ഹൈദരാബാദ്: ഓസ്‌കര്‍ നാമനിർദേശ പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ ഡോക്യുമെന്‍ററി ചിത്രമാണ് 'ടു കിൽ എ ടൈഗർ'. നിഷ പഹൂജയുടെ സംവിധാനത്തില്‍ ജാർഖണ്ഡ് കൂട്ട ബലാത്സംഗത്തെ ആസപദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പതിമൂന്നു വയസുള്ള മകളെ ലൈംഗികമായി ആക്രമിച്ച കേസില്‍ കുറ്റവാളികളെ പിന്തുടര്‍ന്ന് മകൾക്കായി നീതിക്കുവേണ്ടി പോരാടുന്ന ഒരു ജാർഖണ്ഡ് കുടുംബത്തിന്‍റെ ഹൃദയ സ്‌പർശിയായ കഥയാണ് ചിത്രത്തിന്‍റെ പ്രമേയം.
തന്‍റെ മകളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച മൂന്ന് പേര്‍ക്കെതിരെയുള്ള രഞ്ജിത്ത് എന്ന പിതാവിന്‍റെ ഒറ്റയാള്‍ പോരാട്ടമാണ് 'ടു കില്‍ എ ടൈഗര്‍'. പരാതിയും ആരോപണങ്ങളും പിന്‍വലിച്ച് കേസ് ഉപേക്ഷിക്കാന്‍ നിർബന്ധിക്കുകയും എന്നാല്‍ പതറാതെ മകളുടെ നീതിക്കായി പോരാടുകയും ചെയ്യുന്ന രഞ്ജിത്തിന്‍റെ പോരാട്ടം ചിത്രത്തിലുടനീളം കാണാം.
ഇന്ത്യയിൽ ലൈംഗികാതിക്രമത്തെ അതിജീവിക്കുന്നവർ നേരിടുന്ന വെല്ലുവിളികളിലേക്ക് ചിത്രം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. തങ്ങളുടെ അവകാശങ്ങള്‍ക്കായി എങ്ങനെ പോരാടാമെന്ന സന്ദേശവും ചിത്രം പങ്കുവെക്കുന്നുണ്ട്.