നടന്‍ നിവിൻ പോളിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതി നൽകിയ യുവതിയുടെ മൊഴിയിൽ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനൊരുങ്ങി പൊലീസ്. നവംബർ, ഡിസംബർ മാസങ്ങളിൽ ദുബൈയിലെ ഹോട്ടൽ മുറിയിൽ വച്ച് നിവിൻ പോളിയും സംഘവും തന്നെ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.
ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നിവിൻ പോളിയുടെയും യുവതിയുടെയും യാത്രാ രേഖകളും പാസ്പോർട്ടും പരിശോധിക്കും. കൂടാതെ ദുബൈയിലെ ഹോട്ടൽ അധികൃതരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ പരാതി ആരോപിക്കുന്ന സമയത്ത് യുവതി കേരളത്തിലായിരുന്നുവെന്നും പൊലീസിന് സൂചന ലഭിച്ചു. കൃത്യമായ വിവര ശേഖരണത്തിന്‍റെ അടിസ്ഥാനത്തിൽ വസ്‌തുതകൾ പുറത്തു വിടുമെന്നാണ് പൊലീസിന്‍റെ മറുപടി
യുവതിയുടെ ആദ്യ പരാതിയിൽ, 2021ന് ശേഷം നിവിൻ പോളി പ്രസ്‌തുത ഹോട്ടലിൽ താമസിച്ചിട്ടില്ലെന്ന് ഊന്നുകൽ പൊലീസിന് ആദ്യം തന്നെ ബോധ്യപ്പെട്ടിരുന്നു. യുവതിയുടെ പരാതിയില്‍ കേസിലെ ഒന്നാം പ്രതിയാണ് ശ്രേയ. നിവിന്‍ പോളി ആറാം പ്രതിയുമാണ്. യൂറോപ്പില്‍ കെയര്‍ ഗീവര്‍ ആയി ജോലി തരപ്പെടുത്താം എന്ന പേരില്‍ തന്നെ ദുബൈയില്‍ എത്തിച്ച് സിനിമക്കാര്‍ക്ക് കാഴ്‌ച്ചവച്ചു എന്നുള്ളതാണ് ശ്രേയയ്‌ക്കെതിരെയുള്ള യുവതിയുടെ പരാതി. നിർമാതാവ് എ.കെ സുനിൽ, ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
നിവിൻ പോളി അടങ്ങുന്ന സംഘം, തന്നെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു എന്ന് പരാതിക്കാരി പിന്നീട് നൽകിയ കേസ് ഊന്നുകൽ പൊലീസ് തള്ളിക്കളഞ്ഞിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ പരാതിയിലാണ് നിവിൻ പോളിക്ക് എതിരെയുള്ള കേസ് പ്രസക്തമായത്.
Also Read: 'പീഡനം നടന്നുവെന്ന് പറയപ്പെടുന്ന ദിവസം നിവിൻ പോളി എനിക്കൊപ്പം'; ചിത്രം പങ്കുവച്ച് ഭഗത് മാനുവൽ - BHAGATH MANUEL shares fb post