'സുന്ദരീ നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ'... 80കളിലെ തലമുറ ഒരു ദിവസം ഒരു നേരമെങ്കിലും ഈ ഗാനം മൂളാതിരിക്കില്ല. മലയാളത്തിന്‍റെ പ്രിയ സംഗീത സംവിധായകൻ ദേവരാജൻ മാസ്‌റ്ററുടെ സംഗീതത്തിൽ എം.ഡി രാജേന്ദ്രന്‍റെ ഗാനരചനയില്‍ കെജെ യേശുദാസ് ആലപിച്ച ഗാനം 1978ല്‍ പുറത്തിറങ്ങിയ 'ശാലിനി എന്‍റെ കൂട്ടുകാരി' എന്ന ചിത്രത്തിലേതാണ്.
46 വർഷം മുമ്പ് റിലീസ് ചെയ്‌ത ഗാനം മലയാളിയുടെ മനസ്സിൽ ഇന്നും പുതുമ നഷ്‌ടപ്പെടാതെ ജീവിക്കുന്നു. എന്നാൽ ആ ഗാനത്തിൽ വലിയൊരു പാകപ്പിഴ സംഭവിച്ചിട്ടുണ്ടെന്ന് ജി ദേവരാജൻ മാസ്‌റ്റർ പിൽക്കാലത്ത് തുറന്നു പറഞ്ഞിരുന്നു. സംഗീതത്തിലോ വരികളിലോ ഒരു തരത്തിലുമുള്ള പാകപ്പിഴകളും സംഭവിക്കരുതെന്ന് നിർബന്ധ ബുദ്ധിയുള്ള ആളാണ് ദേവരാജൻ മാസ്‌റ്റർ. എന്നാൽ ഈ ഗാനത്തിലെ തെറ്റ് തിരിച്ചറിയാതെ പോയെന്നാണ് അദ്ദേഹം പറയുന്നത്.
Shaalini Ente Koottukaari (ETV Bharat) ഇപ്പോഴിതാ ഇതേകുറിച്ച് ഇടിവി ഭാരതിനോട് തുറന്നു പറയുകയാണ് പ്രശസ്‌ത ഗാന നിരൂപകൻ ടിപി ശാസ്‌തമംഗലം. 'ശാലിനി എന്‍റെ കൂട്ടുകാരി' 1978ലാണ് റിലീസ് ചെയ്‌തതെങ്കിലും 1980 കളോടെയാണ് ഗാനം പുറത്തിറങ്ങുന്നത്. കേരളക്കരയാകെ കൊടുങ്കാറ്റ് പോലെ ആഞ്ഞു വീശിയ ഗാനമാണ് ഇതെന്നാണ് ടിപി ശാസ്‌തമംഗലം പറയുന്നത്.
Shaalini Ente Koottukaari (ETV Bharat) "കമിതാക്കളുടെ ഇഷ്‌ട ഗാനം. നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ എന്ന ഗാനം റിലീസ് ചെയ്‌തപ്പോൾ തന്നെ ഗാനത്തെ കുറിച്ചൊരു വിമർശനം, കലാകൗമുദി പ്രസിദ്ധീകരിച്ചിരുന്ന ഫിലിം മാഗസിനിൽ ഞാൻ എഴുതുകയുണ്ടായി. ഗാനത്തിന്‍റെ ആദ്യ വരിയിൽ സത്യത്തിൽ 'നിൻ തുമ്പ്' അല്ലല്ലോ കെട്ടേണ്ടത് മുടിയല്ലേ കെട്ടേണ്ടത്. 'നിൻ തുമ്പു കെട്ടി' എന്ന് പാടിയാൽ അർത്ഥം തന്നെ മാറിപ്പോയി.
Devarajan master (ETV Bharat) വരികൾ ഒരു ദുർവാഖ്യാനമായിരുന്നു. വിമർശനം എഴുതുന്നതിനോടൊപ്പം തന്നെ സംഭവം ദേവരാജൻ മാസ്‌റ്ററോട് നേരിട്ട് പറയുകയും ചെയ്‌തു. സംഭവം ഉൾക്കൊണ്ട് അത് എന്‍റെ അശ്രദ്ധ കൊണ്ട് സംഭവിച്ച് പോയതാണെന്ന് ദേവരാജൻ മാസ്‌റ്റർ പ്രതികരിക്കുകയും ചെയ്‌തിരുന്നു.
