സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹിസ്റ്റോറിക്കൽ ഫാൻ്റസി ചിത്രമാണ് ചിയാൻ വിക്രം നായകനാകുന്ന 'തങ്കലാൻ'. അടുത്തിടെയാണ് ഈ ചിത്രത്തിന്‍റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ആരാധകർക്കിടയിൽ ആവേശത്തിൻ്റെ തിരമാലകൾ സൃഷ്‌ടിച്ച ട്രെയിലർ മികച്ച പ്രതികരണം നേടിയിരുന്നു.
ഇപ്പോഴിതാ ഏവരുടെയും ആവേശം ഇരട്ടിയാക്കി ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവന്നിരിക്കുകയാണ്. ജി വി പ്രകാശ് കുമാർ ഈണമിട്ട 'മിനിക്കി മിനിക്കി' എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയാണ് നിർമാതാക്കൾ പുറത്തുവിട്ടത്. നാടോടി സംഗീതത്തിൻ്റെ ആഘോഷമാണ് ഈ ഗാനം. സിന്ദൂരി വിശാൽ ആണ് ആലാപനം. വരികൾ എഴുതിയിരിക്കുന്നത് ഉമ ദേവിയാണ്.
ഗോത്രസമൂഹത്തിന്‍റെ ഊർജ്ജസ്വലമായ താളവുമായി എത്തിയ ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്. വിക്രമിനൊപ്പം പാർവതി തിരുവോത്തും ഗാനരംഗത്തിൽ ചടുലമായ നൃത്തച്ചുവടുകളുമായി ഉണ്ട്. ഗോത്ര സമൂഹത്തിൻ്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിൻ്റെ സാരാംശം മനോഹരമായി പകർത്തുന്നുണ്ട് 'മിനിക്കി മിനിക്കി'.
തമിഴിന് പുറമെ ഹിന്ദി, തെലുഗു, തമിഴ്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലും ഗാനം റിലീസ് ചെയ്‌തിട്ടുണ്ട്. 'ഉത്സവം ആരംഭിക്കട്ടെ' എന്ന് കുറിച്ചുകൊണ്ടാണ് സംഗീത സംവിധായകൻ ജിവി പ്രകാശ് കുമാർ ഗാനം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഏതായാലും പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമുയർത്തുന്നതാണ് ഈ ഗാനം.
പാ രഞ്ജിത്ത് ആണ് 'തങ്കലാൻ' സിനിമയുടെ സംവിധായകൻ. നൂറ്റാണ്ടുകൾക്ക് മുമ്പ് ബ്രിട്ടീഷുകാർ ചൂഷണം ചെയ്‌ത കർണാടകയിലെ കോലാർ ഗോൾഡ് ഫീൽഡിൻ്റെ ചരിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പാ രഞ്ജിത്ത് ഈ ചിത്രം ഒരുക്കിയത്. സ്വർണ ഖനനത്തിനായി തങ്ങളുടെ ഭൂമി ചൂഷണം ചെയ്യാൻ ലക്ഷ്യമിട്ട ബ്രിട്ടീഷ് കൊളോണിയൽ സേനയ്‌ക്കെതിരെ ഒരു ആദിവാസി നേതാവ് നടത്തുന്ന ചെറുത്തുനിൽപ്പാണ് ഈ ചിത്രം തിരശീലയിലേക്ക് പകർത്തുന്നത് എന്നാണ് വിവരം.
ഓഗസ്റ്റ് 15ന് ചിത്രം തിയേറ്ററുകളിൽ എത്തും. ആദ്യം 2024 ജനുവരിയിലാണ് 'തങ്കലാന്‍റെ' റിലീസ് നിശ്ചയിച്ചിരുന്നത്. പിന്നീട് റിലീസ് നീളുകയായിരുന്നു. ജിയോ സ്റ്റുഡിയോസ്, സ്റ്റുഡിയോ ഗ്രീൻ, നീലം പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന 'തങ്കലാൻ' സിനിമയിൽ മാളവിക മോഹനൻ, പശുപതി, ഡാനിയൽ കാൽടാഗിറോൺ, അർജുൻ അൻബുദൻ, സമ്പത്ത് റാം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ കിഷോർ കുമാർ ആണ്. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് സെൽവ ആർകെയുമാണ്.
ALSO READ:കാത്തിരിപ്പിന് വിരാമം; ചിയാൻ വിക്രത്തിന്‍റെ 'തങ്കലാൻ' ട്രെയിലർ പുറത്ത്