ടൊവിനോ തോമസിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'അജയന്‍റെ രണ്ടാം മോഷണം'. തിയേറ്ററുകളില്‍ മികച്ച വിജയം കൈവരിച്ച ചിത്രം ഇപ്പോള്‍ ഒടിടിയിലും റിലീസിനെത്തിയിരിക്കുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട്സ്‌റ്റാറിലൂടെയാണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്‌തിരിക്കുന്നത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം ഒടിടിയില്‍ സ്‌ട്രീമിംഗ് ആരംഭിച്ചു. സെപ്‌റ്റംബര്‍ 12ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം, തിയേറ്റര്‍ റിലീസ് കഴിഞ്ഞ് 58 ദിവസങ്ങള്‍ക്ക് ശേഷമാണ് ചിത്രം ഒടിടിയില്‍ സ്‌ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
സുജിത്ത് നമ്പ്യാരുടെ രചനയില്‍ ജിതിന്‍ ലാലാണ് ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. 38 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടംപിടിച്ചു.
ഒരു പീരിയോഡിക്കള്‍ എന്‍റര്‍ടെയിനര്‍ വിഭാഗത്തിലായി ഒരുങ്ങിയ ചിത്രം മൂന്ന് കാലഘട്ടങ്ങളുടെ കഥയാണ് പറഞ്ഞത്. സിനിമയില്‍ ട്രിപ്പിള്‍ റോളിലാണ് ടൊവിനോ തോമസ് പ്രത്യക്ഷപ്പെട്ടത്. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയില്‍പെട്ട കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. കളരിക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമായതിനാല്‍ സിനിമയ്‌ക്ക് വേണ്ടി ടൊവിനോ കളരി അഭ്യസിച്ചിരുന്നു. എആര്‍എമ്മില്‍ സംഘട്ടന രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രം കൂടിയാണ് 'എആര്‍എം'.