നവാഗതനായ മുജീബ് ടി മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്‌ത ചിത്രം 'അഞ്ചാം വേദം' തിയേറ്ററുകളിലേക്ക്. ആക്ഷേപഹാസ്യ ചിത്രമായി അണിയിച്ചൊരുക്കിയ 'അഞ്ചാം വേദം' നാളെ (ഏപ്രിൽ 26) തിയേറ്ററുകളിലെത്തും. ടി എം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഹബീബ് അബൂബക്കർ ആണ് ഈ സിനിമ നിർമിച്ചിരിക്കുന്നത്.
പുതുമുഖമായ വിഹാൻ വിഷ്‌ണു ആണ് 'അഞ്ചാം വേദ'ത്തിലെ നായകൻ. സുനു ലക്ഷ്‌മിയും ഈ സിനിമയിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നു. 'അറം' എന്ന നയൻതാര ചിത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധേയയായ സുനു ലക്ഷ്‌മിയുടെ മലയാള അരങ്ങേറ്റം കൂടിയാണ് 'അഞ്ചാം വേദ'ത്തിലൂടെ സാധ്യമാകുന്നത്.
ഏറെ ദുരൂഹതകൾ നിറഞ്ഞ കഥ സന്ദർഭങ്ങളിലൂടെ കടന്ന് പോകുന്ന 'അഞ്ചാം വേദം' ഒരു മൾട്ടി ജോണർ സിനിമയാണെന്നാണ് വിവരം. കുരിശുമല എന്ന ഒരു സാങ്കൽപിക ഗ്രാമത്തിലാണ് ഈ സിനിമയുടെ കഥ നടക്കുന്നത്. നിലവിലുള്ള ജാതി, മത, രാഷ്‌ട്രീയ സാഹചര്യങ്ങളെ കോർത്തിണക്കിയ ചിത്രം സ്‌ത്രീ സമത്വവും പ്രമേയമാക്കുന്നു.
വേഷം കൊണ്ടും ഭാഷ കൊണ്ടും ചിന്ത കൊണ്ടും ആരാധന കൊണ്ടും നാം വിഭിന്നരാണെങ്കിലും സകല ജാതി - മത - രാഷ്‌ട്രീയ വിശ്വാസങ്ങൾക്കും അതീതമായി മനുഷ്യൻ മനുഷ്യനെ സ്‌നേഹിക്കുവാൻ പഠിക്കുക എന്ന സന്ദേശവും ഈ ചിത്രം പങ്കുവയ്‌ക്കുന്നു. ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാസന്ദർഭങ്ങളുമായി, ഒരു സസ്‌പെൻസ് ത്രില്ലര്‍ ദൃശ്യാനുഭവം അഞ്ചാം വേദം പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന് അണിയറക്കാര്‍ പറയുന്നു.
കട്ടപ്പനയിലെ വിവിധ മലയോര പ്രദേശങ്ങളിലായാണ് ഈ സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയത്. മാധവി, കാമ്പസ്, കോളജ് ഡെയ്‌സ്, പ്രമുഖൻ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സജിത്ത് രാജും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അമർനാഥ്, ഹരിചന്ദ്രൻ, ജോളി, സജാദ് ബ്രൈറ്റ്, ബിനീഷ് രാജ്, രാജീവ് ഗോപി, അജിത്ത് പെരുമ്പാവൂർ, അനീഷ് ആനന്ദ്, സംക്രന്ദനൻ, നാഗരാജ്, ജിൻസി ചിന്നപ്പൻ, അമ്പിളി, സൗമ്യരാജ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
സാഗർ അയ്യപ്പനാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. എഡിറ്റിങ് ഹരിരാജ ഗൃഹയും നിർവഹിക്കുന്നു. റഫീഖ് അഹമ്മദ്, മുരുകൻ കാട്ടാക്കട, സൗമ്യ രാജ് എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ജോജി തോമസ് ആണ്. കെഎസ് ചിത്ര, മുരുകൻ കാട്ടാക്കട, സിയാ ഹുൽ ഹക്ക് എന്നിവരാണ് ഗാനങ്ങൾക്ക് ശബ്‌ദമാകുന്നത്. വിഷ്‌ണു വി ദിവാകർ ആണ് ഈ ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതത്തിന് പിന്നിൽ.
ബിനീഷ് രാജ് ആണ് 'അഞ്ചാം വേദം' സിനിമയുടെ തിരക്കഥയും സംഭാഷണവും ഒപ്പം വിഎഫ്എക്‌സും കൈകാര്യം ചെയ്‌തിരിക്കുന്നത്. പ്രൊജക്റ്റ് ഡിസൈനർ - രാജീവ് ഗോപി, പ്രൊഡക്ഷൻ കൺട്രോളർ - നിജിൽ ദിവാകർ, ആർട്ട് - രാജേഷ് ശങ്കർ, കോസ്റ്റ്യൂംസ് - ഉണ്ണി പാലക്കാട്, മേക്കപ്പ് - സുധി കട്ടപ്പന, അസോസിയേറ്റ് ഡയറക്‌ടർ - ബാലു നീലംപേരൂർ, ആക്ഷൻ - കുങ്ഫു സജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ALSO READ:'മാരിവില്ലിൻ ഗോപുരങ്ങൾ' പുതിയ റിലീസ് തീയതി പുറത്ത്; 'ഇനി മാറ്റൂല്ലെ'ന്ന് സംവിധായകൻ