമുള്ള ജനപ്രിയ പരിപാടികൾ ചെയ്‌തുകൊണ്ടിരുന്ന ഡെറക് ഒബ്രിയൻ അസോസിയേറ്റ്‌സിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. മുകേഷ് ഭാഗമായ കോടീശ്വരൻ പരിപാടിക്കിടെ അദ്ദേഹത്തിൻ്റെ അവതരണം മികച്ചതാണെന്ന് തോന്നിയപ്പോൾ നേരിട്ട് അഭിനന്ദിച്ചു.
അന്നേദിവസം മുകേഷ് അടക്കം പരിപാടിയുടെ അണിയറ പ്രവർത്തകർ എല്ലാവരും ഡിന്നറിന് ഒത്തുകൂടി. സന്തോഷത്തോടെ സൗഹാർദപരമായി പിരിഞ്ഞ ഡിന്നറിനു ശേഷം അന്ന് രാത്രി മുകേഷ് തന്നെ വീണ്ടുമൊരു ഡിന്നറിന് റൂമിലേക്ക് ക്ഷണിച്ചു. മുകേഷിൻ്റെ ആവശ്യം നിരസിച്ചതോടെ തൻ്റെ മുറിയിലേക്ക് മുകേഷ് നിരന്തരം വിളിച്ച് ശല്യപ്പെടുത്തി കൊണ്ടിരുന്നു. മുകേഷിൻ്റെ നിരന്തരമായുള്ള ഫോൺകോൾ തന്നെ ശല്യം ചെയ്യുന്നു എന്ന് ബോധ്യമായതോടെ സുഹൃത്തിൻ്റെ മുറിയിലാണ് അന്നേദിവസം കഴിച്ചുകൂട്ടിയത്.