കേരളം

kerala

ETV Bharat / entertainment

താലി ചാര്‍ത്തേണ്ട വേദിയില്‍ പ്രാണനായിരുന്നവന്‍ കൂടെയില്ലാതെ ശ്രുതി; ചേര്‍ത്ത് പിടിച്ച് മമ്മൂട്ടി

ട്രൂത്ത് മാംഗല്യം എന്ന പേരില്‍ നടത്തിയ സമൂഹ വിവാഹ ചടങ്ങിലായിരുന്നു ശ്രുതിയുടെയും ജെന്‍സന്‍റെയും വിവാഹം നടക്കേണ്ടിയിരുന്നത്.

WAYANAD SURVIVOR SRUTHI  SRUTHI ATTEND TRUTH MANGALYAM EVENT  ശ്രുതി മമ്മൂട്ടിയെ കണ്ടു  ശ്രുതി ജെന്‍സന്‍ വയനാട് ദുരന്തം
മമ്മൂട്ടിക്കൊപ്പം ശ്രുതി (ETV Bharat)

By ETV Bharat Entertainment Team

Published : Oct 29, 2024, 12:31 PM IST

പ്രാണനായിരുന്നവന്‍ കൂടെയില്ലാതെയാണ് മമ്മൂട്ടിയെ കാണാന്‍ ശ്രുതി കൊച്ചിയില്‍ എത്തിയത്. വയനാട് ദുരന്തത്തില്‍ സകലതും നഷ്‌ടപ്പെട്ടപ്പോഴും ശ്രുതിയെ ചേര്‍ത്ത് പിടിക്കാന്‍ ജെന്‍സന്‍ കൂടെയുണ്ടായിരുന്നു. ശ്രുതിയുടെയും ജെന്‍സന്‍റെയും കഥയറിഞ്ഞ മമ്മൂട്ടി തന്‍റെ സുഹൃത്ത് സമദ് 'ട്രൂത്ത് മാംഗല്യം' എന്ന പേരില്‍ ഒരുക്കുന്ന സമൂഹ വിവാഹത്തില്‍ ജെന്‍സനെയും ശ്രുതിയേയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആ ചടങ്ങിന് വേണ്ടിയുള്ള തയാറെടുപ്പിനിടെയാണ് അപ്രതീക്ഷിതമായി എത്തിയ വാഹനാപകടത്തില്‍ ജെന്‍സന്‍റെ ജീവന്‍ പൊലിയുന്നത്.

കൊച്ചിയില്‍ 40 യുവതി യുവാക്കളുടെ 'ട്രൂത്ത് മാംഗല്യം' എന്ന പേരില്‍ നടത്തിയ സമൂഹ വിവാഹത്തിലാണ് ശ്രുതി പങ്കെടുത്തത്. ഇതില്‍ ഒരു വിവാഹം ശ്രുതിയുടെയും ജെന്‍സന്‍റെയുമായിരുന്നു. ഈ ചടങ്ങിലാണ് ശ്രുതി അതിഥിയായി എത്തി മമ്മൂട്ടി നല്‍കിയ സമ്മാനം സ്വീകരിച്ചത്. വയനാട്ടിലുണ്ടായ വാഹനാപകടത്തില്‍ ജെന്‍സന്‍ മരണപ്പെട്ടതോടെ സമൂഹ വിവാഹത്തില്‍ ശ്രുതിയെ വിളിക്കണമെന്നും ശ്രുതിക്കായി കരുതിവച്ചതെല്ലാം നേരിട്ട് നല്‍കണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ട്രൂത്ത് ഫിലിംസിന്‍റെ മാനേജിംഗ് ഡയറക്‌ടര്‍ സമദ് അതിന് ആവശ്യമായ ക്രമീകരണമെല്ലാം ചെയ്‌തു. വിവാഹച്ചടങ്ങില്‍ അതിഥിയായി എത്തിയ ശ്രുതിക്ക് മമ്മൂട്ടി ചെക്ക് നേരിട്ട് ഏല്‍പ്പിച്ചു.

