എറണാകുളം:സുരാജ് വെഞ്ഞാറമൂടിന് പിറന്നാൾ സമ്മാനമായി 'എക്‌സ്‌ട്രാ ഡീസന്‍റി'ന്‍റെ സ്പെഷ്യൽ പോസ്റ്റർ പുറത്തിറക്കി ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ. ഷൂട്ടിങ്ങിനിടയിൽ സെറ്റിൽ വച്ച് താരത്തിന്‍റെ പിറന്നാൾ ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങളും അണിയറ പ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. കേക്ക് മുറിച്ച ശേഷം 'എക്‌സ്‌ട്രാ ഡീസന്‍റി'ന്‍റെ സ്പെഷ്യൽ പോസ്റ്റർ പിറന്നാൾ സമ്മാനമായി പുറത്തു വിടുകയായിരുന്നു.
താരങ്ങളും ചിത്രത്തിന്‍റെ അണിയറപ്രവർത്തകരും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് പ്രിയ താരത്തിന് ആശംസകൾ നേർന്നു. തന്നെ സ്നേഹിക്കുന്ന പ്രിയപ്പെട്ട പ്രേക്ഷകർക്ക് ഇനിയും നല്ല സിനിമകൾ സമ്മാനിക്കുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് പറഞ്ഞ താരം എല്ലാവരുടെയും സ്നേഹത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു.
സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന 'എക്‌സ്‌ട്രാ ഡീസന്‍റി'ന്‍റെ രചന നിർവഹിക്കുന്നത് ആഷിഫ് കക്കോടിയാണ്. നിർവഹിക്കുന്നത്. സുരാജിന് പുറമെ ചിത്രത്തില്‍ ഗ്രേസ് ആന്‍റണി, വിനയപ്രസാദ്, റാഫി, സുധീർ കരമന, ശ്യാം മോഹൻ, ദിൽന പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവരും അണിനിരക്കുന്നുണ്ട്. മൂകാംബിക, പാലക്കാട് എന്നീ സ്ഥലങ്ങളിലെ ചിത്രീകരണത്തിന് ശേഷം കൊച്ചിയിലാണ് 'എക്‌സ്‌ട്രാ ഡീസന്‍റി'ന്‍റെ ഷൂട്ടിങ് ഇപ്പോൾ നടക്കുന്നത്.