കേരളം

kerala

ETV Bharat / entertainment

അതിരുകടന്ന് ആരാധക ആവേശം; തിരുവനന്തപുരത്ത് വിജയ് സഞ്ചരിച്ച കാര്‍ തകര്‍ന്നു - Vijay in kerala for The GOAT shoot

'ദി ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം' സിനിമയുടെ ചിത്രീകരണത്തിനായാണ് വിജയ് കേരളത്തിലെത്തിയത്

Actor Vijay returned to Kerala  Actor Vijay in Kerala  Vijay The Greatest of All Time  Vijays car broke down
Vijay's car broke down

By ETV Bharat Kerala Team

Published : Mar 19, 2024, 11:09 AM IST

ആരാധക ആവേശത്തിൽ തകർന്ന് വിജയ് സഞ്ചരിച്ച കാർ

പുതിയ സിനിമയായ 'ദി ഗോട്ടി'ന്‍റെ (ദി ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം) ചിത്രീകരണത്തിനായി കേരളത്തിലെത്തിയ തമിഴ് സൂപ്പര്‍താരം വിജയ് സഞ്ചരിച്ച കാർ ആരാധകരുടെ ആവേശത്തിൽ തകർന്നു. തിങ്കളാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെയാണ് ചെന്നൈയില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തിൽ വിജയ് തിരുവനന്തപുരത്ത് എത്തിയത്. ആഭ്യന്തര ടെർമിനലിലെത്തിയ വിജയ്​യെ കാത്ത് ആയിരക്കണക്കിന് ആരാധകർ വിമാനത്താവളത്തില്‍ തമ്പടിച്ചിരുന്നു.

ബാനറുകളും ഫ്ലക്‌സ് ബോർഡുകളുമായി ഉച്ചമുതല്‍ തന്നെ ആരാധകസംഘം വിമാനത്താവളത്തില്‍ എത്തിച്ചേർന്നിരുന്നു. ആരാധകരെ നിയന്ത്രിക്കാനായി വന്‍ പൊലീസ് സംഘവും എത്തി. ഏറെ പണിപ്പെട്ടാണ് സുരക്ഷ ഉദ്യോഗസ്ഥരും പൊലീസും താരത്തെ ഹോട്ടലിൽ എത്തിച്ചത്. ഇതിനിടെയാണ് വിജയ് സഞ്ചരിച്ച കാറിന് കേടുപാടുകളുണ്ടായത്.

വിമാനത്താവളത്തില്‍ നിന്നും വിജയ് താമസിക്കുന്ന ഗ്രാന്‍ഡ് ഹയാറ്റ് റീജന്‍സിലേക്കുള്ള യാത്രയിയാണ് ഇന്നോവ ക്രിസ്റ്റ വാഹനം ആരാധകരുടെ തള്ളിക്കയറ്റത്തില്‍ തകര്‍ന്നത്. വിജയ്‌യുടെ തകർന്ന നിലയിലുള്ള കാറിന്‍റെ ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാറിന്‍റെ ചില്ല് തകര്‍ന്ന് ക്യാബിന് ഉള്ളിലേക്ക് വീണതായി ഫോട്ടോകളിൽ കാണാം. കൂടാതെ ഡോർ ഉൾപ്പടെ ബോഡിക്കും സാരമായ തകരാറുണ്ട്.

നീണ്ട 14 വർഷങ്ങൾക്ക് ശേഷം:തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും രാജ്യാന്തര വിമാനത്താവളവുമാണ് 'ദി ഗോട്ടി'ന്‍റെ പ്രധാന ലൊക്കേഷനുകൾ. നേരത്തെ ശ്രീലങ്കയില്‍ ചിത്രീകരണം നിശ്ചയിച്ചിരുന്ന ഭാഗങ്ങളാണ് തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യുന്നത്. ലൊക്കേഷന്‍ സന്ദര്‍ശനത്തിനായി സംവിധായകന്‍ വെങ്കട് പ്രഭു നേരത്തെ തിരുവനന്തപുരത്ത് എത്തിയിരുന്നു.

14 വര്‍ഷങ്ങൾക്ക് ശേഷമാണ് വിജയ് കേരളത്തിൽ എത്തിയത് എന്നതും ആരാധകരുടെ ആവേശം ഇരട്ടിയാക്കാൻ ഇടയായി. വർഷങ്ങൾക്ക് ശേഷമുള്ള വിജയ്‌യുടെ മടങ്ങിവരവ് ആഘോഷമാക്കാൻ മലയാളി ആരാധകർ ആവേശത്തോടെയാണ് കാത്തിരുന്നത്. 'കാവലന്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനായി ആയിരുന്നു ഇതിനുമുന്‍പ് വിജയ് കേരളത്തില്‍ വന്നത്.

മീനാക്ഷി ചൗധരിയാണ് 'ദി ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെമി'ലെ നായിക. പ്രഭുദേവ, ജയറാം, പ്രശാന്ത്, ലൈല, സ്‌നേഹ, അജ്‌മല്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംജി അമരന്‍ എന്നിവരും ഗോട്ടില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഒരു ടെെം ട്രാവൽ സിനിമയായിരിക്കും 'ദി ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്നാണ് റിപ്പോർട്ടുകൾ. ഇരട്ടവേഷത്തിലാകും വിജയ് ഈ ചിത്രത്തിൽ എത്തുകയെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഈ ചിത്രത്തിനായി തിരക്കഥ എഴുതിയിരിക്കുന്നതും സംവിധായകൻ വെങ്കട്ട് പ്രഭു തന്നെയാണ്. എ ജി എസ് എന്‍റർടെയിൻമെന്‍റ് നിർമിക്കുന്ന ദി ഗോട്ടിന്‍റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത് യുവൻ ശങ്കർ രാജയാണ്. സിദ്ധാർത്ഥ് നൂനി ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്‍റെ എഡിറ്റർ വെങ്കട് രാജനാണ്. സംഘട്ടന സംവിധാനം നിർവഹിക്കുന്നത് ദിലീപ് സുബ്ബരായനുമാണ്.

ABOUT THE AUTHOR

...view details