കേരളം

kerala

ETV Bharat / entertainment

'ഓസ്‌കാർ അവാർഡിന് ഇതാ ഒരു മലയാളസിനിമ'; ആടുജീവിതം സിനിമയ്‌ക്ക് കയ്യടിച്ച് ശ്രീകുമാരൻ തമ്പി - Sreekumaran Thampi facebook post - SREEKUMARAN THAMPI FACEBOOK POST

ആടുജീവിതം സിനിമയിലൂടെ പൃഥ്വിരാജിന് മികച്ച നടനുള്ള ഓസ്‌കർ അവാർഡ് ലഭിക്കട്ടെയെന്നും ശ്രീകുമാരൻ തമ്പിയുടെ ആശംസ

SREEKUMARAN THAMPI ON AADUJEEVITHAM  BLESSY PRITHVIRAJ MOVIE  AADUJEEVITHAM REVIEW  AADUJEEVITHAM COLLECTION
Sreekumaran Thampi

By ETV Bharat Kerala Team

Published : Apr 1, 2024, 5:40 PM IST

ബ്ലെസി - പൃഥ്വിരാജ് - ബെന്യാമിൻ കൂട്ടുകെട്ടിന്‍റെ സിനിമ 'ആടുജീവിതം' അടുത്തിടെയാണ് തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ തിയേറ്ററുകളിൽ എത്തിയ സിനിമയ്‌ക്ക് അത്യുജ്വല വരവേൽപ്പാണ് ചലച്ചിത്രാസ്വാദകർ നൽകിയതെന്ന് ആദ്യദിന കലക്ഷൻ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാണ്. നിരവധി പേരാണ് സിനിമയേയും അണിയറ പ്രവർത്തകരെയും അഭിനന്ദിച്ച് രംഗത്തെത്തുന്നത്.

കണ്ണും മനസും ഒരുപോലെ നിറയ്‌ക്കുന്നതാണ് ഈ സിനിമയെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ഇപ്പോഴിതാ 'ആടുജീവിതം' സിനിമയ്‌ക്ക് കയ്യടിച്ച് എത്തിയിരിക്കുകയാണ് സംവിധായകനും കവിയും എഴുത്തുകാരനുമായ ശ്രീകുമാരൻ തമ്പി. ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം 'ആടുജീവിതം' സിനിമയേയും സംവിധായകൻ ബ്ലെസിയേയും നടൻ പൃഥ്വിരാജിനെയും അഭിനന്ദിച്ചത്.

'ആടുജീവിത'ത്തിലൂടെ മലയാള സിനിമ ഓസ്‌കറിലെത്തുമെന്ന് ശ്രീകുമാരൻ തമ്പി കുറിച്ചു. ബ്ലെസിയുടെയും പൃഥ്വിരാജിന്‍റെയും ദീർഘകാല തപസ്യയുടെ ഫലമാണ് ഈ വിജയമെന്നും പൃഥ്വിരാജിന് മികച്ച നടനുള്ള ഓസ്‌കർ അവാർഡ് ഈ സിനിമ നേടിക്കൊടുക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

ശ്രീകുമാരൻ തമ്പിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:

'മലയാളസിനിമയ്‌ക്ക് മാത്രമല്ല ഇന്ത്യൻ സിനിമയ്‌ക്ക് തന്നെ അഭിമാനവും അന്തസ്സും നേടിത്തരുന്ന സിനിമയാണ് ബ്ലെസ്സിയുടെ 'ആടുജീവിതം'. ബെന്യാമിൻ എന്ന എഴുത്തുകാരന്‍റെ കഥാസ്വരൂപത്തെ എത്ര മനോഹരമായ രീതിയിലാണ് ബ്ലെസി സിനിമ എന്ന മാധ്യമത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഹാറ്റ്‌സ് ഓഫ് ടു ബ്ലെസ്സി.!! ഛായാഗ്രഹണം, എഡിറ്റിങ്, കലാസംവിധാനം, സംഗീതം ---എല്ലാം ഏറ്റവും മികച്ചത്. അന്തർദ്ദേശീയ അവാർഡുകൾ ഈ സിനിമ വാരിക്കൂട്ടുക തന്നെ ചെയ്യും.

ഓസ്‌കാർ അവാർഡിന് ഇതാ ഒരു മലയാളസിനിമ---എന്ന് ഞാൻ ശബ്‌ദമുയർത്തി പറയുന്നു. പൃഥ്വിരാജിന് മികച്ച നടനുള്ള ഓസ്‌കാർ അവാർഡ് ഈ സിനിമ നേടിക്കൊടുക്കട്ടെ---എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ബ്ലെസ്സിയുടെയും പൃഥീരാജിന്‍റെയും ദീർഘകാല തപസ്യയുടെ ഫലമാണ് ഈ വിജയം.

സുകുമാരനും മല്ലികയും ഒരുപോലെ ഭാവനാസമ്പന്നരാണ്. അവർ രണ്ടുപേരും എന്‍റെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 'ഏതോ ഒരു സ്വപ്‌നം', 'മാളിക പണിയുന്നവർ' എന്നീ സിനിമകളിൽ മല്ലിക സംവിധാനത്തിൽ എന്‍റെ സഹായിയുമായിരുന്നു.

കൈനിക്കര കുടുംബത്തിൽ ജനിച്ച അച്ഛനും എന്‍റെ നാടായ ഹരിപ്പാട്ട് കോട്ടക്കകത്തു വീട്ടിൽ ജനിച്ച അമ്മയും മല്ലികയ്‌ക്ക് നൽകിയ ജനിതകമൂല്യം ചെറുതല്ല. സുകുമാരനും ബുദ്ധിശക്തിയുടെയും ഭാവനയുടെയും കാര്യത്തിൽ ഒന്നാമൻ തന്നെയായിരുന്നു. രണ്ടു ബിദ്ധിജീവികളുടെ സംഗമത്തിൽ നിന്ന് പിറവിയെടുത്തവരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും.

പൃഥ്വിരാജിന് അന്തർദ്ദേശീയ അംഗീകാരം ലഭിച്ചാൽ ഏറ്റവുമധികം സന്തോഷിക്കുന്നതും അഭിമാനിക്കുന്നതും ഞാനായിരിക്കും. അതിനു കാരണമുണ്ട്. സുകുമാരനും മല്ലികയും തമ്മിലുള്ള വിവാഹത്തിന് മുൻകൈയെടുത്തത് ഞാനാണ്. വിവാഹം രജിസ്റ്റർ ചെയ്‌ത സമയത്ത് സാക്ഷിയായി ഒപ്പിട്ട ആദ്യത്തെ വ്യക്തിയും ഞാൻ തന്നെ.

ബെന്യാമിനും ബ്ലെസ്സിക്കും പൃഥ്വിരാജിനും ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ നിർമ്മാതാവിനും എന്‍റെ അഭിനന്ദനം'.

ABOUT THE AUTHOR

...view details