കേരളം

kerala

ETV Bharat / entertainment

70ാം ദേശീയ ചലചിത്ര അവാർഡ്: മികച്ച മലയാള ചിത്രം 'സൗദി വെള്ളക്ക', പുരസ്‌കാരം സൗദി ഗ്രേസിക്കുള്ളതെന്ന് തരുൺമൂർത്തി - Tharun Moorthy reacts film award

ചലചിത്ര അവാര്‍ഡ് നേട്ടത്തില്‍ സൗദി വെള്ളക്ക സിനിമ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. സിനിമയിലെ മുത്തശി കഥാപാത്രത്തിനായി ആദ്യം തെരഞ്ഞെടുത്തയാളാണ് സൗദി ഗ്രേസി. ചിത്രീകരണത്തിന് മുമ്പ് അവര്‍ മരിച്ചു. ഈ പുരസ്‌കാരം സൗദി ഗ്രേസിക്കുള്ളതെന്ന് തരുണ്‍ മൂര്‍ത്തി.

70ാം ദേശീയ ചലചിത്ര അവാർഡ്  SAUDI GRACIE  SAUDI VELLAKKA WINS NATIONAL AWARD  DIRECTOR THARUN MOORTHY
Saudi Vellakka Movie Poster and Director Tharun Moorthy (ETV Bharat)

By ETV Bharat Kerala Team

Published : Aug 16, 2024, 5:56 PM IST

ഇടിവി ഭാരതിനോട് പ്രതികരിച്ച് തരുൺ മൂർത്തി (ETV Bharat)

മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയതിന് പിന്നാലെ പ്രതികരണവുമായി സൗദി വെള്ളക്കയുടെ സംവിധായകൻ തരുൺ മൂർത്തി. ബേസിക് ഫോർമുലകൾ ഒക്കെ മറന്ന് ഹൃദയം കൊണ്ടെഴുതിയ സിനിമയ്ക്ക് ഇത്തരത്തിൽ ഒരു അംഗീകാരം ലഭിച്ചതിന് വളരെയധികം സന്തോഷമുണ്ടെന്ന് അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. കണ്ട് പരിചയിച്ച സിനിമക്കഥ വഴികളിലൂടെ ഒന്നുമല്ല ചിത്രം സഞ്ചരിക്കുന്നത്.

യാഥാസ്ഥിതികതയുടെ ഉച്ചസ്ഥായിയിൽ സൃഷ്‌ടിച്ച ചിത്രത്തിന് ദേശീയതലത്തിൽ ശ്രദ്ധ ലഭിക്കുന്നത് അഭിമാനം കൂടിയാണ്. ഛായാഗ്രഹണം എഡിറ്റിങ് അങ്ങനെ സിനിമയുടെ എല്ലാ ടെക്‌നിക്കൽ മേഖലകളിലും ഒരിക്കലും ഒരു ഏച്ചുകെട്ടൽ ഉണ്ടാകരുതെന്ന് സിനിമ ചിത്രീകരിക്കുമ്പോൾ തീരുമാനിച്ചിരുന്നുവെന്നും തരുൺ മൂർത്തി പറഞ്ഞു

അതുകൊണ്ടുതന്നെ അവാർഡ് എന്നിൽ മാത്രം നിക്ഷിപ്‌തമല്ല. ഒരു ടീം വർക്കിന്‍റെ ഗുണഫലമാണിത്. സിനിമ കണ്ട എല്ലാവർക്കും അറിയാം അതിലെ മുത്തശിയുടെ കഥാപാത്രം. സൗദി ഗ്രേസി എന്ന നാടക കലാകാരിയെയാണ് ആ വേഷത്തിനായി ആദ്യം പരിഗണിക്കുന്നത്. എന്നാൽ സിനിമ തുടങ്ങുന്നതിന് രണ്ടുമാസം മുമ്പ് കൊവിഡ് ബാധിച്ച് അവർ അന്തരിച്ചു. അതോടെ സിനിമയുടെ ചിത്രീകരണം പ്രതിസന്ധിയിലുമായി. പിന്നീട് നമ്മൾ കണ്ടെത്തിയ കലാകാരിയായ ദേവി വർമ്മയാണ് നമ്മളിപ്പോൾ സിനിമയിൽ കാണുന്നത്.

ഒരിക്കലും അഭിനയമാണെന്ന് തോന്നാത്ത രീതിയിലായിരുന്നു അഭിനേതാക്കളുടെ പ്രകടനം. തന്‍റെ മുൻ ചിത്രമായ ഓപ്പറേഷൻ ജാവയിൽ അഭിനയിച്ച പല കലാകാരന്മാരും ഈ ചിത്രത്തിലും ഉണ്ടായിരുന്നു. ലുക്ക്‌മാൻ അവറാൻ, ബിനു പപ്പു അങ്ങനെ നിരവധിപേർ. അവാർഡ് ലഭിക്കുമ്പോൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്നത് മുത്തശി കഥാപാത്രത്തിന് വേണ്ടി ആദ്യം ആലോചിച്ച സൗദി ഗ്രേസിയുടെ ഓർമ്മകൾക്ക് മുന്നിലാണെന്നും തരുൺ പറഞ്ഞു.

Also Read: പൃഥ്വിരാജ് മികച്ച നടന്‍; സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ABOUT THE AUTHOR

...view details