വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് 'വർഷങ്ങൾക്കു ശേഷം'. തിയേറ്ററുകളിൽ 50 കോടി കളക്ഷൻ പിന്നിട്ട് പ്രദർശനം തുടരുകയാണ് ഈ ചിത്രം. ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും പ്രധാന വേഷങ്ങളിൽ എത്തിയ ഈ സിനിമയിൽ വൻതാരനിരയും അണിനിരന്നിരുന്നു. ഇപ്പോഴിതാ ഈ സിനിമ ചിത്രീകരണത്തിനിടെയുള്ള രസകരമായ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
ഷൂട്ടിങ് ദിവസത്തിലെ ഒരു രാത്രിയിൽ പാട്ട് പാടുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ വീഡിയോ പങ്കുവച്ചത്. 'ഞങ്ങൾ പാടും.. ഡയറക്‌ടർ ഉറങ്ങും', എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം വീഡിയോ പുറത്തുവിട്ടത്.
വിശാഖ് സുബ്രഹ്മണ്യത്തിനൊപ്പം ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, പ്രണവ് മോഹൻലാൽ, ബേസിൽ ജോസഫ്, ചിത്രത്തിന്‍റെ സഹ സംവിധായകൻ അഭയ് വാര്യർ എന്നിവരെ വീഡിയോയിൽ കാണാം. ഇവരെല്ലാവരും ചേർന്ന് 'നരൻ' സിനിമയിലെ വിനീത് പാടിയ 'ഓ ഹോ ഹോ ഓ നരൻ..' എന്ന പാട്ടാണ് പാടുന്നത്.