മലയാള സിനിമയിലെ പ്രമുഖ നടന്‍മാർക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടിയുടെ മൊഴിയെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിലെ ജി.പൂങ്കുഴലി, അജിതാ ബീഗം എന്നിവരാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. ആലുവയിലെ ഫ്ലാറ്റിലെത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്.
പ്രമുഖ നടന്‍മാര്‍ക്കും അണിയറ പ്രവർത്തകര്‍ക്കുമെതിരെയാണ് നടി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. നടന്‍മാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, അഡ്വ ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവർക്കെതിരെയാണ് നടി ലൈംഗിക പീഡന പരാതി ഉന്നയിച്ചത്.
സമൂഹ മാധ്യമത്തിലൂടെ ആരോപണം ഉന്നയിച്ച ശേഷം, പ്രത്യേക അന്വേഷണ സംഘത്തിന് ഇ-മെയിൽ വഴിയാണ് നടി പരാതി നൽകിയത്. 2013ലാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്നും, അഡ്‌ജെസ്‌റ്റ്‌മെന്‍റിന് തയ്യാറാവാത്തതിനാൽ മലയാള സിനിമ മേഖല ഉപേക്ഷിക്കേണ്ടി വന്നതായിയും അവർ വ്യക്തമാക്കിയിരുന്നു. 2013ൽ, ഒരു പ്രോജക്‌ടിൽ ജോലി ചെയ്യുന്നതിനിടെയാണ്, ഈ വ്യക്തികൾ തന്നെ ശാരീരികമായും വാക്കാലും അധിക്ഷേപത്തിന് വിധേയയാക്കിയത്. ശല്യം അസഹനീയമായതോടെ, മലയാള സിനിമാ വ്യവസായം ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറ്റാൻ താൻ നിർബന്ധിതയായെന്നും നടി വെളിപ്പെടുത്തിയിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ്, മലയാള സിനിമ മേഖലയിൽ നിന്നും നടന്‍മാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നിരവധി നടിമാര്‍ രംഗത്തെത്തിയത്. റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സമൂഹത്തിൽ വലിയ ചർച്ചകളാണ് ഉയർന്ന് വരുന്നത്. എന്നാൽ ഈ വിഷയത്തിൽ താര സംഘടന രണ്ട് ദിവസം മൗനം പാലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമ്മ ജനറൽ സെക്രട്ടറി ആയിരുന്ന സിദ്ദിഖ് വാർത്താ സമ്മേളനം നടത്തി നിലപാട് അറിയിച്ചത്.
ഹേമ കമ്മിഷൻ റിപ്പോർട്ടിലെ ഗുരുതമായ ആരോപണങ്ങളെ കുറിച്ച് വ്യക്തമായ മറുപടി പറയാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അതേസമയം അമ്മ ഭാരവാഹി കൂടിയായ നടൻ ജഗദീഷ്, സിദ്ദിഖിൻ്റെ നിലപാട് പരസ്യമായി തള്ളി രംഗത്തെത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അമ്മയിൽ ഭിന്നത രൂക്ഷമായി തുടര്‍ന്നിരുന്നു. ഇതിന് പിന്നാലെ അടുത്ത ദിവസം, സിദ്ദിഖിനെതിരെ തന്നെ പീഡന പരാതിയുമായി യുവ നടി രംഗത്തെത്തുകയായിരുന്നു.
ആരോപണങ്ങൾ നിഷേധിച്ചുവെങ്കിലും ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വയ്‌ക്കുന്നുവെന്ന് സിദ്ദിഖ് അറിയിക്കുകയായിരുന്നു. സിദ്ദിഖിൻ്റ രാജിയെ തുടർന്ന് ജോയിൻ്റ് സെക്രട്ടറി ബാബു രാജിനായിരുന്നു താൽകാലിക ചുമതല. എന്നാൽ ബാബു രാജിനെതിരെ അതീവ ഗുരുതരമായ പീഡന പരാതിയുമായി ജൂനിയർ ആർട്ടിസ്‌റ്റ് രംഗത്തെത്തിയതോടെ അമ്മ സംഘടനയുടെ നില കൂടുതൽ പരുങ്ങലിലായി. ഇതോടൊപ്പം നടന്‍മാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു തുടങ്ങിയവർക്കെതിരെയും ലൈംഗികാതിക്രമ പരാതി ഉയർന്നതോടെ, അമ്മ സംഘടനയ്ക്ക് മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിയായി.
ആരോപണം ഉന്നയിച്ച നടിമാർ പൊലീസിൽ പരാതി നൽകുക കൂടി ചെയ്‌തതോടെ, ഇനി എന്ത് എന്ന ചോദ്യമായിരുന്നു സംഘടനയ്ക്ക് മുന്നിലുണ്ടായിരുന്നത്. കമ്മിറ്റി പിരിച്ച് വിട്ട് പൊതുയോഗം ചേർന്ന്, പുതിയ നേതൃത്വം സംഘടനയെ നയിക്കട്ടെ എന്ന നിലപാടിലേയ്‌ക്ക് നിലവിലെ കമ്മിറ്റി എത്തിച്ചേരുകയായിരുന്നു. എന്നാൽ ഈ തീരുമാനത്തിൽ പോലും അമ്മയുടെ പ്രവർത്തക സമിതി അംഗങ്ങൾക്ക് യോജിപ്പിലെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെ നിലവിലെ ഭാരവാഹികൾ രാജിവെക്കുകയും പ്രസിഡൻ്റ് മോഹൻലാൻ കമ്മിറ്റി പിരിച്ചു വിടുകയുമായിരുന്നു.
Also Read: യുവ നടിയുടെ പരാതി; നടന്‍ സിദ്ദിഖിനെതിരെ കേസെടുത്തു - Case registered against Siddique