ലഹരി കേസിൽ അറസ്‌റ്റിലായ കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശിനെ സന്ദര്‍ശിച്ചവരില്‍ സിനിമ താരങ്ങളും. നടന്‍ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാർട്ടിന്‍ എന്നിവര്‍ ഓം പ്രകാശിന്‍റെ മുറിയിലെത്തിയതായി പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇവരെ കൂടാതെ ഇരുപതോളം പേര്‍ ഓം പ്രകാശിന്‍റെ മുറിയില്‍ എത്തിയതായി പൊലീസ് കണ്ടെത്തി.
ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഓം പ്രകാശിനെയും കൂടെയുള്ള കൊല്ലം സ്വദേശി ഷിഹാസിനെയും കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും മരട് പൊലീസ് കസ്‌റ്റഡിയില്‍ എടുത്തത്. ലഹരി പാര്‍ട്ടി നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കൊച്ചി കുണ്ടന്നൂരിലെ ഹോട്ടലില്‍ നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് അറസ്‌റ്റ്. ഇവരില്‍ നിന്നും കൊക്കെയിൻ ഉള്‍പ്പെടെയുള്ള ലഹരി വസ്‌തുക്കള്‍ പൊലീസ് പിടികൂടി.
ശനിയാഴ്‌ചയാണ് ഓംപ്രകാശ് ഹോട്ടലില്‍ മുറി എടുത്തത്. ഓം പ്രകാശിനായി കൊച്ചിയിൽ മുറി ബുക്ക് ചെയ്‌തത് മറ്റൊരാളാണെന്നും റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓം പ്രകാശും ഷിഹാസും താമസിച്ചിരുന്ന മുറിയില്‍, കൈവശം വയ്‌ക്കാവുന്ന അളവില്‍ കൂടുതൽ മദ്യം സൂക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.