ലോസ് ആഞ്ചലസ് (യുഎസ്): 'സ്‌ക്വിഡ് ഗെയിം' എന്ന നെറ്റ്‌ഫ്ലിക്‌സ് സീരീസിലൂടെ പ്രശസ്‌തനായ നടൻ ഒ യോങ്-സുവിനെതിരെ ലൈംഗികാതിക്രമ കേസിൽ നടപടി. നിഷേധിച്ചിട്ടും സ്‌ത്രീയെ ബലമായി കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്‌തുവെന്ന കേസിലാണ് ദക്ഷിണ കൊറിയൻ നടൻ ശിക്ഷിക്കപ്പെട്ടത്. ഒയെ എട്ട് മാസം വരെ തടവിന് ശിക്ഷിക്കുകയും രണ്ട് വർഷത്തേക്ക് അഭിനയത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്‌തു.
ലൈംഗിക അതിക്രമത്തിനുള്ള ചികിത്സ പരിപാടിയില്‍ 40 മണിക്കൂര്‍ ഹാജരാകാനും നിർദേശമുണ്ട്. സുവോൺ ജില്ല കോടതിയുടെ സിയോങ്നാം ബ്രാഞ്ചിന്‍റേതാണ് നടപടി. 2017ലാണ് 79കാരനായ നടനെതിരെ ലൈംഗികാരോപണം ഉയർന്നത്. തുടർന്ന് 2022ൽ ഇയാൾക്കെതിരെ കേസെടുത്തു. എന്നാൽ അന്ന് തന്നെ ഒ യോങ്-സു കുറ്റം നിഷേധിച്ചിരുന്നു.