കണ്ണൂര്‍ : 'പാച്ചപൊയ്‌ക വനിത ബാങ്കിന് സമീപം പുഷ്‌പാലയം വീട്ടില്‍ വെള്ളുവക്കണ്ടി പവിത്രന്‍ (67) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10ന് പന്തക്കപ്പാറ പ്രശാന്തിയില്‍...' മംഗളൂരു ഹെഗ്ഡെ ആശുപത്രിയിൽ നിന്ന് പവിത്രനെയും കൊണ്ട് ആംബുലന്‍സില്‍ കണ്ണൂരിലേക്ക് വന്നുകൊണ്ടിരിക്കെ ബന്ധുക്കള്‍ പത്രവാര്‍ത്തയ്‌ക്കുള്ള വിവരങ്ങള്‍ പത്ര ഓഫിസില്‍ വിളിച്ച് അറിയിച്ചു. ബന്ധുക്കള്‍ പറഞ്ഞതനുസരിച്ച് പത്രങ്ങള്‍ ചരമ കോളത്തില്‍ ഫോട്ടോ അടക്കം വാര്‍ത്തയും നല്‍കി.
പവിത്രന്‍റെ മരണം വീട്ടിലും നാട്ടിലും അറിയുന്നു. ഇതിനിടെ മൃതദേഹം വീട്ടിലേക്ക് മാറ്റാതെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാം എന്ന തീരുമാനത്തിലേക്ക് ബന്ധുക്കള്‍ എത്തുകയായിരുന്നു. 'പരേതനായ' പവിത്രന്‍റെ ജീവിതം മാറ്റിമറിച്ചത് കണ്ണൂര്‍ എകെജി ആശുപത്രിയുടെ മോര്‍ച്ചറിയിലേക്കുള്ള യാത്രയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മോര്‍ച്ചറിക്ക് മുന്നില്‍ സ്‌ട്രെച്ചറില്‍ ചലനമറ്റ് പവിത്രന്‍ കിടക്കുന്നു. മോർച്ചറി തുറക്കാൻ ടെക്‌നീഷ്യനെ കാത്തുനിന്ന എകെജി ആശുപത്രിയിലെ അറ്റൻഡർ ജയൻ, ഒരു നിമിഷം സ്‌തംഭിച്ചു പോയി. പരേതന്‍റെ കൈ അനങ്ങുന്നു.ഉടനെ ഡോക്ടര്‍മാരെ വിവരമറിയിച്ചു. ഡോക്‌ടര്‍മാരെത്തി പള്‍സ് പരിശോധിച്ചപ്പോള്‍ പവിത്രനില്‍ ജീവന്‍റെ തുടിപ്പ്. ഉടന്‍ ഐസിയുവിലേക്ക് മാറ്റി.
'എന്‍റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനൊരു അനുഭവം. ഫ്രീസറില്‍ വയ്‌ക്കാന്‍ കൊണ്ടുപോകുന്ന വഴിയ്‌ക്ക് ജീവന്‍ തിരിച്ചു കിട്ടുന്നു. പേടിയെക്കാള്‍ ഉപരി സന്തോഷമാണ് തോന്നിയത്. ഡ്യൂട്ടി കഴിഞ്ഞും ഞാന്‍ ഐസിയുവില്‍ പോയി നോക്കിയിരുന്നു. ഞാന്‍ തൊട്ടു വിളിച്ചപ്പോള്‍ കണ്ണു തുറന്നു. വലിയ സന്തോഷം തോന്നി.' -അറ്റന്‍ഡര്‍ ജയന്‍റെ വാക്കുകള്‍ ഇങ്ങനെ.
ഐസിയുവിലാണെങ്കിലും 'പരേതനായ' പവിത്രന്‍ പതിയെ കണ്ണുതുറന്നു. 'ഇപ്പോള്‍ ഡോ പൂർണിമ റാവുവിന്‍റെ നേതൃത്വത്തിൽ ഉള്ള മെഡിക്കൽ സംഘമാണ് പവിത്രനെ ചികിത്സിക്കുന്നത്. മെഡിക്കല്‍ ടീം സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ഇപ്പോള്‍ തൊട്ടാല്‍ ആളറിയും. വെന്‍റിലേറ്റര്‍ സഹായമില്ലാതെ സുഖമായിരിക്കുകയാണ് പവിത്രനിപ്പോള്‍. ആരെയും അത്ഭുതപ്പെടുത്തുന്നതും അമ്പരപ്പിക്കുന്നതുമായ, കേട്ടുകേൾവിയില്ലാത്ത സംഭവം അരങ്ങേറി ദിവസം ഒന്നു പിന്നിടുമ്പോഴും പവിത്രൻ സുഖമായിരിക്കുന്നു എന്നത് മറ്റൊരു കൗതുകവും സന്തോഷവും നൽകുന്ന കാര്യമാണ്' -കണ്ണൂര്‍ എകെജി ആശുപത്രി പിആർഒ അശോകന്‍ പറയുന്നു.
മംഗളൂരു ഹെഗ്ഡെ ആശുപത്രിയിൽ ശ്വാസ തടസവും ഹൃദയ-വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്കും അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു പവിത്രന്‍. മൂന്നോ നാലോ ദിവസം, അതില്‍ കൂടുതല്‍ പവിത്രന് ആയുസ് ഇല്ലെന്ന് ആശുപത്രി അധികൃതര്‍ തീര്‍ത്തു പറഞ്ഞു. പ്രതീക്ഷ നഷ്‌ടപ്പെട്ടതോടെ പവിത്രനെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റാൻ കുടുംബവും തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്‌ച മംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് ആംബുലന്‍സില്‍ കൊണ്ടുവരുന്നതിനിടെയാണ് സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റ് സംഭവിക്കുന്നത്.
Also Read: ഗോപൻ സ്വാമിയുടെ 'സമാധി' പൊളിക്കാനുള്ള നീക്കം; കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും