കാത്തിരിപ്പിന് വിരാമം! ടൊവിനോ തോമസ് ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് 'അജയന്‍റെ രണ്ടാം മോഷണം' (എആര്‍എം). നീണ്ട കാത്തിരിപ്പിനൊടുവില്‍ ടൊവിനോ ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തുകയാണ്. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി 3ഡിയിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. കേരള ബോക്‌സ് ഓഫീസില്‍ ചിത്രം മികച്ച നമ്പറുകള്‍ സ്വന്തമാക്കുമെന്നാണ് കണക്കുക്കൂട്ടല്‍.
നവാഗതനായ ജിതിന്‍ ലാല്‍ ആണ് സംവിധാനം. ഒരു പീരിയോഡിക്കള്‍ എന്‍റര്‍ടെയിനര്‍ വിഭാഗത്തിലാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. 'അജയന്‍റെ രണ്ടാം മോഷണ'ത്തില്‍ ട്രിപ്പിള്‍ റോളിലാണ് ടൊവിനോ തോമസ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ടൊവിനോ തോമസ് മൂന്ന് വേഷങ്ങളില്‍ എത്തുന്നത്. സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്നുകൂടിയാണിത്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു ഫാന്‍റസി ചിത്രമാണ് 'അജയന്‍റെ രണ്ടാം മോഷണം'. കളരിക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമായതിനാല്‍ സിനിമയ്‌ക്ക് വേണ്ടി ടൊവിനോ തോമസ് കളരി അഭ്യസിച്ചിരുന്നു. ചിത്രത്തില്‍ സംഘട്ടന രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യമുണ്ട്.
മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയില്‍പെട്ട കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ മൂന്ന് നായികമാരാണ് ടൊവിനോയ്‌ക്ക്.