നടൻ മുകേഷ് ഉൾപ്പടെ എഴുപേർക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ ആലുവയിലെ നടിക്കെതിരെ പോക്‌സോ കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് ആണ് പരാതികാരിയുടെ മൊഴി രേഖപ്പെടുത്തിയത്. പരാതിക്കാരിയുടെ മൂവാറ്റുപുഴയിലെ വീട്ടിൽ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
ക്രൈംബ്രാഞ്ചിന് തെളിവുകൾ കൈമാറിയെന്നും പരാതിക്കാരി അറിയിച്ചു. മൂവാറ്റുപുഴ സ്വദേശിയായ യുവതി ഡിജിപിക്കും, മുഖ്യമന്ത്രിക്കും, തമിഴ്‌നാട് ഡിജിപിക്കും പരാതി നൽകിയിരുന്നു. ഇതേതുടർന്ന് പരാതി ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.
സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്‌ദാനം നൽകി, 2014ല്‍ തന്‍റെ 16-ാം വയസ്സിൽ ചെന്നൈയിൽ എത്തിച്ച് മറ്റുള്ളവർക്ക് മുമ്പിൽ കാഴ്‌ചവയ്‌ക്കാന്‍ ശ്രമിച്ചുവെന്നാണ് ആലുവയിലെ നടിക്കെതിരെയുള്ള ആരോപണം. നടിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുവായ യുവതിയാണ് പരാതി നൽകിയത്.
തന്നെ ചെന്നൈയിൽ എത്തിച്ച് രണ്ടാമത്തെ ദിവസം ഒഡീഷന്‍ ഉണ്ടെന്ന് പറഞ്ഞ് ഒരു ഹോട്ടലിൽ എത്തിക്കുകയായിരുന്നു. ഇവിടെ ഒരു മുറിയിൽ ആറു പേര്‍ ഉണ്ടായിരുന്നു. ഇതിൽ ഒരാൾ തന്‍റെ ശരീരത്തിൽ സ്‌പര്‍ഷിച്ചതോടെ താൻ ബഹളമുണ്ടാക്കി. വീട്ടിൽ പോകണമെന്ന് പറഞ്ഞ തന്നോട് ആലുവയിലെ നടി അഡ്‌ജസ്‌റ്റ് ചെയ്യാൻ ആവശ്യപ്പെട്ടതായും യുവതി ആരോപിച്ചു.