ഇളയ ദളപതി വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ന്നിട്ടുള്ള ചിത്രമായിരിക്കുകയാണ് 'ദളപതി 69'. 'തമിഴക വെട്രി കഴകം' എന്ന രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിച്ചതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട അപ്ഡേറ്റുകള്‍ ഇടയ്‌ക്കിടെ അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്കായി പുറത്തു വിടുന്നുണ്ടായിരുന്നു. ചിത്രത്തിന്‍റെ പൂജ ഇന്ന് ചെന്നൈയില്‍ വച്ച് നടന്നു. ചിത്രത്തിലെ അഭിനേതാക്കളും മറ്റ് സാങ്കേതിക പ്രവര്‍ത്തകരും പൂജയില്‍ പങ്കെടുത്തു.
നാളെ ( ഒക്‌ടോബര്‍ 5) ചിത്രീകരണം ആരംഭിക്കും. ശേഖര്‍ മാസ്‌റ്ററുടെ കോറിയോഗ്രാഫിയില്‍ ഗംഭീര ഗാനമാണ് നാളെ ചിത്രീകരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
തുടര്‍ന്ന് ഹൈദരാബാദിലായിരിക്കും ഒരു മാസത്തോളമുള്ള ചിത്രീകരണം നടക്കുക. പിന്നീട് വിദേശത്തും ചിത്രീകരിക്കും.
എച്ച് വിനോദ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് കെ വി എന്‍ പ്രൊഡക്‌ഷന്‍സാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചിത്രത്തിലെ അഭിനേതാക്കളെ ഓരോന്നായി പരിചയപ്പെടുത്തുകയായിരുന്നു നിര്‍മാതാക്കള്‍. ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത് ബോബി ഡിയോള്‍ ആണ്.
'ബീസ്‌റ്റ്' എന്ന ചിത്രത്തിന് ശേഷം വിജയ്‌യുടെ നായികയായി എത്തുന്നത് പൂജ ഹെഗ്‌ഡെ ആണ്. ഗംഭീരമായ ജോഡിയെ ഒരിക്കല്‍ കൂടി ബിഗ് സ്ക്രീനിലേക്ക് തിരികെ കൊണ്ടു വരുന്നുവെന്നാണ് പൂജയെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്‌തുകൊണ്ട് നിര്‍മാതാക്കള്‍ പറഞ്ഞത്.
മലയാളിയായ മമിത പ്രമോദും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗൗതം മേനോന്‍, പ്രിയ മണി എന്നിവരുടെ പേരുകളും നിര്‍മാതാക്കള്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.