പ്രഖ്യാപനം മുതൽ പ്രേക്ഷക സ്വീകാര്യത നേടിയ സിനിമയാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'. ഇപ്പോഴിതാ ജനപ്രീതിയുടെ അടിസ്ഥാനത്തിൽ ഐഎംഡിബിയിലെ മോസ്റ്റ് ആന്‍റിസിപ്പേറ്റഡ് ഇന്ത്യൻ മൂവീസ് (ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമ) ലിസ്റ്റിൽ രണ്ടാംസ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് 'ടർബോ'. സിനിമയുടെ ടീസർ, ട്രെയിലർ എന്നിവ പുറത്തുവരുന്നതിന് മുന്നേതന്നെ പ്രേക്ഷകർ ഏറ്റവുമധികം പ്രതീക്ഷയോടെ കാക്കുന്ന ഇന്ത്യൻ സിനിമയായി 'ടർബോ' മാറിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ട്.
ഉലകനായകൻ കമൽഹാസന്‍റെ 'ഇന്ത്യൻ 2', രാജ്‌കുമാർ റാവുവിന്‍റെ 'ശ്രീകാന്ത്' തുടങ്ങിയ സിനിമകളെ പിന്നിലാക്കിയാണ് 'ടർബോ' രണ്ടാംസ്ഥാനത്തേക്ക് മുന്നേറിയത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖാണ്. മിഥുൻ മാനുവൽ തോമസാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. മെയ് 23ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'ടർബോ' റിലീസ് ചെയ്യും.
'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമയാണ് 'ടർബോ', മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ ചിത്രവും. 'ടർബോ ജോസ്' എന്ന കഥാപാത്രത്തയാണ് ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ജീപ്പ് ഡ്രൈവറായ ജോസിന്‍റെ കഥയാണ് 'ടർബോ' പറയുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുഗു നടൻ സുനിലും 'ടർബോ'യിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് 'ടർബോ' ഒരുക്കിയത്. വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. വിഷ്‌ണു ശർമ്മയാണ് 'ടർബോ' സിനിമയുടെ ഛായാഗ്രാഹകൻ.