'കപ്പേള'യ്‌ക്ക് ശേഷം തലസ്ഥാന നഗരത്തിന്‍റെ കഥ പറയുന്ന ചിത്രവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ മുസ്‌തഫ. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടാണാണ് പ്രധാന വേഷത്തിൽ എത്തുന്നത്. സുരാജിനൊപ്പം ഒരു കൂട്ടം പുതുമുഖ യുവതാരങ്ങളും ചിത്രത്തില്‍ അഭിനയിച്ചു.
'മുറ' ഇന്ന് മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ചിത്രം റിലീസിനെത്തിയ വേളയില്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. തിരുവനന്തപുരത്തിന്‍റെ അന്തസത്ത ഉൾക്കൊണ്ട് ഏറെ നാളുകൾക്ക് ശേഷം തിരുവനന്തപുരം ഭാഷ സിനിമയിൽ പറയാൻ സാധിച്ചതിന്‍റെ സന്തോഷം പങ്കുവയ്‌ക്കാന്‍ സുരാജ് മറന്നില്ല.
'മുറ'യുടെ പ്രചരണാർത്ഥം കേരളത്തിലെ മാധ്യമങ്ങൾക്ക് അനുവദിച്ച പൊതു അഭിമുഖത്തിലാണ് സുരാജിന്‍റെ വെളിപ്പെടുത്തല്‍. സംവിധായകൻ മുസ്‌തഫയും സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ചു. സിനിമയുടെ ഓഡിഷനുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മുസ്‌തഫ മാധ്യമങ്ങളോട് സംസാരിച്ചത്. 'മുറ'യ്‌ക്ക് വേണ്ടി യുവതാരങ്ങളെ തിരഞ്ഞെടുക്കാനായി നടത്തിയ ഓഡിഷൻ വലിയ പരാജയമായിരുന്നു എന്ന് മുസ്‌തഫ വെളിപ്പെടുത്തി.
"ഓഡിഷനിലൂടെ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് ആവശ്യമായ ഘടന ഉള്ളവരെ ലഭിച്ചില്ല. ഒടുവിൽ ഞാനും സഹ സംവിധായകനും തിരുവനന്തപുരത്തിന്‍റെ ഗ്രാമ പ്രദേശങ്ങളിലൂടെ ബൈക്ക് എടുത്ത് കഥാപാത്രങ്ങൾക്ക് യോജ്യരായവരെ തേടി ഇറങ്ങി. അങ്ങനെയാണ് മുറയിലെ ഇപ്പോഴത്തെ ഇടി സംഘത്തെ കണ്ടെത്താൻ സാധിച്ചത്."-സംവിധായകന്‍ മുസ്‌തഫ പറഞ്ഞു.