പ്രാവ്പറത്തൽ മത്സരം പ്രമേയമാക്കി ഒരുങ്ങുന്ന തമിഴ് ചിത്രമാണ് 'ബൈരി'. സയ്യിദ് മജീദ്, മേഘ്‌ന എലൻ, വിജി ശേഖർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോൺ ഗ്ലാഡിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെയാണ് ഈ ചിത്രത്തിന്‍റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഏറെ കൗതുകവും ആകാംക്ഷയും ഉണർത്തുന്ന ട്രെയിലർ മികച്ച പ്രതികരണമാണ് നേടുന്നത് (Byri movie trailer).
തെക്കൻ തമിഴ്‌നാടിൻ്റെ പശ്ചാത്തലത്തിലാണ് 'ബൈരി' ഒരുക്കിയിരിക്കുന്നത്. തലമുറകളായി തുടരുന്ന പ്രാവ് ഓട്ട മത്സരത്തിൽ യുവാക്കൾ എങ്ങനെ പങ്കെടുക്കുന്നുവെന്നും മത്സരത്തിനായി പക്ഷികളെ ഒരുക്കുമ്പോൾ അവർ നേരിടുന്ന ബുദ്ധിമുട്ടുകളുമാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. സൗബിൻ, ഇനിയ, ജി വി പ്രകാശ് കുമാർ എന്നിവരാണ് 'ബൈരി ട്രെയിലർ സോഷ്യൽ മീഡിയകളിലൂടെ പുറത്തു വിട്ടത്.
ഡികെ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വി ദുരൈ രാജാണ് ഈ ചിത്രം നിർമിക്കുന്നത്. ശക്തിവേലൻ്റെ ശക്തി ഫിലിം ഫാക്‌ടറിയാണ് ഈ ചിത്രം തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ റിലീസിനെത്തിക്കുന്നത്. 'ബൈരി' കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഡ്രീം ബിഗ് ഫിലീംസുമാണ്.
പൂർണമായ ഗവേഷണം നടത്തിയ ശേഷമാണ് താൻ സിനിമ ഒരുക്കിയതെന്ന് സംവിധായകൻ ജോൺ ഗ്ലാഡി നേരത്തെ വ്യക്തമാക്കിയിരുന്നു. 'ബൈരി' എന്നാൽ പരുന്ത് എന്നാണർഥമെന്നും ഈ പേര് കഥക്ക് ചേരുന്നു എന്ന് തോന്നിയതുകൊണ്ടാണ് അത് തെരഞ്ഞെടുത്തതെന്നും ജോൺ ഗ്ലാഡി വ്യക്തമാക്കിയിരുന്നു. 'റേസിംഗ് പ്രാവ് വളർത്തുന്നവരുടെ ഏറ്റവും വലിയ ശത്രുവായിട്ടാണ് ബൈരിയെ കണക്കാക്കുന്നത്.