മമ്മൂട്ടിക്കൊപ്പം വേദി പങ്കിടുന്ന ശ്രുതിയുടെ ദൃശ്യങ്ങള്‍ മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന റോബര്‍ട്ട് കുര്യാക്കോസാണ് സമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.

"ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കുമില്ല. എന്നാലും ഇതൊരു പ്രതീകമാണ്. സ്നേഹത്തിന്‍റെ പ്രതീകം". ശ്രുതിയെ ചേര്‍ത്ത് നിര്‍ത്തി മമ്മൂട്ടി പറഞ്ഞു. സമൂഹ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശ്രുതി മറ്റ് വധൂവരന്മാരെ ആശംസിക്കുകയും ചെയ്‌തു.

റോബർട്ട് കുര്യക്കോസ് പങ്കുവച്ച കുറിപ്പ്

"ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്നേഹത്തിന്റെ പ്രതീകം" ട്രൂത്ത് ഗ്രൂപ്പിന്‍റെ ചെയർമാനും മമ്മൂക്കയുടെ സുഹൃത്തുമായ സമദിന്‍റെ നേതൃത്വത്തിൽ നടത്തിവരുന്ന സമൂഹ വിവാഹ പദ്ധതിയായ “ട്രൂത്ത് മാംഗല്യം” വേദിയിൽ വെച്ച് ശ്രുതിയെ ചേർത്തുനിർത്തി മമ്മൂക്ക പറഞത് ഇങ്ങനെ ആയിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

40 യുവതി യുവാക്കളുടെ ട്രൂത്ത് മാംഗല്യം എന്ന ഈ സമൂഹവിവാഹ ചടങ്ങിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ഒരു മാംഗല്യം ശ്രുതിയുടെയും ജെൻസന്‍റെയുമായിരുന്നു.

വയനാട് ദുരന്തത്തിൽ ഉറ്റവർ നഷ്‌ടമായ ശ്രുതിയുടെയും ജെൻസന്‍റെയും കഥ അറിഞ്ഞപ്പോൾ തന്നെ മമ്മൂക്ക സമദിനോട് ശ്രുതിയുടെ വിവാഹം ഈ വേദിയിൽ വെച്ച് നടത്താൻ നിർദ്ദേശിച്ചിരുന്നു. അതിനായി വേണ്ടുന്നതെല്ലാം അന്ന് തന്നെ മമ്മൂക്ക സമദിന് കൈമാറിയിരുന്നു.

തുടർന്ന് വിവാഹത്തിന് തയ്യാറാവുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു കാറപകടത്തിൽ ജെൻസൺ ശ്രുതിയോട് യാത്രപറഞ്ഞത്. എങ്കിലും ഈ സമൂഹവിവാഹ ചടങ്ങിലേക്ക് ശ്രുതിയെയും വിളിക്കണമെന്നും, അവർക്കായി കരുതിവെച്ചതെല്ലാം ശ്രുതിയെ തന്നെ നേരിട്ട് ഏൽപ്പിക്കണമെന്നും മമ്മൂക്ക ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സമദിന്‍റെ ക്ഷണം സ്വീകരിച്ച ശ്രുതി വിവാഹ ചടങ്ങിലെ മറ്റു വധുവരൻമാർക്കായുള്ള ആശംസകളുമായി എത്തി. ശ്രുതിക്കും ജെൻസനുമായി കരുതിവെച്ച ആ തുക മമ്മൂക്ക തന്നെ കൈ മാറണം എന്ന സമദിന്‍റെ അഭ്യർത്ഥന മമ്മൂക്കയും സ്വീകരിച്ചപ്പോൾ, ശ്രുതിയുടെ കണ്ണും മനസ്സും ഒരുപോലെ ഈറനനിയുന്നുണ്ടായിരുന്നു !

Also Read:'ശ്രുതിയുടെ വേദന.. ചിന്തിക്കാവുന്നതിനും അപ്പുറം'; ജെന്‍സന്‍റെ വിയോഗത്തില്‍ വേദന പങ്കിട്ട് മമ്മൂട്ടി

ABOUT THE AUTHOR

...view details