ചിയാൻ വിക്രം ആരാധകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് 'തങ്കലാൻ'. പാ രഞ്ജിത്താണ് ഈ ആക്ഷൻ ഡ്രാമ സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ 'തങ്കലാ'ന്‍റെ ട്രെയിലർ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിർമാതാക്കൾ.
ജൂലൈ 10നാണ് ട്രെയിലർ റിലീസ് ചെയ്യുക. അതേസമയം ഓഗസ്റ്റിൽ തിയേറ്റർ റിലീസിന് തയ്യാറെടുക്കുകയാണ് 'തങ്കലാൻ' എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല. ഏതായാലും ട്രെയിലർ വരുന്നുവെന്ന വാർത്ത എത്തിയതോടെ ആരാധകർ ആഘോഷത്തിമിർപ്പിലാണ്.
എക്‌സിലൂടെയാണ് ചിത്രത്തിന്‍റെ നിർമാതാക്കൾ ട്രെയിലർ റിലീസ് തീയതി പുറത്തുവിട്ടത്. 'തങ്കലാ'ന്‍റെ പുതിയ പോസ്റ്ററും ഇതിനോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്. പോസ്റ്ററിൽ, കോലാർ ഗോൾഡ് ഫീൽഡിലെ ഒരു കൂട്ടം സഹപ്രവർത്തകരുടെ ഇടയിൽ നിൽക്കുന്ന തങ്കലാനെ കാണാം. "സ്വേച്ഛാധിപത്യത്തിന്‍റെയും വീര്യത്തിന്‍റെയും കീഴടക്കലുകളുടെയും ഒരു യുഗം. #തങ്കാലൻ ട്രെയിലർ ജൂലൈ 10 ന് പുറത്തിറങ്ങും" എന്നാണ് പോസ്റ്റിന്‍റെ അടിക്കുറിപ്പ്. വിക്രമാണ് ടൈറ്റിൽ കഥാപാത്രമായ തങ്കലാനെ അവതരിപ്പിക്കുന്നത്.
2024 ജനുവരിയിലാണ് ആദ്യം 'തങ്കലാൻ' സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. പിന്നീട് റിലീസ് നീളുകയായിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഓഗസ്റ്റ് 15-ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രെയിലർ ലോഞ്ചിനൊപ്പം റിലീസ് തീയതിയും ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ.
ജിയോ സ്റ്റുഡിയോസ്, സ്റ്റുഡിയോ ഗ്രീൻ, നീലം പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'തങ്കലാൻ' ചരിത്രപരമായ ആക്ഷൻ ഡ്രാമയായിരിക്കുമെന്നാണ് വിലയിരുത്തൽ. മാളവിക മോഹനൻ, പാർവതി തിരുവോത്ത്, പശുപതി, ഡാനിയൽ കാൽടാഗിറോൺ, അർജുൻ അൻബുദൻ, സമ്പത്ത് റാം എന്നിവരും ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കർണാടകയിലെ കോലാർ ഗോൾഡ് ഫീൽഡിന്‍റെ പശ്ചാത്തലത്തിലാണ് സിനിമയുുടെ കഥ വികസിക്കുന്നത്. സ്വർണ ഖനനത്തിനായി തങ്ങളുടെ ഭൂമി ചൂഷണം ചെയ്യാൻ ലക്ഷ്യമിടുന്ന ബ്രിട്ടീഷ് കൊളോണിയൽ സേനയ്‌ക്കെതിരായ ഒരു ആദിവാസി നേതാവിന്‍റെ ചെറുത്തുനിൽപ്പിനെ കേന്ദ്രീകരിച്ചാണ് തങ്കലാൻ ഒരുക്കിയിരിക്കുന്നത്. ജിവി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ കിഷോർ കുമാർ ആണ്. എഡിറ്റിങ് സെൽവ ആർകെയും നിർവഹിക്കുന്നു.
ALSO READ:വെള്ളിത്തിര കീഴടക്കാനൊരുങ്ങി ദുൽഖർ സൽമാൻ; ലക്കി ഭാസ്‌കർ റിലീസിങ് തീയതി പ്രഖ്യാപിച്ചു