ചെറിയ വാക്കുകൾ പോലും സസൂക്ഷ്‌മം വീക്ഷിച്ച് തന്‍റെ ഈണങ്ങളിൽ ഉൾപ്പെടുത്തുന്ന ഒരാളാണ് അദ്ദേഹം. പക്ഷേ ഇങ്ങനെയൊരു പാകപ്പിഴ അദ്ദേഹം ശ്രദ്ധിച്ചില്ല. ഗാനത്തിലെ തെറ്റ് ചൂണ്ടിക്കാണിച്ചതോടെ ദേവരാജൻ മാസ്‌റ്ററുമായി മികച്ചൊരു ആത്‌മബന്ധം സൃഷ്‌ടിക്കാൻ സാധിച്ചു. നാലു പ്രാവശ്യത്തിൽ കൂടുതൽ തിരുവനന്തപുരത്തെ വസതിയിൽ അദ്ദേഹം വന്നിട്ടുണ്ട്."-ടിപി ശാസ്‌തമംഗലം പറഞ്ഞു.
TP Sasthamangalam (ETV Bharat) വലിയൊരു തെറ്റാണെങ്കില്‍ പോലും മലയാളികള്‍ക്ക് ആ വരികളിലെ ദുര്‍വ്യാഖ്യാനം മനസ്സിലായില്ലെന്നും അദ്ദേഹം പറഞ്ഞു. അതിന് കാരണം ആ ഗാനത്തിന്‍റെ മനോഹരമായ സംഗീതമാണെന്നും ടിപി വ്യക്‌തമാക്കി.
"എത്രയൊക്കെ ദുർവ്യാഖ്യാനമുള്ള വരികളാണെന്ന് പറഞ്ഞാലും അങ്ങനെ ഒരു ദുർവ്യാഖ്യാനം സത്യത്തിൽ മലയാളികൾക്ക് മനസ്സിലായിട്ടില്ല. വലിയൊരു തെറ്റാണെങ്കിൽ പോലും സംഗീതത്തിന്‍റെ മാസ്‌മരികതയില്‍ മലയാളി ആ ഗാനത്തിലെ പ്രണയം മാത്രമാണ് ശ്രദ്ധിച്ചത്. അത്രയും മനോഹരമായ ഒരു ഈണമായിരുന്നു ആ ഗാനത്തിന്.
അടുത്തിടെ റിലീസായ 'ഗഗനചാരി' എന്ന സിനിമയിൽ ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്. അരുൺ ചന്ദു സംവിധാനം ചെയ്‌ത ചിത്രത്തില്‍ ഭൂമിയിൽ എത്തിയ അനാർക്കലി മരയ്‌ക്കാരുടെ അന്യഗ്രഹ ജീവിയായ കഥാപാത്രം തിരികെ സ്വന്തം ഗ്രഹത്തിലേക്ക് പോകുമ്പോൾ ഗോകുൽ സുരേഷിന്‍റെ കഥാപാത്രം കൂടെ ഒരു വാക്‌മാനും കൊടുത്തു വിടുന്നുണ്ട്.
ആ വാക്‌മാനിൽ റെക്കോർഡ് ചെയ്‌ത് വച്ചിരിക്കുന്നത് നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ എന്ന ഗാനമാണ്. അന്യഗ്രഹ ജീവിയായ അനാർക്കലി മരയ്‌ക്കാരുടെ കഥാപാത്രത്തോട് ഗോകുൽ സുരേഷിന്‍റെ കഥാപാത്രത്തിന് തോന്നിയ പ്രണയം കൃത്യമായി എസ്‌റ്റാബ്ലിഷ് ചെയ്യാനാണ് സംവിധായകൻ ആ ഗാനം ഉപയോഗിച്ചതെന്ന് വ്യക്‌തമാകുന്നു."-ടിപി ശാസ്‌തമംഗലം പറഞ്ഞു.
Also Read: ശ്രീധരൻ മാഷും നീലിയും വീണ്ടും... നീലക്കുയിലിന്‍റെ 70-ാം വര്‍ഷത്തില്‍ നാടകം