കോട്ടയം: മള്ളിയൂരിലെ ശ്രീ മഹാഗണപതി ക്ഷേത്രത്തെ സംഗീതത്തില്‍ അലിയിച്ച് വിജയ് യേശുദാസ്. 'പാവന ഗുരുപവനപുര ധീശമാശ്രയേ... ജീവന ധാര സംഘാശം'... എന്ന് തുടങ്ങുന്ന ഹംസനന്ദി രാഗത്തിലുള്ള ലളിത ദാസരുടെ ഗുരുവായൂരപ്പനെ സ്‌തുതിച്ചുകൊണ്ടുള്ള സംസ്‌കൃത കൃതി ആലപിച്ചു കൊണ്ടാണ് കച്ചേരി ആരംഭിച്ചത്.
ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി സ്ഥാപിച്ച കുറുപ്പന്തറയക്കടുത്ത് മള്ളിയൂരിലെ ശ്രീ മഹാ ഗണപതി ക്ഷേത്രത്തിലെ വിനായക ചതുർഥി മഹോത്സവത്തിന്‍റെ ഭാഗമായാണ് സംഗീത കച്ചേരി അവതരിപ്പിക്കാന്‍ വിജയ് യേശുദാസ് എത്തിയത്. വിനായക ചതുർഥി മഹോത്സവത്തോട് അനുബന്ധിച്ചുള്ള തിരുവുത്സവത്തിന്‍റെ അഞ്ചാം ദിവസം വൈകിട്ടായിരുന്നു വിജയ് യേശുദാസിന്‍റെ സംഗീത വിരുന്ന്. ക്ഷേത്രത്തിലെത്തിയ വിജയ് യേശുദാസിനെ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയും മള്ളിയൂർ ദിവാകരൻ നമ്പൂതിരിയും ചേർന്ന് സ്വീകരിച്ചു. 7.30ന് വൈഷ്‌ണവ ഗണപതിയായ മള്ളിയൂർ മഹാ ഗണപതിയുടെ അനുഗ്രഹം ഏറ്റുവാങ്ങി ഗണേശ മണ്ഡപത്തിൽ നിറഞ്ഞ സദസിന് മുന്നിലാണ് വിജയ് യേശുദാസ് സംഗീത സന്ധ്യ അവതരിപ്പിച്ചത്.
ചെമ്പൈ വൈദ്യനാഥ ഭാഗവതരും പിന്നീട് യേശുദാസും പാടി അനശ്വരമാക്കിയ കൃതി യേശുദാസിന്‍റെ മകന്‍ തന്നെ വേദിയില്‍ ആലപിച്ചപ്പോള്‍ തിങ്ങിനിറഞ്ഞ ജനങ്ങളുടെ മനസ് നിറഞ്ഞു. ഏഴ് മിനിറ്റ് നീളമുള്ള ഈ കൃതിയും മറ്റു കീര്‍ത്തനങ്ങളുമാണ് ആലപിച്ചത്. ഇതുകൂടാതെ ജനപ്രിയ ഗുരുവായൂരപ്പ ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും ആലപിച്ചപ്പോള്‍ അത് ജനങ്ങള്‍ക്ക് മറക്കാനാവാത്ത ശ്രവ്യാനുഭവമായി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും