ഉണ്ണി മുകുന്ദനെ നായകനായി വിഷ്‌ണു ശങ്കര്‍ ഒരുക്കിയ ചിത്രമാണ് 'മാളികപ്പുറം'. സിനിമയുടെ വന്‍ വിജയത്തിന് ശേഷം നടൻ ഉണ്ണി മുകുന്ദന് ഭക്‌ത ജനങ്ങൾ അയ്യപ്പ പരിവേഷം ചാർത്തി കൊടുത്തതായുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മാളികപ്പുറം സിനിമയുടെ വിജയം ആഘോഷിക്കാനായി തിയേറ്ററുകളിലെത്തിയ ഉണ്ണി മുകുന്ദനെ അയ്യപ്പ എന്ന് വിളിച്ച് തൊഴുന്ന ധാരാളം പ്രേക്ഷകരുടെ ദൃശ്യങ്ങളും അക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
എന്നാൽ ഉണ്ണി മുകുന്ദന് മുമ്പ് മലയാളി സാക്ഷാൽ അയ്യപ്പന്‍റെ പ്രതിരൂപമായി കണ്ട ഒരു നടനുണ്ട്. കൗശിക് ബാബു. ഇന്നും ശബരിമല പരിസരങ്ങളിൽ നിന്ന് വാങ്ങാൻ ലഭിക്കുന്ന അയ്യപ്പ ശാസ്‌താവിന്‍റെ പല ഫോട്ടോകളിലും കൗശിക് ബാബുവിന്‍റെ മുഖമാണ് എന്നുള്ളത് കൗതുകം ഉണർത്തുന്ന കാര്യമാണ്. ഏഷ്യാനെറ്റ് ചാനലില്‍ ഒരു കാലഘട്ടത്തിൽ വിജയകരമായി പ്രക്ഷേപണം ചെയ്‌തിരുന്ന ഹിറ്റ് സീരിയലായ സ്വാമി അയ്യപ്പനിലെ നായകനാണ് കൗശിക് ബാബു.
ഹൈദരാബാദ് സ്വദേശിയായ കൗശിക് പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്വാമി അയ്യപ്പൻ സീരിയലിലെ അയ്യപ്പനായി വേഷമിടുന്നത്. പ്രൊഫഷണൽ ജീവിതവുമായി മുന്നോട്ടു പോകുന്ന കൗശിക് ബാബു ഹൈദരാബാദിൽ നിന്നും ഇടിവി ഭാരതിനോട് വിശേഷങ്ങൾ പങ്കിടുകയാണ്. മലയാളികളോട് അടങ്ങാത്ത സ്നേഹവും ആദരവും പ്രകടിപ്പിച്ചു കൊണ്ടാണ് കൗശിക് സംസാരിച്ചു തുടങ്ങിയത്.
"അഭിനയത്തിൽ നിന്നും ഒരു ഇടവേളയിലാണ്. സിനിമയുമായി ബന്ധപ്പെട്ട ടെക്‌നിക്കൽ മേഖലയിൽ പ്രവര്‍ത്തിക്കുന്നുണ്ട്. അതോടൊപ്പം തന്നെ കേന്ദ്രസർക്കാർ ഗ്രാമീണ അഭിവൃത്തി അടിസ്ഥാനമാക്കി അവലംബിച്ചിട്ടുള്ള ഈ ലേണിംഗ് എന്ന പദ്ധതിയുടെ ഭാഗമായും പ്രവർത്തിക്കുന്നു. ഇതിനിടെ എനിക്കൊരു കുഞ്ഞ് ജനിച്ചു. പെൺകുട്ടിയാണ്. അവളുടെ കാര്യങ്ങളൊക്കെ നോക്കണം. അഭിനയ ജീവിതം ഉപേക്ഷിച്ചിട്ടില്ല. മലയാളത്തിൽ നിന്നും നല്ല അവസരങ്ങൾക്കായ കാത്തിരിക്കുകയാണ്.
അഭിനയം കുട്ടിക്കാലം മുതൽക്ക് തന്നെ തുടങ്ങിയതാണ്. ചെറു പ്രായത്തിൽ സഹാറ ടിവി പ്രക്ഷേപണം ചെയ്‌തിരുന്ന സീരിയലിൽ ശ്രീ മുരുകനായി അഭിനയിച്ചിരുന്നു. അക്കാലത്ത് വളരെയധികം ടിആർപി ലഭിച്ച ഒരു സീരിയൽ ആയിരുന്നു അത്. ആ സീരിയലിനെ അധികരിച്ച് ഡെക്കാൻ ക്രോണിക്കിള്‍ പത്രം എന്നെ കുറിച്ചൊരു ആർട്ടിക്കിൾ എഴുതുകയുണ്ടായി. സ്വാമി അയ്യപ്പൻ സീരിയലിന്‍റെ നിർമ്മാതാവായ മെറിലാൻഡ് കാർത്തികേയൻ സർ ആർട്ടിക്കിൾ വായിക്കാൻ ഇടയായി.
സ്വാമി അയ്യപ്പൻ സീരിയലിൽ അയ്യപ്പനാകാനായി ധാരാളം ആർട്ടിസ്‌റ്റുകളെ അവർ നോക്കിയിരുന്നു. തുടർന്ന് മെറിലാൻഡ് സ്‌റ്റുഡിയോസ് എന്നെ കോൺടാക്‌ട് ചെയ്‌തു. മേക്കപ്പ് ടെസ്‌റ്റ് ആണെന്ന് പറഞ്ഞാണ് വിളിക്കുന്നത്. അവരുടെ മനസ്സിൽ കണ്ട രീതിയിൽ എന്‍റെ മുഖം അയ്യപ്പനാകാൻ യോഗ്യമല്ലെങ്കിൽ തിരിച്ചു പോകേണ്ടി വരും. പക്ഷേ മേക്കപ്പ് ടെസ്‌റ്റ് കഴിഞ്ഞതോടെ എല്ലാവരും ഒറ്റ സ്വരത്തിൽ പറഞ്ഞു. ഇതാണ് നമ്മുടെ അയ്യപ്പൻ." -കൗശിക് ബാബു ഓർത്തെടുത്തു.
"ശരിക്കും പറഞ്ഞാൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി അയ്യപ്പനായി വേഷമിടുന്നത്. ആ സമയത്ത് മലയാളം ശരിക്ക് അറിയില്ല. അയ്യപ്പൻ ഒരു ദൈവമാണ് എന്നതിലുപരി സ്‌പിരിച്ച്യുലായി ഒന്നും തന്നെ അറിയില്ല. അയ്യപ്പനായി അഭിനയിക്കുന്നു അത്ര മാത്രം. എന്നാൽ പിന്നീട് കാര്യങ്ങൾ മാറി. ഹരിഹരസുധനായ അയ്യപ്പ സ്വാമിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കി.
സൗത്ത് ഇന്ത്യ മുഴുവൻ അയ്യപ്പ സ്വാമിയെ എത്ര മഹത്തരമായ രീതിയിലാണ് ആരാധിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. സെറ്റിലുള്ള പലരും ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് എന്‍റെ കാലിൽ വന്നു തൊട്ടു തൊഴുമായിരുന്നു. പലപ്പോഴും പുറത്തുവെച്ച് പ്രേക്ഷകർ എന്നെ തിരിച്ചറിയുമ്പോൾ ഭക്‌തിപുരസ്സരമാണ് പെരുമാറിയിട്ടുള്ളത്. അത് കൗശിക് ബാബു എന്ന അഭിനേതാവിന് ലഭിക്കുന്ന അംഗീകാരമല്ല. സാക്ഷാൽ അയ്യപ്പ സ്വാമിയോടുള്ള ജനങ്ങളുടെ സ്നേഹവും ഭക്‌തിയുമാണ് പ്രതിഫലിപ്പിക്കുന്നത്.
തുടർന്ന് സ്വാമി അയ്യപ്പന്‍റെ സീരിയൽ ചിത്രീകരണം നടക്കുന്ന കാലഘട്ടത്തിൽ തന്നെ കെട്ടുകെട്ടി ശബരിമലയിൽ പോയി പതിനെട്ടാം പടികയറി അയ്യനെ കണ്ടു. അയ്യപ്പനായി അഭിനയിച്ച ശേഷം രാത്രി മുറിയില്‍ പോയി കിടന്നുറങ്ങുമ്പോൾ അയ്യപ്പന്‍റെ കണ്ണുകളെ സ്വപ്‌നത്തിൽ കാണുക പതിവായിരുന്നു".-കൗശിക് ബാബു പറഞ്ഞു.
സ്വാമി അയ്യപ്പൻ സീരിയലില്‍ അഭിനയിക്കാൻ വന്നപ്പോഴുള്ള ഓര്‍മ്മകളും കൗശിക് പങ്കുവച്ചു. അയ്യപ്പന്‍റെ അച്ഛനായ പന്തളം രാജാവായി അഭിനയിച്ചിരുന്നത് നടൻ രാജൻ പി ദേവ് ആയിരുന്നു. സീരിയലില്‍ രാജൻ പി ദേവുമായി സഹകരിക്കാനായത് അഭിനയ ജീവിതത്തിന് ഒരുപാട് ഗുണം ചെയ്‌തെന്നും അദ്ദേഹം ഇപ്പോൾ ഇല്ലെന്നും അത് വലിയൊരു സങ്കടമാണെന്നും കൗശിക് പറഞ്ഞു.
"രാജൻ പി ദേവ് സറില്‍ നിന്നൊക്കെയാണ് മലയാളം പഠിക്കുന്നത്. സ്വാമി അയ്യപ്പനില്‍ അഭിനയിക്കാൻ വരുമ്പോൾ എനിക്ക് മലയാളം ഒട്ടും അറിയില്ലായിരുന്നു. ഇപ്പോൾ ഒരു മലയാളിയെ പോലെ തന്നെ ഞാൻ മലയാള ഭാഷ സംസാരിക്കും. നടൻ നന്ദു ചേട്ടനൊക്കെ എന്‍റെ ഡയലോഗ് ഡെലിവറി നന്നാക്കാൻ ഒരുപാട് സഹായിച്ചിരുന്നു.
സ്വാമി അയ്യപ്പനില്‍ അഭിനയിക്കാൻ വരുമ്പോൾ ഞാനൊരു ചെറിയ കുട്ടിയായിരുന്നു. ഷോട്ട് ഇല്ലാത്ത സമയത്തൊക്കെ സെറ്റിൽ കളിച്ചു നടക്കും. ഞാന്‍ വളർന്നതും സ്വാമി അയ്യപ്പന്‍റെ സെറ്റിൽ വച്ച് തന്നെ. ഒരുപാട് കൊല്ലം ആ സീരിയൽ ഷൂട്ട് ചെയ്‌തു. കളിയും, തമാശയും കുട്ടിത്തവുമൊക്കെ പതുക്കെ പതുക്കെ പക്വത കൊണ്ട് മറഞ്ഞു.
സ്വാമി അയ്യപ്പൻ സീരിയൽ കഴിഞ്ഞ ശേഷവും ധാരാളം ഭക്‌തി സീരിയലുകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. തെലുങ്കില്‍ ആദിശങ്കരനായി അഭിനയിച്ചത് വളരെയധികം ശ്രദ്ധ നേടിയിരുന്നു."-കൗശിക് ബാബു കൂട്ടിച്ചേര്‍ത്തു.