യുവ താരങ്ങളിൽ ശ്രദ്ധേയനായ ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന 'മാർക്കോ'യുടെ പുത്തൻ അപ്ഡേറ്റ് പുറത്ത്. മലയാളത്തിലെ തന്നെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലിൽ എത്തുന്ന ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ പുത്തന്‍ അപ്ഡേറ്റ് ക്യൂബ്സ് എന്റർടെയ്ൻമെന്റ്സാണ് പുറത്തുവിട്ടത്.
ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് ഗെറ്റപ്പ് ഇതിനകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. അതിനുപിന്നാലെ ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്ഡേറ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 'വയലൻസ് ഇൻകമിംഗ് ലെറ്റ്സ് കട്ട് ദ ക്രിസ്മസ് കേക്ക് വിത്ത് ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്' എന്ന പോസ്റ്ററുമായാണ് മാർക്കോയുടെ റിലീസ് അനൗൺസ്മെന്റ്. ചിത്രം വിതരണത്തിനെത്തിക്കുന്നതും ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് തന്നെയാണ്.
നിർമ്മിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുന്ന മലയാളത്തിലെ ആദ്യത്തെ നിർമ്മാണ കമ്പനി കൂടിയായി മാറിയിരിക്കുകയാണ് ഇതോടെ ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്'. തങ്ങൾ നിർമ്മിച്ച സിനിമയുടെ പ്രൊഡക്ഷൻ ക്വാളിറ്റിയിലുള്ള അവരുടെ ഉറച്ച വിശ്വാസം കൂടിയാണ് ഇതിലൂടെ മനസ്സിലാക്കാനാകുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന പോസ്റ്ററുകളും മേക്കിങ് വീഡിയോകളുമൊക്കെ സിനിമയ്ക്കായുള്ള ആകാംക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
മലയാളം ഇതുവരെ കാണാത്ത വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി 'മാർക്കോ' അഞ്ച് ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്. ആക്ഷന്‍ വലിയ പ്രാധാന്യം നല്കി സംവിധായകൻ ഹനീഫ് അദേനി ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്. ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.